ലണ്ടന്‍: ഒരുകാലത്ത്, ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന കായിക താരങ്ങളില്‍ ഒരാളായായിരുന്നു കോണോര്‍ മെക് ഗ്രിഗര്‍. അള്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ (യു എഫ് സി) തന്റെ നല്ല കാലത്ത് പ്രതിവര്‍ഷം 128 മില്യന്‍ പൗണ്ട് വരെ പ്രതിഫലം കൈപ്പറ്റിയിരുന്ന ഈ ഐറിഷ് താരം ഇപ്പോള്‍ ഒരു ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുകയാണ്. നികിത ഹാന്‍ഡ് എന്ന 35 കാരി ഈ 36 കാരനെതിരെ നല്‍കിയ നഷ്ടപരിഹാര കേസില്‍ വിധി പ്രഖ്യാപിച്ച കോടതിയാണ് ഗ്രിഗര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി 2,10,000 പൗണ്ട് (2,50,00 യൂറോ) നഷ്ടപരിഹാരമായി നല്‍കാന്‍ വിധിച്ചത്.

ഇതുകൊണ്ടും തീരുമെന്ന് തോന്നുന്നില്ല, ഈ പോരാളിയുടെ കഷ്ടകാലം. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍, കുറഞ്ഞത് മറ്റ് നാല് സ്ത്രീകളെങ്കിലും താരത്തിനെതിരെ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രോസിക്യൂഷനും, പോലീസും അവരുടെ ആരോപണങ്ങള്‍ മുഖവിലയ്ക്കെടുത്ത് കേസ് ചാര്‍ജ്ജ് ചെയ്തില്ലെങ്കിലും, ഇപ്പോഴത്തെ വിധിയുടെ പശ്ചാത്തലത്തില്‍ അവരും കേസിന് പോകാന്‍ സാധ്യതയുണ്ട്. എത്ര ഭയന്നാലും, അതെല്ലാം മാറ്റി തുറന്ന് പറയുവാനുള്ള ചങ്കൂറ്റം കാണിക്കണം എന്നാണ് ബലാത്സംഗ ഇരകളോട് തനിക്ക് പറയാനുള്ളതെന്നായിരുന്നു വിധിക്ക് ശേഷം ഹാന്‍ഡ് പ്രതികരിച്ചത്. നീതിക്ക് വേണ്ടി വിശ്രമമില്ലാതെ പോരാടണമെന്നും അവര്‍ ബലാത്സംഗത്തിന് ഇരകളായവരോട് ആഹ്വാനം ചെയ്യുന്നു.

2018 ലെ, മദ്യവും മയക്കുമരുന്നും വിളമ്പിയ ഒരു ക്രിസ്ത്മസ് വിരുന്നിനിടെ ഒരു ഹോട്ടലിന്റെ പെന്റ്ഹൗസില്‍ വെച്ച് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്ത് തന്റെ ജീവിതം തകര്‍ത്തകാര്യം മെക് ഗ്രിഗര്‍ നിഷേധിച്ചത് നുണ ആയിരുന്നു എന്ന് ഡുബ്ലിനിലെ ജഡ്ജിയെ ബോദ്ധ്യപ്പെടുത്താന്‍ ഹാന്‍ഡിന് കഴിഞ്ഞു. മറ്റ് നാല് ബലാത്സംഗ ആരോപണങ്ങള്‍ കൂടി മെക് ഗ്രിഗറിന് എതിരെ ഉണ്ടെങ്കിലും പോലീസ് അവയെല്ലാം തള്ളിക്കളയുകയായിരുന്നു. ഏറ്റവും അവസാനം മിയാമിയില്‍ നടന്ന എന്‍ ബി എ ഫൈനലിനിടയില്‍ പോലും മെക് ഗ്രിഗറിനെതിരെ സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. ഓരോ ആരോപണവും മെക് ഗ്രിഗര്‍ ശക്തമായി നിഷേധിച്ചിരുന്നു. മാത്രമല്ല, ഒരവസരത്തിലെങ്കിലും, ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് സാമ്പത്തിക ലക്ഷ്യത്തിനായിട്ടാണെന്ന് മെക് ഗ്രിഗറുമായി അടുത്ത വൃത്തങ്ങള്‍ ആരോപിക്കുകയും ചെയ്തിരുന്നു.

മെക് ഗ്രിഗറിനും അയാളുടെ സുഹൃത്ത് ജെയിംസ് ലോറന്‍സിനും എതിരെ ക്രിമിനല്‍ കേസുകള്‍ ചാര്‍ജ്ജ് ചെയ്യേണ്ടതില്ല എന്ന് 2020 ല്‍ അയര്‍ലാന്‍ഡിലെ ഡയറക്റ്റര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് ഹാന്‍ഡ് സിവില്‍ കേസുമായി മുന്നോട്ട് പോകുന്നത്. കേസിലെ വാദപ്രതിവാദങ്ങള്‍ ആറ് മണിക്കൂറോളം സമയം എടുത്ത് വിശദമായി പഠിച്ചതിന് ശേഷമായിരുന്നു എട്ട് സ്ത്രീകളും നാല് പുരുഷന്മാരും അടങ്ങുന്ന ജൂറി വിധി പ്രസ്താവം നടത്തിയത്. വിധി പ്രസ്താവിക്കുമ്പോള്‍ ഉടനീളം മെക് ഗ്രിഗര്‍ തലകുലുക്കി അത് നിഷേധിക്കുകയായിരുന്നു.

മെക് ഗ്രിഗറിന്റെ കേസ് നടത്തിപ്പ് തന്നെ ഏകദേശം 3 ലക്ഷം പൗണ്ടോളം വരും. ഇപ്പോള്‍ ഹാന്‍ഡിന്റെ കോടതി ചെലവുകളും താരം നല്‍കേണ്ടതായി വരും. ഇത് ഏകദേശം 5 ലക്ഷത്തോളം വരും. നഷ്ട പരിഹാരത്തിനു പുറമെ ഈ തുകയും ഇയാള്‍ നല്‍കേണ്ടതായി വരും.