ലണ്ടന്‍: ബ്രിട്ടണില്‍ എന്‍ എച്ച് എസ്സിലെ നഴ്സിനെ സസ്‌പെന്‍ഡ് ചെയ്തത്, അവര്‍ തന്റെ കുഞ്ഞിനെയാണ് ഗര്‍ഭം ധരിച്ചിരിക്കുന്നതെന്ന് ഒരു രോഗി ആരോപിച്ചതിനെ തുടര്‍ന്ന്. കടുത്ത ദുരനുഭവങ്ങളിലൂടെയായിരുന്നു സസ്‌പെന്‍ഷന് ശേഷം താന്‍ പോയിക്കൊണ്ടിരുന്നതെന്ന് ജെസ്സിക്ക തോര്‍പ് എന്ന നഴ്സ് പറയുന്നു. രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷം അനധികൃതമായി പിരിച്ചു വിട്ടതിനെതിരെ അവര്‍ നല്‍കിയ കേസില്‍ അനുകൂല വിധി സമ്പാദിച്ചതിന് ശേഷം അവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

തനിക്ക് ജെസ്സിക്ക തോര്‍പുമായി അവിഹിത ബന്ധമുണ്ടെന്നും, അവര്‍ തന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണെന്നും ഒരു രോഗി അവകാശപ്പെട്ടതിനെ തുടര്‍ന്ന് 2020 ഏപ്രിലില്‍ ആയിരുന്നു ഒരു ഹോസ്പിറ്റല്‍ ട്രസ്റ്റ്, ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയായ അവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. നിയമപരമായി എക്സ് എന്ന് മാത്രം പേര് പരാമര്‍ശിക്കുവാന്‍ അനുവാദമുള്ള രോഗി അന്ന്, കോടതി നടപടികളുടെ ഭാഗമായി പുരുഷന്മാര്‍ക്കുള്ള സുരക്ഷാ വാര്‍ഡില്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അയാള്‍ മരണമടയുകയും ചെയ്തു.

കംബ്രിയ, നോര്‍ത്തമ്പര്‍ലാന്‍ഡിലെ ടൈന്‍ ആന്‍ഡ് വിയര്‍ എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ 2016 മുതല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കറായും പിന്നീട് നഴ്സിംഗ് അസിസ്റ്റന്റായും ജോലി ചെയ്തിരുന്ന ഇവരുടെ സസ്‌പെന്‍ഷന്‍ പിന്നീട് നീട്ടുകയായിരുന്നു. അവസാനം ജോലിയില്‍ തിരിച്ചു കയറാന്‍ അനുമതി നല്‍കിയ 2022 ഒക്ടോബറില്‍ അവര്‍ ജോലി വിട്ടു. താന്‍ ഉയര്‍ത്തിയ പരാതി കണക്കിലെടുക്കുകയോ, സഹപ്രവര്‍ത്തകരെ തന്റെ മേല്‍ ആരോപിക്കപ്പെട്ട അവിഹിതബന്ധവുമായി ബന്ധപ്പെട്ട കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് തടയുകയോ ചെയ്തില്ല എന്നായിരുന്നു അവര്‍ കാരണം പറഞ്ഞത്.

പിന്നീടാണ് അവര്‍ അനധികൃതമയി ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിനും, കരാര്‍ ലംഘനത്തിനും, നിയമവിരുദ്ധമായി വേതനം വെട്ടിക്കുറച്ചതിനും എതിരെ നിയമനടപടികള്‍ക്ക് മുതിര്‍ന്നത്. കഴിഞ്ഞ നാലര വര്‍ഷക്കാലത്തോളം താന്‍ അനുഭവിച്ച ദുരിതങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍ക്കന്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്നും അവര്‍ വിധി പ്രസ്താവ്യത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയില്ല എന്ന് പറഞ്ഞ അവര്‍, തന്നെ ഈ ദുരിതകാലത്ത് പിന്തുണച്ചവര്‍ക്കെല്ലാം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

കോടതി നടപടികള്‍ പൂര്‍ണ്ണമായും അവസാനിക്കാത്തതിനാല്‍ കേസ് സംബന്ധമായി താന്‍ കൂടുതല്‍ സംസാരിക്കുകയില്ലെന്നും അവര്‍ പറഞ്ഞു. യൂട്യൂബ് ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തന്റെ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിനായിട്ടായിരുന്നു ജസ്സിക്ക ജോലിയില്‍ നിന്നും പിരിഞ്ഞു പോയത് എന്നായിരുന്നു എന്‍ എച്ച് എസ് ട്രസ്റ്റ് കോടതിയില്‍ വാദിച്ചത്. എന്നാല്‍, അത് നിഷേധിച്ച ജസ്സിക്ക, താന്‍ സസ്‌പെന്‍ഷനില്‍ ആയതിന് ശേഷം ഒരു ഹോബി എന്ന നിലയിലാണ് അത് ആരംഭിച്ചതെന്നും കോടതിയില്‍ പറഞ്ഞു.