ലണ്ടന്‍: 'നിങ്ങള്‍ക്കതിനെ അമിതാവേശമെന്നോ, വ്യാമോഹമെന്നോ അതല്ലങ്കില്‍ തിരിച്ചറിവ് മരവിച്ചുപോയ അവസ്ഥയെന്നോ വിളിക്കാം. പക്ഷെ 2022 ജൂണില്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തുടരുമോ എന്ന് നിങ്ങള്‍ ചോദിച്ചിരുന്നെങ്കില്‍, ഞാന്‍ പറയുമായിരുന്നു, അടുത്ത തെരഞ്ഞടുപ്പിലും പാര്‍ട്ടിയെ നയിക്കും എന്ന് മാത്രമല്ല വിജയിക്കുകയും ചെയ്യും എന്ന്' ബോറിസ് ജോണ്‍സന്റെ ഓര്‍മ്മക്കുറിപ്പുകളിലെ വാചകങ്ങളാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തെ വിലയിരുത്തുന്ന ഈ ഭാഗത്ത് താനും ഋഷിയുമായുള്ള ബന്ധത്തെ കുറിച്ചും ബോറിസ് ജോണ്‍സണ്‍ പരാമര്‍ശിക്കുന്നുണ്ട്.


തന്റെ ഭരണകാലത്ത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി താരതമ്യേന സുരക്ഷിതമായ അവസ്ഥയിലായിരുന്നു. മാധ്യമ പ്രചാരണങ്ങള്‍ എതിരായിട്ട് ഉണ്ടായിട്ടു പോലും, ലേബര്‍ പാര്‍ട്ടിക്ക് ഏതാനും പോയിന്റുകള്‍ക്ക് മാത്രമായിരുന്നു പിന്നിലായിരുന്നത്. മാത്രമല്ല, 2024 ലെ തെരഞ്ഞെടുപ്പില്‍ കണ്‍സൃവേറ്റീവ് പാര്‍ട്ടിക്ക് ഏറെ ദോഷം ചെയ്ത റിഫോം പാര്‍ട്ടി അന്ന് വെറും വട്ടപ്പൂജ്യമായിരുന്നെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ജയിച്ച് അധികാരത്തിലേറിയ തന്റെ സര്‍ക്കാര്‍ 2019 ലെ മാനിഫെസ്റ്റോയിലെ വാഗ്ദാങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കാന്‍ തുടങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

20,000 പുതിയ പോലീസുകാരെ നിയമിക്കും എന്ന് പറഞ്ഞത് അനുസരിച്ച് 13,500 പോലീസുകാരെ വരെ ആ കാലയളവില്‍ നിയമിച്ചിരുന്നു. 1500 ഓളം മയക്കുമരുന്ന് സംഘങ്ങളെ തുരത്തി. കുറ്റകൃത്യങ്ങളുടെ നിരക്ക് 31 ശതമാനത്തോളം കുറച്ചു. വിക്ടോറിയന്‍ കാലഘട്ടത്തിന് ശേഷമുണ്ടായ ഏറ്റവും വ്യാപകമായ അടിസ്ഥാന സൗകര്യ വികസനം തന്റെ കാലയളവിലാണ് ഉണ്ടായതെന്നും ബോറിസ് ഓര്‍മ്മിപ്പിച്ചു. ഏറ്റവും വേഗത്തില്‍ കോവിഡ് വാക്സിന്‍ ജനങ്ങളിലെത്തിക്കാനും കഴിഞ്ഞു.

എന്നാല്‍, തനിക്ക് ചുറ്റും ശത്രുക്കള്‍ ഉണ്ടെന്ന കാര്യവും താന്‍ മനസ്സിലാക്കിയിരുന്നു എന്ന് ബോറിസ് ജോണ്‍സണ്‍ പറയുന്നു. പല സഹപ്രവര്‍ത്തകരും താന്‍ അടുത്ത് ചെല്ലുമ്പോള്‍ അതുവരെയുള്ള സംഭാഷണം പെട്ടെന്ന് നിര്‍ത്തുമായിരുന്നു. ഒരു വിമത നീക്കം ഉണ്ടായാല്‍ ഋഷി സുനകിനെ നേതൃ സ്ഥാനത്ത് നിര്‍ത്താന്‍ ചിലര്‍ ആലോചിക്കുന്നതായുള്ള കിംവദന്തിയും കേട്ടിരുന്നു. ടോറികളെ ഏറെയൊന്നും പിന്തുണച്ചിട്ടില്ലാത്ത ഒരു മണ്ഡലത്തില്‍ നിന്നാണ് അന്ന് ഋഷി സുനക് ജയിച്ചു വന്നത്.

ഋഷിയെ തനിക്ക് ഏറെ ഇഷ്ടമായിരുന്നു, ഒരു സുഹൃത്തായായിരുന്നു കണ്ടിരുന്നത്. എന്നാല്‍, പ്രധാനമന്ത്രി പദം ആവശ്യപ്പെടുന്ന ഭാരിച്ച ജോലികളുമായി ഒത്തുപോകാന്‍ ഋഷിക്ക് കഴിയുമെന്ന് താന്‍ വിശ്വസിച്ചിരുന്നില്ല. ഋഷിയുടെ രാഷ്ട്രീയ ഭാവിയെ പറ്റി തങ്ങള്‍ ഇരുവരും ഏറെ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അപ്പോഴൊക്കെ ഋഷി തനിക്ക് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നുവെന്നും ബോറിസ് ജോണ്‍സണ്‍ പറയുന്നു. എന്നാല്‍, രാഷ്ട്രീയത്തില്‍ ഒന്നും സുസ്ഥിരമല്ല, കുരയ്ക്കുന്ന നായ നയിക്കുന്ന ഒരുപറ്റം പശുക്കളെ പോലെ തന്റെ ചില സഹപ്രവര്‍ത്തകര്‍, ചുരുങ്ങിയത് 15 ശതമാനം പേര്‍ എവിടേക്കോ നയിക്കപ്പെട്ടു.

ഹെല്‍ത്ത് സെക്രട്ടറി ആയിരുന്ന സാജിദ് ജാവിദ് രാജി വെച്ചപ്പോള്‍ ചെറിയ സങ്കടം തോന്നിയിരുന്നു. എന്‍ എച്ച് എസ്സിലെ പരിഷ്‌കാരങ്ങള്‍ വേണ്ട രീതിയില്‍ നടത്താനും വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുമൊക്കെയായി ഏറെ കഷ്ടപ്പെടുകയായിരുന്നു ജാവിദ്. എന്നാല്‍, അതേ ദിവസം വൈകിട്ട് ഋഷി സുനക് രാജി വെച്ചപ്പോഴാണ് താന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയതെന്ന് ബോറിസ് ജോണ്‍സണ്‍ എഴുതുന്നു. പാര്‍ട്ടിയോടും ഋഷിയോട് തന്നെയും ചെയ്ത വലിയ തെറ്റായിരുന്നു ആ രാജി. രാജിക്കത്ത് വായിക്കുമ്പോള്‍ തന്റെ ഓര്‍മ്മയിലെക്ക് വന്നത് ജൂലിയസ് സീസറിന്റെ വാക്കുകളായിരുന്നു എന്നും ജോണ്‍സണ്‍ പറയുന്നു. സീസറിന് ശത്രുക്കളില്‍ നിന്ന് 23 വെട്ടുകളായിരുന്നു കിട്ടിയതെങ്കില്‍ തനിക്ക് ലഭിച്ചത് 62 ആയിരുന്നു എന്നും അദ്ദേഹം പറയുന്നു.

വര്‍ത്തമാനകാല ഭൗമ രാഷ്ട്രീയത്തിലെ പ്രധാന സംഭവ വികാസങ്ങളെല്ലാം തന്നെ ഈ ഓര്‍മ്മക്കുറിപ്പില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ ഇത് ഭാവിയില്‍ ഒരു റെഫറന്‍സ് ഗ്രന്ഥമായി മാറിയേക്കും എന്നാണ് ചില നിരൂപകര്‍ വിലയിരുത്തുന്നത്.