ലണ്ടന്‍: കോണ്‍കോഡ് വിമാനത്തിന്റെ രണ്ട് ഇരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഹൈപ്പര്‍സോണിക്ക് യാത്രാ വിമാനവുമായി ചൈന. ഈ വിമാനത്തിന് വെറും രണ്ട് മണിക്കൂര്‍ കൊണ്ട് ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലെത്താന്‍ കഴിയുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. 2027 ഓടെ ഈ വിമാനം യാത്രക്കാരുമായി സര്‍വ്വീസ് ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ബെയ്ജിംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിങ്കോങ്ങ് ടിയാന്‍സിങ് ടെക്നോളജി എന്ന സ്ഥാപനമാണ് വിമാനത്തിന്റെ നിര്‍മ്മാതാക്കള്‍.

വിമാനത്തിന്റെ ചെറിയ പതിപ്പിന്റെ ആദ്യ പരീക്ഷണം വിജയകരമായി നടത്തിയതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. എന്‍ജിന്‍ ടെസ്റ്റുകള്‍ ഈ മാസം തന്നെ നടക്കും. ആദ്യത്തെ സമ്പൂര്‍ണ സൂപ്പര്‍സോണിക്ക് ജെറ്റ് യാത്രാ വിമാനമാണ് ഇതെന്നും യാത്രക്കാരേയും വഹിച്ചു കൊണ്ടുള്ള ആദ്യയാത്ര 2027 ല്‍ നടക്കുമെന്നും പ്രമുഖ ചൈനീസ് മാധ്യമമായ സൗത്ത് ചൈന മോര്‍ണിഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2003 ല്‍ ഏററവും വേഗത കൂടിയ യാത്രാവിമാനമായിരുന്ന കോണ്‍കോര്‍ഡ് സര്‍വ്വീസ് അവസാനിപ്പിച്ച് കാല്‍ നൂറ്റാണ്ടിന് ശേഷം ഏറ്റവും വേഗം കൂടിയ യാത്രാവിമാനമായി ഈ ചൈനീസ് വിമാനം മാറുമെന്നാണ് കരുതപ്പെടുന്നത്.

മണിക്കൂറില്‍ അയ്യായിരം കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ വിമാനത്തിന് ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കില്‍ എത്താന്‍ 2 മണിക്കൂറില്‍ താഴെ സമയം മതിയാകും. കോണ്‍കോര്‍ഡ് വിമാനം ഉണ്ടായിരുന്ന സമയത്ത് 2 മണിക്കൂര്‍ 53 മിനിട്ട് സമയമാണ് ഈ യാത്രക്ക് ആവശ്യമായിരുന്നത്. എന്നാല്‍ സാധാരണ യാത്രാ വിമാനങ്ങള്‍ക്ക് ഇത്രയും ദൂരം താണ്ടാന്‍ എട്ട് മണിക്കൂറോളം സമയം ആവശ്യമാണ്. ലോകത്തെ പ്രധാനപ്പെട്ട വിമാന കമ്പനികകള്‍ പലതും ഇപ്പോള്‍ സൂപ്പര്‍സോണിക്ക് യാത്രാ വിമാനങ്ങള്‍ ഒരുക്കാനുള്ള തിരക്കിലാണ്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വീനസ് എയ്റോ സ്പേസും ഇത്തരത്തില്‍ അതിവേഗതയുള്ള സൂപ്പര്‍സോണിക്ക് യാത്രാ വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ വിപുലീകരിക്കുകയാണ്. ടെസ്ലാ മേധാവിയായ ഇലോണ്‍ മസ്‌ക്കും ഇത്തരത്തില്‍ ഒരു വിമാനം നിര്‍മ്മിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണെന്നും എന്നാല്‍ തിരക്കുള്ള കാരണമാണ് ഈ പദ്ധതി നീണ്ട് പോകുന്നത് എന്നുമാണ് വാര്‍ത്ത.

കൂടാതെ കുത്തനെ ലാന്‍ഡ് ചെയ്യാനും ടേക്കോഫ് ചെയ്യാനും കഴിയുന്ന തരത്തിലുള്ള വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന വിമാനങ്ങളും മസ്‌ക്കിന്റെ സ്വപ്നങ്ങളാണ്. ഇക്കാര്യം 2021 ല്‍ തന്നെ മസ്‌ക്ക് ഒരു റേഡിയോ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമയക്കുറവാണ് തന്നെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.