ലണ്ടന്‍: പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് മനെറ്റ് ബെയ്ലി എന്ന മുതുമുത്തശ്ശി തന്റെ നൂറ്റിരണ്ടാം ജന്മദിനം ആഘോഷിച്ചത് സകൈ ഡൈവിംഗ് നടത്തിക്കൊണ്ടായിരുന്നു. പറന്നുയര്‍ന്ന വിമാനത്തില്‍ നിന്നും ഡൈവിംഗ് നടത്തിയ മുത്തശ്ശി ഇപ്പോള്‍ ബ്രിട്ടനിലെ സ്‌കൈ ഡൈവിംഗ് നടത്തുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയായി മാറിയിരിക്കുകയാണ്. 'വാതില്‍ തുറന്നപ്പോള്‍, ചാടുകയല്ലാതെ മറ്റൊന്നും ചെയ്യാനോ പറയാനോ ഉണ്ടായിരുന്നില്ല' എന്നായിരുന്നു സ്‌കൈ ഡൈവിംഗ് അനുഭവത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ഈ മുത്തശ്ശി പറഞ്ഞത്.

തന്റെ കാലുകള്‍ ശൂന്യതയിലേക്ക് നീളുന്നതായി തോന്നി. ചുറ്റും മങ്ങലായിരുന്നു, താന്‍ കണ്ണുകള്‍ മുറുക്കി അടച്ചു, മനറ്റ് ബെയ്ലി തുടരുന്നു. വളരെ വേഗത്തിലുള്ള ഒരു യാത്രയായാണ് അനുഭവപ്പെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവരുടെ നിശ്ചയദാര്‍ഢ്യത്തിനും, ധൈര്യത്തിനും മുന്‍പില്‍ അവരുടെ സംഘത്തിലുള്ള പലരും ആദരവ് പ്രകടിപ്പിച്ചു. ചിലര്‍ വികാരാധീനരായാണ് പ്രതികരിച്ചത്. നിറകണ്ണുകളോടെയാണ് താന്‍ ആ കാഴ്ച കണ്ടതെന്ന് ദീര്‍ഘകാലമായി പാരഷൂട്ട് ക്യാമറമാനായി പ്രവര്‍ത്തിക്കുന്ന നിക്ക് ഹെറിഡ്ജ് പറഞ്ഞു.

ഏവര്‍ക്കും പ്രചോദനമാകുന്ന വ്യക്തിത്വമാണ് അവരുടേതെന്ന് ഐസ്സി റോബിന്‍സണ്‍ പറഞ്ഞു. ഇനി നൂറ്റിമൂന്നാ പിറന്നാള്‍ അവര്‍ എങ്ങിനെയായിരിക്കും ആഘോഷിക്കുക എന്ന് കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഐസ്സി റോബിന്‍സണ്‍ പറഞ്ഞു. കഴിഞ്ഞ 60 വര്‍ഷക്കാലമായി മനെറ്റ് ബെയ്ലി താമസിക്കുന്ന സഫോക്കില്‍ നിന്നും നിരവധി പേര്‍ അവര്‍ക്ക് ആവേശം പകരാനായി അവര്‍ വന്നിറങ്ങിയ എയര്‍ഫീല്‍ഡില്‍ എത്തിയിരുന്നു.

എന്നും സാഹസികതയെ പ്രണയിച്ച ഈ 102 കാരിക്ക് ഇത്തരം സാഹസിക പ്രവൃത്തികള്‍ പുത്തരിയൊന്നുമല്ല. ഇവര്‍ തന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത് സില്‍വര്‍‌സ്റ്റോണില്‍ മണിക്കൂറില്‍ 130 മൈല്‍ വേഗത്തില്‍ ഫെറാാരി റേസിംഗ് കാര്‍ ഓടിച്ചായിരുന്നു. ബെക്കിള്‍സ് എയര്‍ഫീല്‍ഡില്‍ നിന്നും പറന്നുയര്‍ന്ന് ഈസ്റ്റ് ആംഗ്ക്ലിയയുടെ ആകാശത്തുകൂടി പറന്ന വിമാനം മൂന്ന് സുപ്രധാന ചാരിറ്റികള്‍ക്കായാണ് ധന സമാഹരണം നടത്തിയത്.

ഈസ്റ്റ് ആംഗ്ലിയന്‍ എയര്‍ ആംബുലന്‍സ്, മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് അസ്സോസിയേഷന്‍, ബെന്‍ഹാല്‍ വില്ലേജ് ഹോള്‍ എന്നിവയായിരുന്നു ആ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍. 30,000 പൗണ്ടാണ് തന്റെ ഈ സാഹസികതയിലൂടെ സമാഹരിക്കാന്‍ ഇവര്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഇതുവരെ 9000 പൗണ്ട് ശേഖരിക്കാന്‍ ആയെന്ന് ഡെയ്ലി എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ ഇവര്‍ വിമന്‍സ് റോയല്‍ നേവല്‍ സര്‍വ്വീസിനു വേണ്ടി ഈജിപ്തില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നേരത്തെ ഒരു പാരാട്രൂപ്പറെ വിവാഹം കഴിച്ചിരുന്നെങ്കിലും താന്‍ ഇതാദ്യമായിട്ടാണ് സ്‌കൈ ഡൈവിംഗ് നടത്തുന്നതെന്ന് അവര്‍ പറഞ്ഞു.

ഏതൊരു പ്രായത്തിലും അടിപോളി ജീവിതം നയിക്കാമെന്നാണ് ഇവര്‍ ഇപ്പോള്‍ ഇതിലൂടെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.എപ്പോഴും ആള്‍ക്കൂട്ടത്തിനിടയില്‍ ജീവിക്കുക എന്ന തന്റെ ശൈലിയാണ് തന്നെ ഇപ്പോഴും സജീവമാക്കി നിര്‍ത്തുന്നത് എന്ന് അവര്‍ പറയുന്നു. എല്ലാത്തിലും താത്പര്യം കാണിക്കുക, തിരക്കുള്ള ജീവിതം നയിക്കുക, ചുറ്റുമുള്ളവരോട് കരുണയുണ്ടായിരിക്കുക, ഇടക്കൊക്കെ ആഘോഷങ്ങളിലും പങ്കെടുക്കുക, ഇതാണ് തന്റെ ആരോഗ്യത്തിന്റെയും ചുറുചുറുക്കിന്റെയും രഹസ്യമെന്നും അവര്‍ പറയുന്നു.