- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്കുകളില്‍ ഫോട്ടോയും വീഡിയോയും എടുക്കുന്നത് വിലക്കി ഉത്തരവ് ഇട്ടിട്ടില്ലെന്ന് റിസര്‍വ്വ് ബാങ്ക്; ഇനി ബാങ്കിലെ സത്യം തെളിയിക്കാന്‍ ദൃശ്യമെടുക്കാം
തിരുവനന്തപുരം: എസ്ബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകളിലുള്‍പ്പടെ ഉപഭോക്താക്കള്‍ ഫോട്ടോയോ, വീഡിയോയോ എടുക്കുന്നത് വിലക്കി തങ്ങള്‍ യാതൊരുവിധത്തിലുമുള്ള ഉത്തരവോ, മാര്‍ഗ്ഗരേഖയോ പുറപ്പെടുവിച്ചിട്ടില്ലെന്ന് വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് റിസര്‍വ്വ് ബാങ്കിന്റെ മറുപടി. തൃശൂര്‍ ജില്ലയിലെ ദേശമംഗലം സ്വദേശിയും, വിവരാവകാശ പ്രവര്‍ത്തകനുമായ അനൂപ് സിബി വിവരാവകാശപ്രകാരം ഉന്നയിച്ച ചോദ്യത്തിനാണ് റിസര്‍വ്വ് ബാങ്ക് ഈ മറുപടി നല്‍കിയിരിക്കുന്നത്. എസ്ബിഐ അടക്കമുള്ള പൊതുമേഖല ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ ഉപഭോക്താക്കള്‍ ഫോട്ടോയും, വീഡിയോയും എടുക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു എന്നും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശിക്ഷാര്‍ഹമാണ് എന്നുമുള്ള അറിയിപ്പ് ബോര്‍ഡ് വ്യാപകമായി […]

തിരുവനന്തപുരം: എസ്ബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകളിലുള്‍പ്പടെ ഉപഭോക്താക്കള്‍ ഫോട്ടോയോ, വീഡിയോയോ എടുക്കുന്നത് വിലക്കി തങ്ങള്‍ യാതൊരുവിധത്തിലുമുള്ള ഉത്തരവോ, മാര്‍ഗ്ഗരേഖയോ പുറപ്പെടുവിച്ചിട്ടില്ലെന്ന് വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് റിസര്‍വ്വ് ബാങ്കിന്റെ മറുപടി. തൃശൂര്‍ ജില്ലയിലെ ദേശമംഗലം സ്വദേശിയും, വിവരാവകാശ പ്രവര്‍ത്തകനുമായ അനൂപ് സിബി വിവരാവകാശപ്രകാരം ഉന്നയിച്ച ചോദ്യത്തിനാണ് റിസര്‍വ്വ് ബാങ്ക് ഈ മറുപടി നല്‍കിയിരിക്കുന്നത്.
എസ്ബിഐ അടക്കമുള്ള പൊതുമേഖല ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ ഉപഭോക്താക്കള്‍ ഫോട്ടോയും, വീഡിയോയും എടുക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു എന്നും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശിക്ഷാര്‍ഹമാണ് എന്നുമുള്ള അറിയിപ്പ് ബോര്‍ഡ് വ്യാപകമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങള്‍ റിസര്‍വ്വ് ബാങ്കിന് വിവരാവകാശപ്രകാരമുള്ള അപേക്ഷയായി സമര്‍പ്പിക്കപ്പെട്ടത്. യാതൊരു നിഷ്‌ക്കര്‍ഷയും ഇക്കാര്യത്തില്‍ തങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന റിസര്‍വ്വ് ബാങ്കിന്റെ മറുപടിയുടെ പശ്ചാത്തലത്തില്‍ ഇത്തരം അറിയിപ്പ് ബോര്‍ഡുകള്‍ ബാങ്കുകള്‍ സ്വന്തം നിലക്ക് സ്ഥാപിക്കുന്നതാണെന്നും, ഈ മുന്നറിയിപ്പ് നിയമപ്രകാരമുള്ളവയല്ലെന്നും വ്യക്തമായിരിക്കുകയാണ്.
മുന്‍പ് പലപ്പോഴും എസ്ബിഐ ബാങ്ക് ജീവനക്കാരും, ഉപഭോക്താക്കളും തമ്മിലുള്ള തര്‍ക്കത്തിന്റെ ചില വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതില്‍ ചില വീഡിയോകളില്‍ തങ്ങളുടെ ബാങ്കില്‍ ഫോട്ടോയും, വീഡിയോയും എടുക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട് എന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ നിയമനടപടി എടുക്കുമെന്നും തര്‍ക്കത്തിനിടെ ജീവനക്കാര്‍ ഉപഭോക്താക്കളോട് പറയുന്നത് കേള്‍ക്കാം.
ഇതിനെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ നടന്ന ചര്‍ച്ചകളിലും ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്ക് നിയമപരിരക്ഷയുണ്ട് എന്നും, റിസര്‍വ്വ് ബാങ്ക് ഉത്തരവ് അടക്കമുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ ഉണ്ടെന്നുമുള്ള വിധത്തില്‍ ചില തെറ്റായ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇത് ബാങ്ക് ജീവനക്കാരില്‍ നിന്നും മോശമായ പെരുമാറ്റം ഉണ്ടായാല്‍ പോലും തെളിവുകള്‍ക്കായി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിച്ചിരുന്നു. ഇപ്പോള്‍ ലഭിച്ച വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന്റെ മറുപടിയോടെ ഉപഭോക്താക്കളുടെ ഏറെ നാളായി ഇക്കാര്യത്തിലുള്ള സംശയത്തിന് ദുരീകരണമായിരിക്കുകയാണ്.

ഇക്കൊല്ലം മെയ് 31ന് രാജസ്ഥാനിലെ ലളിത് സോളങ്കി എന്ന ഉപഭോക്താവ് താന്‍ എസ്ബിഐ ബാങ്കിന്റെ ബ്രാഞ്ചില്‍ എത്തിയപ്പോള്‍ ജീവനക്കാരെല്ലാം ഒന്നടങ്കം ലഞ്ച് കഴിക്കാന്‍ പോയിരിക്കുകയാണ് എന്ന് കാണിച്ചു ബാങ്കിലെ ജീവനക്കാരുടെ ഒഴിഞ്ഞ സീറ്റുകളുടെ ചിത്രം എക്സില്‍ (ട്വിറ്റര്‍) പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റ് വൈറലായതോടെ പ്രതികരണവുമായി എസ്ബിഐ അധികൃതര്‍ രംഗത്തെത്തി.
'നിങ്ങള്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാല്‍ ബ്രാഞ്ച് പരിസരത്ത് ഫോട്ടോഗ്രാഫി / വീഡിയോഗ്രഫി നിരോധിച്ചിരിക്കുന്നു എന്നത് ശ്രദ്ധിക്കുക. ഇവ ദുരുപയോഗം ചെയ്താല്‍ നിങ്ങള്‍ ഉത്തരവാദിയായേക്കാം. അതിനാല്‍, സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്ന് ഇവ നീക്കം ചെയ്യാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.' എന്നായിരുന്നു എസ്ബിഐ അധികൃതരുടെ മറുപടി. ഈ പ്രതികരണം വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ബാങ്ക് ബ്രാഞ്ചുകളില്‍ ഫോട്ടോഗ്രാഫിയും, വീഡിയോഗ്രാഫിയും കര്‍ശനമായി നിരോധിച്ചിരിക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് നിങ്ങള്‍ അറിയിപ്പ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത് ഏത് നിയമ വ്യവസ്ഥ പ്രകാരമാണ് എന്ന വിവരാവകാശ ചോദ്യവുമായി എസ്. രാമലിംഗം എന്നൊരു വ്യക്തി 2018ല്‍ സെക്കന്തരാബാദിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ എസ്ബിഐക്ക് കഴിയാതിരുന്നതോടെ രാമലിംഗം കോടതിയെ സമീപിച്ചു. (S. Ramlingam vs State Bank Of India on 18 November, 2021) ഒടുവില്‍ സുരക്ഷാകാരണങ്ങളാലാണ് ഇത്തരത്തില്‍ ബോര്‍ഡ് വെച്ചിരിക്കുന്നത് എന്ന് ഒഴുക്കന്‍ മട്ടിലുള്ള മറുപടി നല്‍കി തടിയൂരുകയാണ് എസ്ബിഐ ചെയ്തത്. എന്തായാലും ഇപ്പോള്‍ വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് റിസര്‍വ്വ് ബാങ്ക് തന്നെ നല്‍കിയ മറുപടി ഈ വിഷയത്തില്‍ ഉയര്‍ന്ന നിരവധി സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ്.


