ര്‍മ്മന്‍ നഗരമായ ലീപ്സിഗില്‍ നിന്നും ലിത്വാനിയന്‍ തലസ്ഥാനത്തിലേക്കുള്ള ഡി എച്ച് എല്ലിന്റെ ചരക്ക് വിമാനം റണ്‍വേയില്‍ ഇറങ്ങാന്‍ തുടങ്ങുന്നതിനിടയില്‍ ആടിയുലയുകയും പിന്നീട് തെന്നിമാറി തൊട്ടടുത്തുള്ള ഒരു വീട്ടിലേക്ക് ഇടിച്ചുകയറി ഒരു അഗ്‌നിഗോളമാകുകയും ചെയ്തു. ഇന്നലെ രാവിലെ പ്രാദേശിക സമയം 5.30 ന് ആണ് അപകടം നടന്നത്. ബോയിംഗ് 737 -400 വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകടകരാം വിധം താഴ്ന്ന് പറന്ന് വില്‍നിയസ് വിമാനത്താവളത്തിന് നേരെ അടുക്കുന്ന വിമാനം അടുത്തുള്ള ഒരു സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ഇത് ഒരു അപകടമാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ ജര്‍മ്മന്‍ വിദേശകാര്യമന്ത്രി, സംഘര്‍ഷം മൂര്‍ച്ഛിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇതൊരു അട്ടിമറിയാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. റണ്‍വേയിലൂടെ തെന്നിമാറിയ വിമാനം നൂറിലധികം മീറ്റര്‍ നീങ്ങി അടുത്തുള്ള ഒരു ഇരുനില കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നു. അഗ്‌നിശമനക്കാര്‍ സംഭവസ്ഥലത്ത് എത്തി തീയണക്കാന്‍ ശ്രമിക്കുന്നതിന്റെയും കത്തിയെരിഞ്ഞ വിമാനത്തിന്റെ അവശിഷ്ടങ്ങളുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അടുത്തിടെ ലീപ്സിഗിലും ബിര്‍മ്മിംഗ്ഹാമിലുമുള്ള ഡി എച്ച് എല്‍ വെയര്‍ഹൗസുകളില്‍ ദുരൂഹമായ സ്‌ഫോടന പരമ്പര തന്നെ നടന്നിരുന്നു. പാശ്ചാത്യ നാടുകളിലെ വാണിജ്യ വിമാനങ്ങളില്‍ അട്ടിമറി സൃഷ്ടിച്ചുകൊണ്ട് റഷ്യന്‍ പ്രതികരണം ഉണ്ടായേക്കാം എന്ന് ഭയപ്പെടുന്ന ഒരു സാഹചര്യത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്. ലിത്വാനിയന്‍ പോലീസ് കമ്മീഷണര്‍ ജനറല്‍, അരുണാസ് പൗലൗസ്‌കാസ് പറഞ്ഞത് ഒരു ഭീകരാക്രമണ സാധ്യതയും അന്വേഷണോദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല എന്നാണ്.

വിമാനം കത്തിയമര്‍ന്നെങ്കിലും അതിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കുകളോടെയാണെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. അതേസമയം വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരില്‍ സ്പാനിഷ് പൗരനെന്ന് സംശയിക്കപ്പെടുന്ന ഒരാള്‍ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. വിമാനം ചെന്ന് ഇടിച്ച കെട്ടിടത്തില്‍ നിന്നും 12 പേരെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ക്കാര്‍ക്കും പരിക്കുകള്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.