ന്യൂഡല്‍ഹി: എന്‍.സി.പി. നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രധാന പ്രതിയും ഷൂട്ടര്‍മാരില്‍ ഒരാളുമായ ശിവകുമാര്‍ ഗൗതമിന്റെ വെളിപ്പെടുത്തല്‍ പുറത്ത്. പണത്തിന് വേണ്ടി മാത്രമാണ് സിദ്ദിഖിയെ കൊലപ്പെടുത്തിയതെന്നാണ് ശിവകുമാര്‍ ഗൗതം വെളിപ്പെടുത്തിയത്. എന്നാല്‍ മകന്‍ പറയുന്നത് ശരിയല്ലെന്നാണ് പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ആഡംബര ജീവിതത്തോടുള്ള ആസക്തിയാണ് മകനെ നാശത്തിലേക്ക് എത്തിച്ചതെന്നും ശിവകുമാര്‍ ഗൗതമിന്റെ പിതാവ് വെളിപ്പെടുത്തി. 'കുറ്റവാളിയെ കുറ്റവാളിയെപ്പോലെ തന്നെ കൈകാര്യം ചെയ്യണം'- പിതാവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഇയാളെ ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ വെച്ച് പിടികൂടിയത്. ഇയാള്‍ക്ക് താമസസൗകര്യം ഒരുക്കിയതിന്റെയും നേപ്പാളിലേക്ക് കടക്കാന്‍ സഹായിച്ചതിന്റെയും പേരില്‍ അനുരാഗ് കശ്യപ്, ഗ്യാന്‍ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേശേന്ദ്ര പ്രതാപ് സിങ് എന്നിങ്ങനെ നാലുപേരെയും അറസ്റ്റ് ചെയ്തിരുന്നു.

22 വയസ്സുകാരനായ പ്രതിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. ആക്രി കച്ചവടമാണ് തൊഴില്‍. കര്‍ഷകനായ പിതാവും രണ്ടു സഹോദരന്‍മാരും സഹോദരിമാരും അടങ്ങുന്നതാണ് ഇയാളുടെ കുടുംബം. സഹോദരങ്ങളുടെ പഠനത്തിന് പണം കണ്ടെത്താനാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത് എന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞതായി സെപ്ഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് മാധ്യമങ്ങളോട് പറഞ്ഞു.

ജോലി തേടി ഉത്തര്‍പ്രദേശില്‍നിന്ന് പുണെയിലെത്തിയ ശിവ കുമാര്‍ കുടുംബത്തെ സഹായിക്കാനാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറയുന്നു. സഹോദരന്‍മാരുടെ പഠനത്തിനും സഹോദരിമാരുടെ കല്യാണത്തിനും പണം സമ്പാദിക്കാനാണ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതെന്നാണ് ശിവകുമാര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. ശിവ കുമാറിന്റെ പേരില്‍ മറ്റു കേസുകളില്ല. പിതാവ് കര്‍ഷകനാണ്. നാല് വര്‍ഷം മുന്‍പാണ് ജോലി തേടി പുണെയിലെത്തിയത്. രണ്ടു മാസം മുന്‍പ് ശിവ കുമാര്‍ തന്റെ നാട്ടുകാരനായ ധര്‍മരാജ് കാശ്യപിനെ കണ്ടുമുട്ടി. ധര്‍മരാജാണ് ശിവ കുമാറിനെ ലോറണ്‍സ് ബിഷ്‌ണോയി സംഘത്തിന് പരിചയപ്പെടുത്തിയത്.

സമൂഹമാധ്യമം വഴി ലോറന്‍സ് ബിഷ്‌ണോയ്യുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയ്യുമായി ശിവ കുമാര്‍ സംസാരിച്ചു. സിദ്ദിഖിയെ വധിച്ചാല്‍ 10 ലക്ഷം രൂപ നല്‍കാമെന്ന് അന്‍മോല്‍ വാഗ്ദാനം ചെയ്തു. വിദേശ നിര്‍മിത തോക്ക് ബിഷ്‌ണോയ് സംഘം നല്‍കി. യുട്യൂബ് വിഡിയോകള്‍ കണ്ടാണ് തോക്ക് ഉപയോഗിക്കാന്‍ പരിശീലിച്ചത്. കൃത്യതയുള്ള ഷൂട്ടറായതിനാലാണ് സിദ്ദിഖിയെ വധിക്കാന്‍ ശിവ കുമാറിനെ തിരഞ്ഞെടുത്തത്. ധര്‍മരാജും ഗുര്‍മെയില്‍ സിങും അനുഗമിച്ചു. രണ്ടു മാസത്തോളം ഇവര്‍ ബാബാ സിദ്ദിഖിയെ നിരീക്ഷിച്ചു. സമൂഹമാധ്യമം വഴിയാണ് ഓപ്പറേഷന്‍ നിയന്ത്രിച്ചത്. ആറു തവണ സിദ്ദിഖിക്കുനേരെ നിറയൊഴിച്ചു. മൂന്നു വെടിയുണ്ടകള്‍ ദേഹത്ത് തറച്ചു. കൊലപാതകത്തിനുശേഷം സംഘം രക്ഷപ്പെട്ടു. മറ്റു പ്രതികള്‍ പിടിയിലായെങ്കിലും ശിവകുമാര്‍ ഒളിവില്‍ തുടര്‍ന്നു.

കൊലപാതകത്തിനു മുന്‍പും ശേഷവും ഉപയോഗിക്കാന്‍ രണ്ട് സിം കാര്‍ഡുകള്‍ ശിവ കുമാറിനു ബിഷ്‌ണോയ് സംഘം നല്‍കിയിരുന്നു. 25,000 രൂപ മുന്‍കൂറായും നല്‍കി. കൊലപാതകത്തിനുശേഷം ശിവ കുമാര്‍ ഝാന്‍സിയിലേക്കും ഡല്‍ഹിയിലേക്കും ഹിമാചല്‍ പ്രദേശിലേക്കും പോയി. ശിവ കുമാറിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ 45ഓളംപേര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. നാലുപേരെ ശിവ കുമാര്‍ സ്ഥിരമായി ഫോണില്‍ ബന്ധപ്പെടുന്നതായി കണ്ടെത്തി. നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് പൊലീസ് പിടികൂടുകയായിരുന്നു.

ണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ധര്‍മ്മരാജ്, ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ ശുഭം ലോങ്കറിനെ പരിചയപ്പെടുന്നത്. ഇയാള്‍ പറഞ്ഞതു പ്രകാരം, ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയിയുമായി സ്‌നാപ്പ് ചാറ്റിലൂടെ ബന്ധപ്പെട്ടു. ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയാല്‍ 10 ലക്ഷം രൂപ പ്രതിഫലം തരാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് വെളിപ്പെടുത്തല്‍. മുന്‍കൂര്‍ തുകയായി 25000 രൂപ കൈപ്പറ്റി. ദൗത്യത്തിന് ശേഷം ഝാന്‍സി, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം സഞ്ചരിച്ചു. നേപ്പാളിലേക്ക് കടക്കാന്‍ പദ്ധതിയുമ്പോഴാണ് ബഹ്‌റൈച്ചില്‍ പോലീസ് പിടിയിലായത്.

ഒക്ടോബര്‍ 12-നാണ് എന്‍.സി.പി. നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബാ സിദ്ദിഖി ബാന്ദ്രയില്‍വെച്ച് മൂന്ന് പേരുടെ വെടിയേറ്റു മരിച്ചത്. നേരത്തെ രണ്ട് ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെ 20 ആളുകളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്ന പ്രതിയെ ഉത്തര്‍പ്രദേശ് പോലീസിന്റെയും മുംബൈ പോലീസിന്റെയും സംയുക്ത ദൗത്യത്തിലൂടെയാണ് പിടികൂടിയത്.

ലോറന്‍സ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള ആളാണ് ശിവകുമാര്‍ എന്നാണ് പോലീസ് പറയുന്നത്. സംഘത്തില്‍നിന്നുള്ള എല്ലാ നിര്‍ദേശങ്ങളും ഇയാള്‍ വഴിയായിരുന്നു പങ്കുവെച്ചിരുന്നത്. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് ശേഷം സംഘത്തിലെ സഹായിയെ കാണാനായി ഇയാള്‍ മധ്യപ്രദേശിലെ ഓംകാരേശ്വറിലേക്ക് പോയിരുന്നു. ഇവിടെവെച്ച് പ്രതിയെ പിടികൂടാന്‍ മുംബൈ പോലീസ് ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല.

ചോദ്യംചെയ്യലില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘവുമായുള്ള ബന്ധം ശിവ്കുമാര്‍ സമ്മതിച്ചതായാണ് പോലീസില്‍ നിന്നുള്ള വിവരം. ലോറന്‍സ് ബിഷ്‌ണോയുടെ കാനഡയിലാണെന്ന് കരുതുന്ന അന്‍മോള്‍ വിഷ്‌ണോയിയുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നാണ് ശിവകുമാര്‍ ആരോപിക്കുന്നത്.

2022-ല്‍ പഞ്ചാബി ഗായകനും രാഷ്ട്രീയക്കാരനുമായ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിലും ഏപ്രിലില്‍ മുംബൈയിലെ നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവയ്പ്പിലും അന്‍മോല്‍ ബിഷ്‌ണോയിയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാളെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.