അങ്കാറ: തുര്‍ക്കിയില്‍ പ്രതിരോധ കമ്പനിയായ തുര്‍ക്കിഷ് എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസില്‍ കടന്നുകയറി ആക്രമിക്കാന്‍ ഭീകരര്‍ തിരഞ്ഞെടുത്തത് ജീവനക്കാര്‍ ജോലി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന സമയം. ആയുധധാരികള്‍ ഓരോരുത്തര്‍ക്ക് കടക്കാവുന്ന കറക്കുഗേറ്റിലൂടെ കെട്ടിടസമുച്ചയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

കെട്ടിടത്തിന് പുറത്ത് മൃതദേഹങ്ങളും ചോരയുമൊക്കെ കാണമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷിഫ്റ്റ് മാറുന്നതിനിടെയാണ് ഭീകരര്‍ ഒരു ടാക്‌സിയില്‍ സമുച്ചയത്തിന് മുന്നിലെത്തിയത്. തലസ്ഥാനമായ അങ്കാറയ്ക്ക് സമീപം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 4 മണിയോടയാണ് റൈഫിളുകളുമായി സംഘം കടന്നുകയറിയത്.



അക്രമികളില്‍ ഒരു സ്ത്രീയെയും പുരുഷനെയും കീഴ്‌പ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്നും 14 പേര്‍ക്ക് പരുക്കേറ്റെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇതില്‍ രണ്ടുഭീകരരും ഉള്‍പ്പെടുന്നു. പ്രസിഡന്റ് റസെപ് തയ്യിപ് എര്‍ദുഗാന്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി കസാനില്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് നാട്ടില്‍ ഭീകരാക്രമണം ഉണ്ടായത്. പരുക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്.

അങ്കാറയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ കഹ്രാമാന്‍കസാന്‍ എന്ന ചെറിയ പട്ടണത്തിലാണ് സംഭവം. ആക്രമണം ഉണ്ടായ തുര്‍ക്കിഷ് എയ്‌റോസ്‌പേസില്‍ നിന്ന് പുകപടലങ്ങള്‍ ഉയരുന്നതും, വലിയ തീയാളുന്നതും ദൃശ്യങ്ങളില്‍ കാണാം.



ടി എ ഐ ആസ്ഥാനത്ത് കടന്നുകയറിയ ഭീകരരില്‍ ഒരാള്‍ ചാവേറായി പൊട്ടിത്തെറിച്ചെന്നാണ് വിവരം. അക്രമികളില്‍ ഒരാള്‍ സ്ത്രീയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. കറുപ്പുവസ്ത്രം ധരിച്ച പുരുഷന്‍ ഒരു റക്ക്‌സാക്കും ഏന്തി കൈയില്‍ റൈഫിളുമായി കെട്ടിടത്തിന്റെ വാതില്‍ക്കല്‍ എത്തുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ കാണാം.



തുര്‍ക്കിഷ് എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുളള കമ്പനിയാണ്. വലിയതോതില്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ 15,500 പേര്‍ ജോലി ചെയ്യുന്നു. 50 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വിശാലമായ ഉത്പാദന കേന്ദ്രവുമുണ്ട്.



ഇസ്താന്‍ബുളില്‍ ഒരു കത്തോലിക്ക പള്ളിയില്‍ ജനുവരിയില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതാണ് ഒടുവില്‍ തുര്‍ക്കിയില്‍ ഉണ്ടായ ഭീകരാക്രമണം. ഐസിസ് ആണ് അന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. 2023 ഒക്ടോബറില്‍ അങ്കാറയില്‍ രണ്ടുപൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.