ലണ്ടന്‍: ഇലക്ട്രിക് കാറുകള്‍ക്ക് പ്രതീക്ഷിച്ചത് പോലെ ആവശ്യക്കാര്‍ ഇല്ലാതായതോടെ ബ്രിട്ടനിലെ കാര്‍ നിര്‍മ്മാതാക്കള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നിര്‍മ്മിക്കുന്ന മൊത്തം കാറുകളില്‍ 22 ശതമാനം ഇലക്ട്രിക് കാറുകളായിരിക്കണം എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാന്‍ കഴിയാതെ വലയുകയാണ് കാര്‍ നിര്‍മ്മാതാക്കള്‍. ഇത് കാര്‍ നിര്‍മ്മാണ മേഖലയെ കനത്ത പ്രതിസന്ധിയിലേക്ക് തള്ളുകയാണെന്ന് ഫോര്‍ഡ് യു കെയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ലിസ ബ്രാന്‍കിന്‍ പറയുന്നു.

പെട്രോള്‍ - ഡീസല്‍ കാറുകളില്‍ നിന്നും മാറി ആളുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുവാന്‍ പ്രോത്സാഹനം എന്ന നിലയില്‍ നികുതിയിളവ് പോലുള്ള ഇന്‍സെന്റീവുകള്‍ പ്രഖ്യപിക്കണമെന്നും അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇലക്ട്രിക് വാഹനങ്ങളുടേ നിര്‍മ്മാണവും വികസനവുമായി ബന്ധപ്പെട്ട് വന്‍ തുക ഫോര്‍ഡ് മുതല്‍ മുടക്കിയിട്ടുണ്ടെന്നും അതില്‍ യു കെയില്‍ മാത്രം 350 മില്യന്‍പൗണ്ട് മുടക്കിയിട്ടുണ്ടെന്നും അവര്‍ചൂണ്ടിക്കാണിച്ചു. ആ മൂലധന നിക്ഷേപം പാഴാകില്ലെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് കടമയുണ്ടെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

ഉപഭോക്താക്കളെ ഇലക്ട്രിക് കാറുകളിലേക്ക് ആകര്‍ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണെങ്കില്‍, ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന 22 ശതമാനം ഇലക്ട്രിക് വാഹന നിര്‍മ്മാണം എന്ന ലക്ഷ്യം കൈവരിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും അവര്‍ പറഞ്ഞു. ഒരു വ്യവസായം എന്ന നിലയില്‍, സര്‍ക്കാരിന്റെ പ്രവര്‍ത്തന ദിശയെ തങ്ങള്‍ പിന്തുണക്കുന്നു. മാത്രമല്ല, സര്‍ക്കാര്‍ ആഗ്രഹിക്കുന്ന ലക്ഷ്യത്തെയും പിന്തുണയ്ക്കുന്നു. ഉപഭോക്താക്കള്‍ക്കിടയില്‍ ഇലക്ട്രിക് കാറുകള്‍ക്കുള്ള ആവശ്യകത ഇല്ല എന്നൊരു പ്രശ്നം മാത്രമെയുള്ളു എന്നും അവര്‍ പറയുന്നു.

അതിനിടയില്‍, വോക്സോള്‍ അവരുടെ യു കെയിലെ കാര്‍ നിര്‍മ്മാണ യൂണീറ്റ് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ പാര്‍ലമെന്റില്‍ ചോദ്യമുയര്‍ന്നു. പ്രധാനമന്ത്രിയുടെ ചോദ്യോത്തരവേളയില്‍, പ്രതിപക്ഷ നേതാവ് കെമി ബെയ്ഡ്‌നോക്ക് ആരോപിച്ചത് തൊഴില്‍ നഷ്ടങ്ങളെകുറിച്ച് കീര്‍ സ്റ്റാര്‍മര്‍ ചിന്തിക്കുന്നില്ല എന്നാണ്. മാത്രമല്ല, പെട്രോള്‍- ഡീസല്‍ കാറുകള്‍ ഘട്ടം ഘട്ടമായി നീക്കം ചെയ്യാനുള്ള മുന്‍ ടോറി സര്‍ക്കാരിന്റെ നയം പിന്തുടരുന്നതുമായി ബന്ധപ്പെട്ടും സ്റ്റാര്‍മര്‍ക്കേതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നു.

ലൂട്ടണിലെ വോക്സൊള്‍ പ്ലാന്റ് അടച്ചു പൂട്ടുന്നത് വഴി തൊഴില്‍ ഇല്ലാതെയാകുന്ന 1100 പേരോട് പ്രധാനമന്ത്രിയും സര്‍ക്കാരും അനുകമ്പ കാണിക്കണമെന്നും അവര്‍ ആവശ്യപ്പെടു. ഏകപക്ഷീയമായി പലയിടങ്ങളിലും സഹായ വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി നടക്കുമ്പോള്‍, രാജ്യത്ത് ബെഡ്‌ഫോര്‍ഡ്ഷയറിലും ബാസില്‍ഡണിലുമൊക്കെ വ്യവസായങ്ങള്‍ അടച്ചു പോവുകയാണെന്നും അവര്‍ ആരോപിച്ചു. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടാലും, 2030 ഓടെ പെട്രോള്‍ - ഡീസല്‍ കാറുകളുടെ വില്പന പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്ന നയത്തില്‍ പ്രധാനമന്ത്രി ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നും അവര്‍ ചോദിച്ചു.

ലൂട്ടണില്‍ അനേകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു എന്നത് അതീവ ഗുരുതരമായ കാര്യമാണെന്നും, അക്കാര്യം പരിശോധിച്ച് വരികയാണെന്നുമായിരുന്നു അതിനോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം. എന്നാല്‍, ഇക്കാര്യത്തില്‍ പ്രധാന വില്ലനായ ഇലക്ട്രിക് വാഹന മാനദണ്ഡങ്ങള്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മാത്രമല്ല, ഈ മാനദണ്ഡം നിലവില്‍ വരുന്നത് കെമി ബെയ്‌ഡോക്ക് ബിസിനസ്സ് സെക്രട്ടറി ആയിരുന്ന കാലത്താണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.