രാജസ്ഥാൻ: എല്ലാവർക്കും അമളികളും അബദ്ധങ്ങളും പറ്റാറുണ്ട്. ചില അബദ്ധങ്ങൾ നമ്മുടെ ജീവിതങ്ങൾ തന്നെ മാറ്റിമറിക്കും. ചിലത് നമ്മുടെ അശ്രദ്ധ കാരണം സംഭവിക്കുന്നതും ഉണ്ട്. അങ്ങനെ ഒരു സംഭവമാണ് രാജസ്ഥാനിൽ നടന്നിരിക്കുന്നത്. ദീപങ്ങളുടെ ആഘോഷമായ ദീപാവലി ആഘോഷങ്ങളെ വരവേൽക്കാനായി വീട് വൃത്തിയാക്കുന്നതിനിടെ നാല് ലക്ഷം രൂപ വിലയുള്ള സ്വർണ്ണാഭരണങ്ങള്‍ മാലിന്യ ട്രക്കിലേക്ക് എടുത്ത് എറിഞ്ഞു.

അബദ്ധം മനസിലാക്കിയ ഉടനെ കുടുംബം മുനിസിപ്പൽ കോർപ്പറേഷൻ മേയർ രാകേഷ് പഥക്കിനെയും മറ്റ് ഉദ്യോഗസ്ഥരെയും ഉടനെ തന്നെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടനെ മേയറുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘം രൂപീകരിക്കുകയും ഒടുവിൽ ഏറെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സ്വര്‍ണ്ണം കണ്ടെത്തി തിരികെ വീട്ടുടമസ്ഥന് തന്നെ തിരികെ നൽകുകയും ചെയ്തു.

ദീപാവലി ആഘോഷങ്ങളെ വരവേൽക്കാനായി വീട് വൃത്തിയാക്കുന്നതിനിടെ സ്വർണം ഒരു പ്രത്യേക സ്ഥലത്ത് മാറ്റിവച്ചതായി വീട്ടുടമസ്ഥനായ ചിരാഗ് ശർമ്മ വ്യക്തമാക്കി. പക്ഷെ മാലിന്യം ശേഖരിക്കാനായി മാലിന്യ ട്രക്ക് വീട്ടിന് മുന്നിലെത്തിയപ്പോള്‍ എത്തി പക്ഷെ അബദ്ധത്തില്‍ മാറ്റിവച്ച സ്വര്‍ണ്ണം ഉള്‍പ്പടെ എടുത്ത് മാലിന്യ ട്രക്കിലേക്ക് തള്ളുകയായിരുന്നു. ശേഷം ഏറെ നേരം കഴിഞ്ഞാണ് അബദ്ധം മനസിലായതെന്നും ചിരാഗ് പറയുന്നു. ഒടുവിൽ നഷ്ട്ടമായ സ്വർണം തിരിച്ച് കിട്ടിയതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിവരം ലഭിച്ച ഉടനെ തന്നെ മേയര്‍, അപ്പോള്‍ തന്നെ മാലിന്യ ട്രക്ക് ഡ്രൈവറുമായി ബന്ധപ്പെടുകയും ട്രക്ക് സഞ്ചരിച്ച വഴി പിന്തുടരാന്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരെ ഏര്‍പ്പാടുക്കുകയുമായിരുന്നെന്ന് 27 നമ്പര്‍ വാർഡിലെ സൂപ്പര്‍വൈസറായ ഹേമന്ത് കുമാർ പറഞ്ഞു. എന്നാല്‍, ഇതിനകം ട്രക്കിലെ മാലിന്യം മാലിന്യക്കൂമ്പാരത്തിലേക്ക് ഇറക്കിയിരുന്നു.

പിന്നാലെ സ്ഥലത്ത് എത്തിയവർ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനെടുവില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നും സ്വര്‍ണ്ണം കണ്ടെടുത്ത് വീട്ടുടമസ്ഥന് തിരികെ നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിൽ അധികൃതരെ അഭിനന്ദിക്കുകയും ചെയ്തു.