ലണ്ടന്‍: ലക്ഷക്കണക്കിന് ആളുകള്‍ കണ്ട, ബ്രിട്ടനിലെക്കുള്ള യാത്ര ടിക്ടോക്കില്‍ വൈറലാക്കിയ അഫ്ഗാന്‍ പൗരന്‍ അവസാനം ചെറു യാനത്തില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് ബ്രിട്ടീഷ് മണ്ണില്‍ കാലുകുത്തി. തോക്കില്‍ നിന്നും നിറയുതിര്‍ക്കുന്നതെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള പ്രകടനവും, വടക്കന്‍ ഫ്രാന്‍സില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് അനധികൃതമായി കുടിയേറാനുള്ള ശ്രമവുമെല്ലാം വീഡിയോയിലാക്കിയ ഇയാള്‍ ബ്രിട്ടീഷ് ഭരണകൂടത്തെ ഏറെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.

മറ്റൊരു വീഡിയോയില്‍, മൂന്ന് സ്ത്രീകള്‍ ഇയാളുടെ മടിയില്‍ ഇരിക്കുമ്പോള്‍, നിറയുതിര്‍ക്കുന്നതായി അഭിനയിക്കുന്ന രംഗവുമുണ്ട്. മുഖം മറച്ച രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ടെന്റിലായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്.അവരില്‍ ഒരാളുടെകൈവശം യഥാര്‍ത്ഥ തോക്കും ഉണ്ടായിരുന്നു.ഏറ്റവും പുതിയ വീഡിയോയില്‍ ഇയാള്‍ ഒരു കറുത്ത മുഖംമൂടിയും വാട്ടര്‍പ്രൂഫ് ജാക്കറ്റും ബേസ്‌ബോള്‍ ക്യാപ്പും അണിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നത്. മറ്റു ചിലര്‍ക്കൊപ്പം ഒരു ചെറുയാനത്തില്‍ ഇംഗ്ലീഷ് ചാനല്‍ കടക്കുന്നതിന്റെ വീഡിയോ ദൃശ്യമാണിത്.

തന്നില്‍ നിന്നും ക്യാമറ മാറ്റുമ്പോള്‍ ഇവരുടേ യാനത്തെ ഒരു ഫ്രഞ്ച് പട്രോള്‍ വെസ്സല്‍ പോലെ തോന്നിക്കുന്ന ഒന്ന് പിന്തുടരുന്നതായി കാണാം. ഏതായാലും ബ്രിട്ടനിലെത്തിയ ഉടനെ തന്നെ പാസയെ അറസ്റ്റ് ചെയ്തതായി മെറ്റ് പോലീസ് അറിയിച്ചു. ഇയാള്‍ ഇംഗ്ലീഷ് ചാനല്‍ മറികടക്കുന്ന വീഡിയോ റിഫോം യു കെ പാര്‍ട്ടി നേതാവ് നെയ്ജല്‍ ഫാരാജ് പങ്കുവച്ചിട്ടുണ്ട്. തന്നെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ വ്യക്തി ഇംഗ്ലീഷ് ചാനല്‍ കടന്നു വരുന്നു എന്നായിരുന്നു അതിന് അദ്ദേഹം അടിക്കുറിപ്പ് നല്‍കിയത്. ഇത്തരത്തിലുള്ളവരെയാണോ ബ്രിട്ടന് ആവശ്യം എന്ന് ചിന്തിക്കണമെന്നും അദ്ദേഹം അതില്‍ കുറിച്ചിരുന്നു.

അടുത്തിടെ പാസ പോസ്റ്റ് ചെയ്ത ഒരു ടിക്ടോക് വീഡിയോയിലായിരുന്നു ഫരാജിനെ കുറിച്ചുള്ള പരാമര്‍ശം ഉണ്ടായിരുന്നത്. നേരത്തെ പാസയുടെ ചിത്രം പങ്കുവെച്ച്, സ്റ്റോക്ക്‌ഹോമില്‍ താമസിക്കുന്ന വ്യക്തിയാണെന്നും പെട്ടെന്ന് പ്രശസ്തനാകാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞ് ഫരാജ് ഒരു പോസ്റ്റ് ചെയ്തിരുന്നു. അതിനുള്ള പ്രതികരണമായിട്ടായിരുന്നു പാസ ഭീഷണി മുഴക്കിയത്. തന്നെ കുറിച്ച് കൂടുതല്‍ സംസാരിക്കരുതെന്നും അത് അപകടമാണെന്നുമൊക്കെയായിരുന്നു ഭീഷണി. പിന്നീടായിരുന്നു കൈകള്‍കൊണ്ട് വെടിയുതിര്‍ക്കുന്ന ആംഗ്യം കാണിച്ചത്.