പുനെ: ഇന്ത്യ - ചൈന സൈനിക പിന്മാറ്റം നയതന്ത്ര, സൈനികതല ചര്‍ച്ചകളുടെ വിജയമാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. അതിര്‍ത്തിയിലെ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുകയാണ്. പരസ്പര വിശ്വാസത്തിനും ഐക്യത്തിനും സമയമെടുക്കുമെന്നും ജയ്ശങ്കര്‍ പറഞ്ഞു.

''ഇന്നു നാം എത്തിനില്‍ക്കുന്ന സ്ഥാനത്ത് എത്താനുള്ള കാരണം നിലപാടില്‍ ഉറച്ചുനില്‍ക്കാനും നമ്മുടെ പക്ഷം വ്യക്തമാക്കാനുമുള്ള ദൃഢനിശ്ചയമാണ്. അങ്ങേയറ്റം ആശങ്ക നിറഞ്ഞ സാഹചര്യങ്ങളില്‍ രാജ്യത്തെ സംരക്ഷിക്കാനായി സൈന്യം അവിടെ (യഥാര്‍ഥ നിയന്ത്രണ രേഖ) ഉണ്ടായിരുന്നു. സൈന്യം അവരുടെ കടമ നിറവേറ്റി. നയതന്ത്രവും പങ്കുവഹിച്ചു.'' ജയശങ്കര്‍ പറഞ്ഞു.

2020 മുതല്‍ അതിര്‍ത്തിയിലെ സാഹചര്യം മോശമായിരുന്നുവെന്നും ജയ്ശങ്കര്‍ പറഞ്ഞു. പരിഹാരം കണ്ടെത്തുന്നതിനായി ഇന്ത്യ ശ്രമിച്ചിരുന്നു. 2020 ന് ശേഷം ചില സ്ഥലങ്ങളില്‍ സൈനിക പിന്മാറ്റം നടത്തണമെന്ന് ഇന്ത്യയും ചൈനയും ധാരണയിലെത്തിയിരുന്നെങ്കിലും, പട്രോളിങ്ങുമായി ബന്ധപ്പെട്ട പ്രധാനഭാഗം അവശേഷിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കന്‍ ലഡാക്കിലെ ഡെപ്സങ്, ഡെംചോക് പ്രദേശങ്ങളിലാണ് സൈനിക പിന്മാറ്റം ആരംഭിച്ചത്. സേനാ പിന്‍മാറ്റം 29ന് പൂര്‍ത്തിയാകും. സേനാ പിന്മാറ്റം പൂര്‍ത്തിയായ ശേഷം പട്രോളിങ് ആരംഭിക്കും.

ഇരുപ്രദേശങ്ങളിലും താല്‍ക്കാലികമായി നിര്‍മിച്ച സംവിധാനങ്ങളും പൊളിച്ചുനീക്കും. 2020 ഏപ്രിലിനു മുന്‍പത്തെ നിലയിലേക്കു ഘട്ടം ഘട്ടമായി മടങ്ങാനാണ് തീരുമാനം. പാംഗോങ് തടാക തീരത്ത് 2020 മേയ് 5നു ചൈനീസ് സേന കടന്നുകയറിയതോടെയാണു ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്.

സമാധാനപരമായ ബന്ധം നിലനിര്‍ത്താന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായിരുന്നു. റഷ്യയിലെ കസാനില്‍ നടക്കുന്ന ബ്രിക്‌സ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനയുടെ പ്രസിഡന്റ് ഷി ചിന്‍പിങ്ങും നടത്തിയ ചര്‍ച്ചയിലാണ് ഈ ധാരണയിലെത്തിയത്. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണായക തീരുമാനമുണ്ടായതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച.

ഒക്ടോബര്‍ 11ന് ഡെസ്പാങ്ങില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങളില്‍ നാല് വാഹനങ്ങളും രണ്ട് ടെന്റുകളും കാണാനാവും. എന്നാല്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച എടുത്ത ചിത്രത്തില്‍ ടെന്റുകള്‍ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. വാഹനങ്ങളും മാറ്റിയിട്ടുണ്ട്.