ന്യുയോര്‍ക്ക്: മാറിവരുന്ന മുതലാളിത്ത സങ്കല്പത്തില്‍ പണത്തേക്കാള്‍ പ്രാധാന്യം തൊഴില്‍ വൈദഗ്ധ്യത്തിന് കൈവരുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. പാടിപ്പതിഞ്ഞ പഴമ്പാട്ടുകളില്‍ വര്‍ണ്ണിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ മുതലാളിത്തമല്ല ഇന്നുള്ളത്. സാങ്കേതിക വിദ്യയുടെ കുതിച്ചു കയറ്റത്തോടെ, തൊഴില്‍ വൈദഗ്ധ്യം ഇന്ന് വിജയം നിശ്ചയിക്കുന്ന ഒരു നിര്‍ണ്ണായക ഘടകമായി മാറിയിരിക്കുന്നു. സാങ്കേതിക വിദ്യയില്‍ ആഴത്തിലുള്ള ജ്ഞാനവും,.തൊഴില്‍ വൈദഗ്ധ്യവും അതുപോലെ അര്‍പ്പണബോധത്തോടെ തൊഴില്‍ ചെയ്യാനുള്ള മനസ്സും ഉള്ള ഏതൊരാള്‍ക്കും ജീവിത വിജയം കരസ്ഥമാക്കാവുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്.

ചുറ്റുപാടുകളെയും സാഹചര്യങ്ങളെയും മനസ്സിലാക്കി കരു നീക്കിയത് തന്നെയാണ് എലന്‍ മസ്‌ക് എന്ന സംരംഭകന്റെ വിജയത്തിന് പിന്നിലെ ശക്തി. ഇപ്പോഴിതാ, സാഹചര്യങ്ങള്‍ പരമാവധി മുതലാക്കാന്‍ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുകയാണ് ഈ ശതകോടീശ്വരന്‍. തൊഴില്‍ നൈപുണ്യമുള്ള വ്യക്തികള്‍ക്ക് ലോകത്ത് എവിടെയിരുന്നും ജോലി ചെയ്യാന്‍ കഴിയുന്ന (വര്‍ക്ക് ഫ്രം ഹോം) ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് അദ്ദേഹം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ടെസ്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇത് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. പ്രതിവര്‍ഷം 2,70,000 ഡോളര്‍ വരെ ശമ്പളമായി ലഭിക്കാവുന്ന ജോലികളാണിത്.നിങ്ങള്‍ ഒരു എഞ്ചിനീയറോ, സാങ്കേതിക വിദ്യയില്‍ താത്പര്യമുള്ളവ്യക്തിയോ ആണെങ്കില്‍, നിങ്ങള്‍ക്ക്, ലോകത്തിലെ തന്നെ ഏറ്റവുമധികം നവാശയങ്ങളുമായി എത്തുന്ന കമ്പനിയിലെ ജീവനക്കാരനാകാം. അതേസമയത്ത്, നിങ്ങളുടെ വീടിന്റെ ഡ്രോയിംഗ് റൂമിന്റെയോ കിടപ്പുമുറിയുടെയോ സൗകര്യത്തില്‍ ഇരുന്ന് ജോലി ചെയ്യാനും കഴിയും. തൊഴില്‍ സമയങ്ങളിലും നിയമങ്ങളിലും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാനുള്ള മനസ്ഥിതിയും അതുവഴി, കടുത്ത മത്സരം നിലനില്‍ക്കുന്ന വിപണിയില്‍ മുന്‍കൈ നേടാനുള്ള ടെസ്ലയുടെ ശ്രമവുമാണ് ഇത്തരത്തില്‍ അസാധാരണമായ ഒരു ഓഫറിന് പിന്നില്‍. ആധുനിക സാങ്കേതിക വിദ്യയും എല്ലാവരെയും ഉള്‍ച്ചേര്‍ക്കാനുള്ള സന്നദ്ധതയും സംയോജിപ്പിച്ച ഈ ആശയം ലോകമെമ്പാടുമായി ആയിരക്കണക്കിന് ആളുകള്‍ക്ക് വിവിധ തലത്തിലുള്ള തസ്തികകളാണ് ഓഫര്‍ ചെയ്യുന്നത്.

നിരവധി വ്യത്യസ്ത തസ്തികകളിലേക്കാണ് ടെസ്ല ഇപ്പോള്‍ വിദഗ്ധരായ തൊഴിലാളികളെ തേടുന്നത്. നിര്‍മ്മിതി ബുദ്ധിയുമായി ബന്ധപ്പെട്ടുള്ള അവസരങ്ങളില്‍ സീനിയര്‍ എഞ്ചിനീയര്‍ മുതല്‍ ട്രെയിനികള്‍ വരെ ഉള്‍പ്പെടും. വന്‍കിട പവര്‍ സിസ്റ്റത്തില്‍ (ഫോട്ടോവോള്‍ടൈക് ആന്‍ഡ് സ്റ്റോറേജ് സിസ്റ്റം) കുറഞ്ഞത് 5 വര്‍ഷത്തെ പരിചയമെങ്കിലും ഉള്ളവരെയാണ് സീനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് തേടുന്നത്. ട്രാന്‍സ്‌ഫോര്‍മര്‍ ടെസ്റ്റിംഗിലും സ്‌കാഡാ പ്രോട്ടോകോളുകളിലും നൈപ്യുണ്യം ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്. അതുപോലെ വിന്‍ഡോസ്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രാവീണ്യവും വേണം പ്രവൃത്തി പരിചയത്തെ അടിസ്ഥാനമാക്കി പ്രതിവര്‍ഷം 79,200 ഡോളര്‍ മുതല്‍ 2,70,000 ഡോളര്‍ വരെയാണ് ശമ്പളം.

അതുപോലെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെസ്റ്റര്‍മാരെയും ഹ്യൂമനോയ്ഡുകള്‍ക്ക് ട്രെയിനര്‍മാരെയും ആവശ്യമുണ്ട്. ഇതിന് ആവശ്യമായ യോഗ്യതയും മറ്റ് മാനദണ്ഡങ്ങലും ടെസ്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉണ്ട്. പ്രതിമാസം 6000 ഡോളര്‍ ആണ് ഈ തസ്തികയില്‍ ശമ്പളം. ലോകത്തിന്റെ ഏത് കോണിലിരുന്നും നിങ്ങള്‍ക്ക് ഈ ജോലികള്‍ ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ടെസ്ലയുടെ ഔദ്യോഗിക പേജില്‍ പോയി നിങ്ങള്‍ക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്.

https://www.tesla.com/careers