പത്തനംതിട്ട: വായ്പ എടുക്കുന്നവര്‍ക്കും വസ്തു കൈമാറ്റം ചെയ്യുന്നവര്‍ക്കും സ്ഥിരം തലവേദനയാകുന്ന മുന്നാധാരങ്ങള്‍ ഡിജിറ്റലാകുന്നു. ഇതിന്റെ നടപടികള്‍ നാളെ പൂര്‍ത്തിയാകും. ഇതോടെ ആദ്യം 1988 മുതലുള്ളതും തുടര്‍ന്ന് 1969 മുതലുള്ളവയും രജിസ്ട്രേഷന്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പത്തനംതിട്ട ജില്ലയിലാണ് പരീക്ഷണാര്‍ഥം പദ്ധതി നടപ്പാക്കിയത്.

എന്നാല്‍ പ്രളയം, കോവിഡ് തുടങ്ങി വിവിധ കാരണങ്ങളാല്‍ നീണ്ടു പോയി. വീണ്ടും കഴിഞ്ഞ വര്‍ഷം സമയബന്ധിതമായി ആരംഭിച്ച പ്രവര്‍ത്തനങ്ങളാണ് അന്തിമഘട്ടത്തില്‍ എത്തിയിരിക്കുന്നത്. ഇതോടെ വസ്തു രജിസ്ട്രേഷനുള്‍പ്പെടെ മുന്നാധാരം തേടി ഇനി മുതല്‍ രജിസ്ട്രാര്‍ ഓഫീസുകള്‍ കയറിങ്ങിറങ്ങേണ്ടതില്ല. സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ 1998 മുതല്‍ 2018 വരെയുള്ള കാലത്തെ ആധാരങ്ങള്‍ ഡിജിറ്റലാക്കി പ്രസിദ്ധീകരിക്കുന്ന പദ്ധതിയാണ് 31ന് പൂര്‍ത്തിയാക്കുന്നത്.

11 ജില്ലകളിലെ 20 വര്‍ഷത്തെ ആധാരങ്ങളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായി. ബാക്കിയുള്ളവയും 31ന് മുമ്പ് പൂര്‍ത്തിയാക്കും. 2020ല്‍ പത്തനംതിട്ടയില്‍ പൈലറ്റ് പ്രോജക്ട്‌നടപ്പാക്കിയിരുന്നു. എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലുമുള്ള 100 ശതമാനം ആധാരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാക്കുന്നതോടെ ഇത് സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രയോജനകരമാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ 1968 മുതലുള്ള ആധാരം രജിസ്ട്രേഷന്‍ ഓഫിസുകളിലുണ്ട്. രണ്ടാം ഘട്ടമായി ഇവ പൂര്‍ണമായും ഡിജിറ്റലാക്കും. ഓണ്‍ലൈനില്‍ ഫീസടച്ച ശേഷമാണ് ആധാരം പകര്‍പ്പുകള്‍ക്കുള്ള അപേക്ഷ നല്‍കേണ്ടത് .

ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് ഡിജിറ്റല്‍ ഒപ്പ് രേഖപ്പെടുത്തിയ ആധാരത്തിന്റെ പകര്‍പ്പുകള്‍ തയ്യാറാക്കും. ഇത് അപേക്ഷകര്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് എടുത്ത് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. ഇത് സംബന്ധിച്ച് നിരവധി അവ്യക്തതകള്‍ നിലനില്‍ക്കുന്നതായി ആധാരം എഴുത്തുകാര്‍ പറയുന്നു. ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ആധാരങ്ങളുടെ കാലാവധി സംബന്ധിച്ച വിശദാംശങ്ങള്‍ വരേണ്ടതുണ്ടെന്നാണ് ഇവര്‍ പറയുന്നത്.