ലണ്ടന്‍: ബ്രിട്ടീഷ് എയര്‍വേയ്‌സിലെ എയര്‍ഹോസ്റ്റസിനെ സഹപ്രവര്‍ത്തകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ റദ്ദാക്കിയതോടെ കുടുങ്ങിപ്പോയത് നൂറുകണക്കിന് യാത്രക്കാരും. എയര്‍ലൈനിന്റെ ഹോട്ടല്‍ റൂമില്‍ വെച്ചായിരുന്നു പീഢനമെന്ന് വനിതാ ജീവനക്കാരി പോലീസില്‍ അറിയിച്ചു. പീഡിപ്പിച്ച പുരുഷ ജീവനക്കാരനൊപ്പം മറ്റൊരു പുരുഷ ജീവനക്കാരനും ആ സമയം മുറിയില്‍ ഉണ്ടായിരുന്നതായും എയര്‍ഹോസ്റ്റസ് പരാതിയില്‍ പറയുന്നു. തലേന്ന് രാത്രിയിലെ വിമാനത്തില്‍ ഇരയ്ക്കൊപ്പം ജോലി ചെയ്തവരായിരുന്നു ഇരുവരും.

ആരോപണ വിധേയനായ വ്യക്തിയെ ഉടനടി സസ്‌പെന്‍ഡ് ചെയ്ത് ബ്രിട്ടീഷ് എയര്‍വേയ്‌സ് ഇക്കാര്യത്തില്‍ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവം നടന്ന റിയോ ഡി ജനീറോയില്‍ നിന്നും ഉടന്‍ തന്നെ ഇയാളെ ബ്രിട്ടനിലേക്ക് തിരിച്ചയച്ചു എന്നാണ് അറിയാന്‍ കഴിയുന്നത്.തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ റദ്ദ് ചെയ്തതോടെ നൂറുകണക്കിന് യാത്രക്കാരാണ് യാത്ര മുടങ്ങി പെരുവഴിയിലായത്. ഈ മാസം ആദ്യം ലണ്ടനില്‍ നിന്നും ബ്രസീലിലേക്ക് പറന്ന വിമാനത്തിലെ ജീവനക്കാരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

വിമാനം റിയോ ഡി ജനേറോയില്‍ ഇറങ്ങിയതിന് ശേഷമുള്ള ഇടവേളയില്‍ അവര്‍ സ്ഥലത്തെ ബാറുകളിലും നിശാക്ലബ്ബുകളിലും ഏറെ സമയം ചെലവഴിച്ചിരുന്നത്രെ. തിരികെ ഹോട്ടലില്‍ എത്തിയതിന് ശേഷം, മുറിക്കുള്ളില്‍ ഉറങ്ങിയ ജീവനക്കാര്‍, ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് പുരുഷ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ അവരെ സ്പര്‍ശിച്ചു കൊണ്ട് സ്വയം ഭോഗം ചെയ്യുന്നതായിരുന്നത്രെ. റിയോ ഡി ജനീറോയില്‍ നിന്ന് ലണ്ടനിലേക്കും തിരിച്ചുമുള്ള വിമാനത്തില്‍ നിയോഗിക്കപ്പെട്ട ജീവനക്കാരനായിരുന്നു ആരോപണ വിധേയന്‍.

തുടര്‍ന്ന് ഇയാളെ ഒരു യാത്രക്കാരനായി ബ്രിട്ടീഷ് എയര്‍വേയ്‌സ് ബ്രിട്ടനിലെത്തിച്ചു. അവിടെ വെച്ച് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് ഇയാളെ അറസ്റ്റ് ചെയ്തു. ലൈംഗിക പീഢനത്തെ കുറിച്ച് ഇപ്പോള്‍ അവര്‍ അന്വേഷിച്ചു വരികയാണ്. പീഢനത്തിന് ഇരയായി എന്ന് അവകാശപ്പെടുന്ന ജീവനക്കാരിയും സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിനെ സമീപിച്ച് തന്റെ ഭാഗം വിശദീകരിച്ചുവെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം, ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാരെ ആകെ ഞെട്ടിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു വനിത ജീവനക്കാരി, രണ്ട് പുരുഷ ജീവനക്കാര്‍ക്കൊപ്പം കിടക്കയില്‍ എങ്ങനെ എത്തി എന്ന സംശയം ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്. എന്നാല്‍, സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ തലേന്ന് മൂന്ന് പേരും മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെടുന്നതിനും, ഒരുപക്ഷെ ക്രിമിനല്‍ കേസുകള്‍ക്ക് പോലും സാധ്യതയുള്ളതാണ് ഈ സംഭവം.

ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ ചിലര്‍ ദീര്‍ഘകാലമായി പങ്കാളികള്‍ ആയിരുന്നവരാണെന്നും, പിന്നീട് പിരിഞ്ഞവര്‍ ആണെന്നും പറയപ്പെടുന്നു. സംഭവം അന്വേഷണ ഘട്ടത്തില്‍ ആയതിനാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ ആവില്ലെന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സ് വക്താവ് അറിയിച്ചു.