ലണ്ടന്‍: സത്യമറിയുന്നതിന് മുന്‍പേ ഇരവാദം ഉയര്‍ത്തി പ്രതിഷേധങ്ങള്‍ക്കിറങ്ങുന്ന കാഴ്ച ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അത്തരത്തില്‍ ഒന്നായിരുന്നു ക്രിസ് കാബ എന്ന കറുത്തവര്‍ഗ്ഗക്കാരനെ വെടിവെച്ചു കൊന്ന പോലീസ് അക്രമത്തിന് നേരെ ഉയര്‍ന്ന കലാപം. മാഡിക്‌സ്, മാഡി ഇച്ച് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഒരു റാപ്പ് ഗായകനായിരുന്ന കാബയ്ക്ക് അധികം പുറത്തറിയാത്ത മറ്റൊരു വ്യക്തിത്വം കൂടിയുണ്ടായിരുന്നെന്ന് മനസ്സിലാക്കുവാന്‍ അയാളുടെ മരണത്തിനിടയാക്കിയ പോലീസ് ഉദ്യോഗസ്ഥനെ വെറുതെ വിട്ട കോടതി നടപടി ആവശ്യമായി വന്നു.

ബ്രിട്ടനില്‍ ഏറെ ആരാധകര്‍ ഉണ്ടായിരുന്ന ഡ്രില്‍- റാപ് സംഗീത സംഘമായ ഗാംഗ് 67 ല്‍ അംഗമായിരുന്ന ഇയാള്‍ കൊടും ക്രിമിനില്‍ ആണെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന തെളിവുകള്‍ അടിവരയിട്ട് പറയുന്നത്. 2022 ആഗസ്റ്റ് 30 ന് അയാള്‍, കിഴക്കന്‍ ലണ്ടനിലെ ഹാക്ക്‌നിയിലുള്ള ഓവല്‍ സ്‌പേസ് നൈറ്റ്ക്ലബ്ബില്‍ വെച്ച് മറ്റൊരാളുടെ രണ്ടു കാലുകള്‍ക്കും നേരെ വെടിയുതിര്‍ത്തു. ഇയാള്‍ ക്ലബ്ബില്‍ വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിരുന്നു. കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ ഈ കേസില്‍ പ്രതിയാകുമായിരുന്ന വ്യക്തിയായിരുന്നു കാബ.

സെപ്റ്റംബര്‍ 5 ലെ സംഭവങ്ങള്‍

സായുധ സേനയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്ന് ഒരു സാധാരണ ദിവസം മാത്രമായിരുന്നു. അന്നത്തെ കുറ്റകൃത്യങ്ങളുടെ പട്ടികയിലൂടെ കടന്നു പോവുകയായിരുന്ന അവര്‍ തലേന്ന് രാത്രി തെക്കന്‍ ലണ്ടനിലെ ബ്രിക്സ്റ്റണില്‍ ഒരു സ്‌കൂളിന് പുറത്ത് നടന്ന വെടിവെയ്പ്പിനെ കുറിച്ചും അറിയുന്നു. വെടിവെയ്പ്പിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ടത് ഒരു ഓഡി ക്യു 8 കാറിലായിരുന്നു എന്ന് മുഖം മൂടി ധരിച്ച നാല് അക്രമികളെ കണ്ട ദൃക്സാക്ഷിയായ ഒരു സ്ത്രീ വെളിപ്പെടുത്തിയിരുന്നു. മറ്റൊരു ദൃക്സാക്ഷി ഈ ഓഡി കാറിന്റെ നമ്പര്‍ എഴുതിയെടുത്ത് പോലീസിന് കൈമാറിയിരുന്നു.

സാധാരണയുള്ള പരോളിനിടയില്‍ ഓഡി ക്യു 8 ദൃഷ്ടിയില്‍ പെട്ട സായുധ സേനാംഗങ്ങള്‍ അതിനെ പിന്തുടര്‍ന്നു. ഡെന്മാര്‍ക്ക് ഹില്ലില്‍ നിന്നായിരുന്നു അവര്‍ കാറിനെ പിന്തുടരാന്‍ ആരംഭിച്ചത്. ആ സമയം കാറിലിരിക്കുന്ന വ്യക്തി ആരെന്ന് പോലീസുകാര്‍ക്ക് അറിയില്ലായിരുന്നു. അധികം വൈകാതെ മുന്നില്‍ നിന്നും പിന്നില്‍ നിന്നുമൊക്കെ പോലീസ് വാഹനങ്ങള്‍ ഇട്ട് ഓഡി കാറിനെ അനങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാക്കി. എന്നാല്‍, കാറിലിരുന്ന വ്യക്തി രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ അക്രമാസക്തനായി. തന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളെ അയാള്‍ കൊല്ലുമെന്ന സംശയത്തിലാണ് അയാളുടെ തലയ്ക്ക് തന്നെ വെടിവെച്ചത് എന്നായിരുന്നു, ഇയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന പോലീസ് ഉദ്യോഗസ്ഥന്‍ സെര്‍ജന്റ് ബ്ലേക്ക് കോടതിയില്‍ പറഞ്ഞത്.

വെടിവെയ്പ്പ് കേസില്‍ ചാര്‍ജ്ജ് ചെയ്യപ്പെടുന്നതിന് മുന്‍പ് കാബ കൊല്ലപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ അത് ഒരു നിരപരാധിയുടെ മരണമായി അന്ന് വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞതോടെ സംഭവം വംശീയ വെറിയായി വരെ വ്യാഖ്യാനിക്കപ്പെട്ടു. ക്രിസ് കബയുടെ ഭാര്യ ആ സമയം ഗര്‍ഭിണിയായിരുന്നു എന്നത് വാര്‍ത്തകള്‍ക്ക് ഏറെ വൈകാരികാംശം നല്‍കുകയും ചെയ്തപ്പോള്‍, ഇയാളെ വെടിവെച്ച പോലീസ് ഉദ്യോഗസ്ഥന്‍ മാര്‍ട്ടിന്‍ ബ്ലേക്ക് അതിക്രൂരനും വംശീയ വെറിയനുമായി മാറി. ഇയാള്‍ക്കെതിരെ കേസും ചാര്‍ജ്ജ് ചെയ്യപ്പെട്ടു.

ഗാംഗ് 67, ക്രിസ് കാബ എന്ന ക്രിമിനലും

ഏറെ കുപ്രസിദ്ധിയാര്‍ജ്ജിച്ച സംഘം കൂടിയാണ് 67. പ്രശസ്ത ഡി ജെ ടിം വെസ്റ്റ് വുഡിനെ പോലെയുള്ളവര്‍ നയിച്ച ഈ സംഘം വെടിവയ്പ് കേസുകളുമായും കത്തിക്കുത്ത് കൊലപാതക കേസുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിയപ്പെടാന്‍ തുടങ്ങി. ബ്ലാക്ക്‌മെയില്‍, പണം തട്ടിയെടുക്കല്‍, മയക്കുമരുന്ന് ശൃംഖലയുടെ നടത്തിപ്പ് തുടങ്ങി നിരവധി ആരോപണങ്ങളും ഇവര്‍ക്കെതിരെ ഉയര്‍ന്നു വന്നു. കാബയുടെ അക്രമാസക്തന്മായ ക്രിമിനല്‍ പശ്ചാത്തലം ആരംഭിക്കുന്നത് അയാള്‍ക്ക് 13 വയസ്സുള്ളപ്പോള്‍ ആണ്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയുമായി ഒരു തെരുവ് സംഘര്‍ഷത്തിനിറങ്ങിയാണ് അയാള്‍ ക്രിമിനല്‍ ലോകത്തിലേക്ക് പിച്ചവ്യ്ക്കുന്നത്.

കാലം കഴിയുന്തോറും ഇയാല്‍ കത്തിയില്‍ നിന്നും തോക്കിലേക്കായിരുന്നു വളര്‍ന്നത്. തന്റെ പത്തൊന്‍പതാം ജന്മദിനത്തില്‍ തന്റെ ബ്രിക്സ്റ്റണ്‍ ഹില്‍ സംഘത്തിന്റെ എതിരാളികള്‍ ആക്രമിച്ച് ഇയാളുടെ രണ്ട് സഹായികളെ കൊന്നപ്പോള്‍ ഇയാള്‍ സ്വയം കത്തികൊണ്ട് കുത്തി രക്ഷപ്പെടാന്‍ ശ്രമിക്കുകയുണ്ടായി. പരിക്കില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും, എതിരാളി സംഘത്തിലെ അംഗങ്ങളെ കണ്ടെത്തുന്നതില്‍ പോലീസുമായി സഹകരിക്കാന്‍ ഇയാള്‍ വിസമ്മതിക്കുകയായിരുന്നു. സമാനമായ രീതിയില്‍ എതിര്‍ സംഘത്തിലെ ഒരാളെയായിരുന്നു കാബ് തിരക്കേറിയ നൈറ്റ് ക്ലബ്ബില്‍ വെച്ച് ആക്രമിച്ചത്.

കാബയുടെ കുടുംബം അയാളുടെ ക്രിമിനല്‍ പശ്ചാത്തലം രഹസ്യമാക്കി വയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഓള്‍ഡ് ബെയ്ലി ജഡ്ജ് അത് നിരസിക്കുകയായിരുന്നു. അങ്ങനെയാണ് ഈ കഥകള്‍ എല്ലാം പുറത്ത് വന്നത്. വിചാരണ തുടങ്ങി കേവലം മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് ഉദ്യോഗസ്ഥനായ മാര്‍ട്ടിന്‍ ബ്ലേക്കിനെ കോടതി കുറ്റ വിമുക്തനാക്കുകയായിരുന്നു. ഇരുപത്തിമൂന്നാം വയസ്സില്‍ കൊല്ലപ്പെട്ട ക്രിസ് കാബ അതോടെ രക്തസാക്ഷി പരിവേഷത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു. ഈ ക്രിമിനല്‍ കൊല്ലപ്പെടുമ്പോള്‍ ഇയാളുടെ ഭാര്യ ഗര്‍ഭിണിയായിരുന്നു.

വധഭീഷണിയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍

ക്രിസ് കാബ എന്ന ക്രിമിനലിന്റെ കഥ പുറത്തു വരികയും, അയാളെ കൊന്ന പോലീസ് ഉദ്യോഗസ്ഥന് എതിരെ ചുമത്തിയ കേസുകള്‍ ഇല്ലാതെയാവുകയും ചെയ്തതോടെ പോലീസ് ഉദ്യോഗസ്ഥനായ മാര്‍ട്ടിന്‍ ബ്ലേക്ക് ഇപ്പോള്‍ വധ ഭീഷണി നേരിടുകയാണ്. ഇയാളുടെ തലക്ക് ക്രിമിനല്‍ സംഘം ഇപ്പോള്‍ 10,000 പൗണ്ടാണ് വിലയിട്ടിരിക്കുന്നത്. അത് അറിഞ്ഞതോടെ ബ്ലേക്ക് സ്വന്തം വീട്ടില്‍ നിന്നും മറ്റൊരിടത്തേക്ക് താമസം മാറുകയയിരുന്നു. ലണ്ടനിലെ ഏറ്റവും വലിയ കൊടുംക്രിമിനല്‍ ആയിരുന്നു കാബ എന്ന വാര്‍ത്ത പുറത്തു വന്നതോടെ ബ്ലേക്കിന്റെ ഭയം ഇരട്ടിച്ചിരിക്കുകയാണെന്ന് അയാളുടെ സുഹൃത്തുക്കള്‍ പറയുന്നു. ഇയാളുടെ സംരക്ഷണാര്‍ത്ഥം, ഇയാളുടെ മേല്‍വിലാസമോ ഫോട്ടോകളോ പ്രസിദ്ധീകരിക്കുന്നത് കോടതി തടഞ്ഞിരുന്നു.