ഇടുക്കി: മദ്യക്കുപ്പികളുടെയും മദ്യം വിളമ്പുന്നതിന്റെയും ചിത്രങ്ങള്‍ വാട്സാപ്പ് സ്റ്റാറ്റസാക്കിയിട്ട ആരോഗ്യവകുപ്പ് ജീവനക്കാരനെതിരേ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശിപാര്‍ശ.

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നഴ്സിങ് അസിസ്റ്റന്റ് തസ്തികയില്‍ ജോലി ചെയ്യുന്ന ഷിബു തങ്കപ്പനെതിരെയാണ് നടപടിക്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്. പി.എച്ച്. അസീസ് എന്നയാള്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റീജിയണല്‍ വിജിലന്‍സ് ഓഫീസര്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തി ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഷിബുവിനെതിരേ രൂക്ഷമായ ആരോപണങ്ങളാണ് പരാതിക്കാരന്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ അതൊന്നും അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, മദ്യംവിളമ്പുന്നതിന്റെയും മദ്യക്കുപ്പികളുടെയും ഫോട്ടോ വാട്സാപ്പ് സ്റ്റാറ്റസാക്കി ഇട്ടിരുന്നതായും അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും ഷിബു വിജിലന്‍സ് ഓഫീസര്‍ക്ക് മൊഴി നല്‍കിയിരുന്നു.

എന്നാല്‍, ഷിബുവിന്റെ നടപടി ഔദ്യോഗിക സ്വഭാവദൂഷ്യവും സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് വിജിലന്‍സ് ഓഫീസര്‍ പറയുന്നു.അറിവില്ലായ്മ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമല്ല. ഈ സാഹചര്യത്തിലാണ് ഷിബുവിനെതിരേ കടുത്ത ശിക്ഷാനടപടികള്‍ക്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്.