സൗത്ത്‌പോര്‍ട്ട്: സൗത്ത്‌പോര്‍ട്ടിലെ മൂന്ന് വിദ്യാര്‍ത്ഥിനികളുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രചരിച്ച വ്യാജവാര്‍ത്തമൂലമുണ്ടായ കലാപത്തില്‍ പങ്കെടുത്ത 13 കാരി കുറ്റക്കാരിയെന്ന് കോടതി. വിധി അറിഞ്ഞതോടെ അമ്മയുടെ തോളില്‍ മുഖമമര്‍ത്തി പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടി. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ നിയമപരമായി പേര് വെളിപ്പെടുത്താന്‍ കഴിയാത്ത പെണ്‍കുട്ടി, കാലാപ നാളുകളില്‍ ഹാംപ്ഷയര്‍ ആള്‍ഡെര്‍ഷോട്ടിലെ പോട്ടേഴ്സ് ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ വാതിലില്‍ ശക്തിയായി ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്ന സി സി ടി വി ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

തന്റെ അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമായിരുന്നു പെണ്‍കുട്ടി കോടതിയില്‍ ഹാജരായത്. 18 വയസ്സ് കഴിഞ്ഞിരുന്നു എങ്കില്‍, ദീര്‍ഘകാലത്തെ തടവ് ശിക്ഷ ലഭിക്കുമായിരുന്ന കുറ്റമാണ് ചെയ്തതെന്ന് കോടതി പെണ്‍കുട്ടിയെ ഓര്‍മ്മിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍, ഗുരുതരവും വൃത്തികെട്ടതുമായ ആക്രമണത്തിന് റെഫറല്‍ ഓര്‍ഡര്‍ നല്‍കുകയായിരുന്നു ബേസിംഗ്‌സ്റ്റോക്ക് മജിസ്‌ട്രേറ്റ് കോടതിയിലെ യൂത്ത് കോര്‍ട്ട്.

തന്റെ പേരും വിലാസവും സ്ഥിരീകരിക്കാനായി മാത്രം സംസാരിച്ച പെണ്‍കുട്ടി പിന്നീട് ജഡ്ജിയുടെ ചോദ്യത്തിന് ഉത്തരമായി, തന്റെ പ്രവൃത്തിമൂലം അഭയാര്‍ത്ഥികള്‍ ഭയന്നിട്ടുണ്ടാകുമെന്ന് സമ്മതിച്ചു. ഇക്കഴിഞ്ഞ ജൂലായ് 31ന് ആയിരുന്നു അഭയാര്‍ത്ഥികളെ താമസിപ്പിച്ച ഹോട്ടലില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. ഹോട്ടല്‍ മാനേജര്‍ ആയിരുന്നു സംഭവം പോലീസില്‍ അറിയിച്ചത്. ഏതാനും പേര്‍ മാത്രമായിരുന്നു ആദ്യം ഹോട്ടല്‍ മുറ്റത്ത് ഒത്തു കൂടിയതെങ്കില്‍ പിന്നീട് അത് ഇരുന്നൂറോളം പേരുടെ ഒരു സംഘമായി വളരുകയായിരുന്നു എന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ ബോധിപ്പിച്ചു.

അവിടെ കൂടിയിരുന്നവരില്‍ ഭൂരിഭാഗം പേരും സമാധാനപരമായി പ്രതിഷേധിക്കാന്‍ എത്തിയവരായിരുന്നു. എന്നാല്‍, ചില ബലമായി ഹോട്ടലിന്റെ കാര്‍ പാര്‍ക്ക് ഏരിയയിലേക്ക് കടക്കുകയായിരുന്നു. അതിലൂടെ ഹോട്ടലിന്റെ ഉള്ളില്‍ കയറിപ്പറ്റിയ ഇവര്‍, വാതിലില്‍ അടിച്ചും ചവിട്ടിയും ഹോട്ടലിലെ താമസക്കാരായ അഭയാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതില്‍ മറ്റ് ഏഴുപേര്‍ കുറ്റക്കാരാണെന്ന് വിന്‍ചെസ്റ്റര്‍ ക്രൗണ്‍ കോടതി കണ്ടെത്തിയിരുന്നു.