- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് കുടുംബങ്ങള്‍ക്ക് ഒരു അടുക്കള മാത്രം; വീടുകള്‍ക്ക് മതിലുകളില്ല; അതിരുകളില്ലാതെ വാര്‍ധക്യത്തില്‍ ഒരുമിക്കാന്‍ ഒരിടം; സിനര്‍ജി ഹോംസിന് കോട്ടയത്ത് തുടക്കം
കോട്ടയം: വാര്‍ധക്യ കാലത്തെ ഒറ്റപ്പെടല്‍ മറന്ന് ജീവിക്കാനാണിവര്‍ക്കിഷ്ടം. അങ്ങനെ ആഗ്രഹിക്കുന്ന ഒരൂ കൂട്ടം ആളുകള്‍ ചേര്‍ന്നാണ് സിനിര്‍ജി ഹോംസിന് തുടക്കമിട്ടിരിക്കുന്നത്. ആട്ടവും പാട്ടുമൊക്കെയായി ഇവര്‍ ഒരുമിച്ച് നടക്കുന്നത് കാണാന്‍ തന്നെ എന്തു രസമാണ്. കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപം അന്ത്യാളം എന്ന സ്ഥലത്താണ് സിനര്‍ജി ഹോംസ്. സിനര്‍ജി എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ സംഘോര്‍ജ്ജം എന്നാണ്. ഇവിടെ താമസമാക്കിയ 15 കുടുംബങ്ങള്‍ ചേര്‍ന്ന് ജീവിതത്തിന്റെ ശിഷ്ടകാലം ആനന്ദകരമാക്കി മാറ്റുകയാണ്. സമീപത്തു കൂടി ഒഴുകുന്ന ളാലം തോടിന്റെ സുന്ദര കാഴ്ച്ചയും ഇരട്ടി ഊര്‍ജ്ജമാണ് നല്‍കുന്നത്.
ജി്വിതത്തില്‍ ഒറ്റയ്ക്കാകുമ്പോള്‍ പരസ്പരം സംസാരിച്ച് കഴിയുന്നതിനും കൈത്താങ്ങാകുന്നതിനുമാണ് സിനര്‍ജി ഹോം ആരംഭിച്ചത്. സ്വന്തമായി ഒന്നരയേക്കറോളം സ്ഥലം വാങ്ങി 15 ചെറിയ വീടുകള്‍ നിര്‍മ്മിച്ചു. ഈ വീടുകള്‍ക്കൊന്നും അടുക്കളയുടെയോ മതിലുകളുടെയോ ആവശ്യമില്ല. അതിരില്ലാത്ത സ്നേഹമാണ് എല്ലാവരും തമ്മില്‍. ഒരു അടുക്കളയില്‍ ഒരുമിച്ചുണ്ടാക്കുന്ന ഭക്ഷണം ഒരുമിച്ചിരുന്നു കഴിക്കുന്നു. ഒരുമിച്ച് വ്യായാമം, കൃഷി, വിനോദം, വായന എല്ലാം ഒരുമിച്ച്.
മക്കള്‍ വിദേശത്തും മറ്റ് സംസ്ഥാനങ്ങളില്‍ ജോലിയിലും അവരുടേതായ തിരക്കിലായതോടെ 70 വയസ്സിന് മുകളിലുള്ളവര്‍ ചേര്‍ന്നാണ് ഒരുമിച്ച് ഒരിടത്ത് ജീവിക്കണമെന്ന് ആശയം ഉയര്‍ന്നത്. മക്കളുടെ പൂര്‍ണ്ണമനസ്സോടെയാണ് തീരുമാനമെടുത്തത്. മക്കള്‍ക്കും എറെ സന്തോഷം. അവധിയ്ക്ക് നാട്ടിലെത്തുമ്പോള്‍ മക്കളും കൊച്ചുമക്കളുമെല്ലാവരുമായി ഇവിടെ ആഘോഷിക്കുന്നതിനും തീരുമാനമുണ്ട്. സിനര്‍ജി ടി. സി. ഐ. ഫോറം ഫോര്‍ സീനിയര്‍ സിറ്റിസണ്‍ എന്ന കൂട്ടായ്മയിലെ അംഗങ്ങളാണിവര്‍. കോട്ടയം ജില്ലയില്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുന്‍ കോളജ് അധ്യാപകന്‍ ഡോ. തോമസ് എബ്രഹാമിന്റെ ആശയമാണ് ഇന്ന് ഇവരെല്ലാം ഒരുമിക്കാന്‍ കാരണം. 2015 ലാണ് സംഘടന പ്രവര്‍ത്തനം ആരംഭിക്കുന്നത്. 15 കുടുംബങ്ങളില്‍ തുടങ്ങി ഇന്ന് നൂറോളം കുടുംബങ്ങള്‍ അംഗങ്ങളാണ്. 9 വര്‍ഷം മുന്‍പ് എം. ജി. സര്‍വ്വകലാശാലയില്‍ നടത്തിയ ഒരു ശില്‍പ്പശാലയാണ് സംഘടന രൂപീകരിക്കാന്‍ കാരണമായത്.
വിവിധ ജോലികളില്‍ നിന്നും വിരമിച്ചവരാണ് എല്ലാവരും. 70 വയസു മുതല്‍ 82 വയസ് വരെ പ്രായമായവരുണ്ട്. റിട്ടയേര്‍ഡ് കേണല്‍, പ്രൊഫസര്‍മാര്‍, ബാങ്ക് മാനേജര്‍ എന്നിവരൊക്കെയാണ് ഒരുമിച്ച് കഴിയാന്‍ തീരുമാനിച്ചത്. മന്ത്രി റോഷി അഗസ്റ്റിന്‍ സിനര്‍ജി ഹോംസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഒരേ പോലെയുള്ള 15 വീടുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. വീടുകളടെയെല്ലാം മുറ്റത്ത് ഫലവൃക്ഷങ്ങള്‍ നട്ടിട്ടുണ്ട്. വലുതാവുന്നതോടെ ഇവ തണലേകും. ജൈവകൃഷിക്കായി സ്ഥലം ഒരുക്കിയിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് കൃഷി ചെയ്യാനാണ് തീരുമാനം.
വൈകാതെ ഉദ്യാനവും ഒരുക്കും. പൊതുജനങ്ങള്‍ക്ക് സിനര്‍ജി ഹോംസ് സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. രണ്ടാം നിലയില്‍ വായനശാലയുണ്ട്. മീറ്റിങ്ങില്‍ എല്ലാവരും വട്ടത്തിലാണ് ഇരിക്കാറ്. എല്ലാവരും തുല്യരാണെന്നാണ് അതിന്റെ സന്ദേശം. സിനര്‍ജി ഹാംസിന്റെ ആശയം മനസ്സിലാക്കി നിരവധിയാളുകളാണ് പിന്തുണയുമായെത്തുന്നത്. സിനര്‍ജി ഹോംസിന്റെ ദര്‍ശനം, മനശാസ്ത്രം ഇവയെപ്പറ്റിയുള്ള ശില്‍പ്പശാല 28 ന് രാവിലെ 10 മുതല്‍ ഒന്ന് വരെ എം. ജി. യൂണിവേഴ്സിറ്റിയില്‍ നടത്തും. മൊബൈല്‍ നമ്പര്‍: തോമസ് എബ്രഹാം 9447180439.