- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സിനിമയുടെ റിവ്യൂ പറഞ്ഞതിലല്ല ആ ഫോണ്‍ കോള്‍; പക്ഷേ ഒരു പോസ്റ്റ് ഒരുപാട് സ്ഥലങ്ങളില്‍ പ്രചരിപ്പിച്ചു; കോലാഹലത്തില്‍ ഞാന്‍ ഒരു കോള്‍ ചെയ്തുപോയി; അത് വിളിക്കരുതായിരുന്നു'; വിവാദത്തില്‍ പ്രതികരിച്ച് ജോജു ജോര്‍ജ്
ജോജുവിന്റെ ഫോണ്‍ കോളിന്റെ റെക്കോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു
കൊച്ചി: 'പണി' സിനിമയെ വിമര്‍ശിച്ച് പോസ്റ്റിട്ട റിവ്യൂവറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും വിശദീകരണവുമായി നടനും സംവിധായകനുമായി ജോജു ജോര്‍ജ്. ആദര്‍ശ് എച്ച് എസ് എന്നയാളെയാണ് ജോജു ഫോണില്‍ വിളിച്ചത്. ഇതിന്റെ ഓഡിയോ റെക്കോര്‍ഡ് ആദര്‍ശ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് ചര്‍ച്ചയും വിവാദവുമായതോടെയാണ് ജോജു ജോര്‍ജ് വിശദീകരണവുമായി രംഗത്ത് വന്നത്.
പോസ്റ്റ് എഴുതിയയാള്‍ പല സ്ഥലങ്ങളില്‍ അത് കോപ്പി പേസ്റ്റ് ചെയ്തുവെന്നും സിനിമയിലെ സ്‌പോയിലര്‍ പ്രചരിപ്പിച്ചുവെന്നും ജോജു സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ പങ്കെടുത്ത ഒരു പൊതുവേദിയിലും ജോജു ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്.
സൗദിയിലെ റിയാദില്‍ നടന്ന ചിത്രത്തിന്റെ പ്രൊമോഷണല്‍ വേദിയിലാണ് ജോജു ഇക്കാര്യം പറഞ്ഞത്. 'സിനിമയുടെ റിവ്യൂ പറഞ്ഞതിലല്ല ആ ഫോണ്‍ കോള്‍. ടിക്കറ്റ് എടുത്ത് സിനിമ കണ്ട എല്ലാവരും അഭിപ്രായം പറയണം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ലെന്ന് പറയണം. പക്ഷേ ഒരു പോസ്റ്റ് ഒരുപാട് സ്ഥലങ്ങളില്‍ പ്രചരിപ്പിച്ചു. അതിന്റെ പേരില്‍ ഉണ്ടായ കോലാഹലത്തില്‍ ഞാന്‍ ഒരു കോള്‍ ചെയ്തുപോയി. അത് വിളിക്കരുതായിരുന്നു', ജോജു ജോര്‍ജ് പറയുന്നു.
ആദ്യമായിട്ടാണ് തന്റെ ഒരു സിനിമയ്ക്ക് തിയറ്ററുകളില്‍ ഇത്രയും സ്വീകരണം കിട്ടുന്നതെന്നും ജോജു കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സാഗര്‍ സൂര്യ, ജുനൈസ് വി പി, ബോബി കുര്യന്‍ തുടങ്ങിയവരും ജോജുവിനൊപ്പം എത്തിയിരുന്നു.
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലല്ല താന്‍ റിവ്യൂവറെ വിളിച്ചതെന്ന് ജോജു ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. മനഃപൂര്‍വം ഇങ്ങനെ ചെയ്തതുകൊണ്ടാണ് അയാളെ വിളിച്ചു സംസാരിച്ചത്. നിയമപരമായി ഇക്കാര്യത്തില്‍ ഞാന്‍ മുന്നോട്ടുപോകും. എന്റെ ജീവിതമാണ് സിനിമ, കോടികള്‍ മുടക്കിയാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്. ഒരു സിനിമയുടെ കഥയിലെ സ്‌പോയിലര്‍ പ്രചരിപ്പിക്കുകയാണ് ഇയാള്‍ ചെയ്തത്. ഞങ്ങളുടെ ജീവിത പ്രശ്‌നമാണിത്. അതുകൊണ്ടാണ് പ്രതികരിച്ചതെന്നും ജോജു ജോര്‍ജിന്റെ പറഞ്ഞിരുന്നു.
''എന്റെ സിനിമ ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് തന്നെ പറയണം, എന്റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ, ആ സിനിമയുടെ സ്‌പോയിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല, പല ഗ്രൂപ്പിലും ഈ റിവ്യൂവര്‍ ആ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുന്നു, സിനിമ കാണരുതെന്ന് പറയുന്നു. ഇത് ശരിയല്ല, വ്യക്തിപരമായി വൈരാഗ്യം ഉണ്ടാവാന്‍ എനിക്ക് ഇയാളെ അറിയില്ല.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ഒക്ടോബര്‍ 24 നാണ് തിയറ്ററുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.