ആലപ്പുഴ: അസാധാരണ രൂപമാറ്റങ്ങളോടെയും ആരോഗ്യ പ്രശ്‌നങ്ങളോടെയും കുഞ്ഞു ജനിച്ച സംഭവത്തില്‍ ആലപ്പുഴയിലെ രണ്ട് സ്വകാര്യ സ്‌കാനിങ് സെന്ററുകള്‍ക്കു വീഴ്ച സംഭവിച്ചുവെന്നു കണ്ടെത്തല്‍. ആരോഗ്യ വകുപ്പിന്റെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കുഞ്ഞിന്റെ ഗര്‍ഭകാല പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ആലപ്പുഴയിലെ ശങ്കേഴ്‌സ് ലാബിനും മിഡാസ് ലാബിനും വീഴ്ച സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്താകെയുള്ള സ്ഥാപനങ്ങളുടെ റജിസ്‌ട്രേഷനും പരിശോധനയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് നീക്കം തുടങ്ങി.

ആരോഗ്യ പ്രശ്‌നങ്ങളോടെ ജനിച്ച കുഞ്ഞ് ഗര്‍ഭാവസ്ഥയില്‍ ആയിരുന്നപ്പോള്‍ രണ്ടിടത്തും സ്‌കാന്‍ ചെയ്തിരുന്നു. പരിശോധന നടത്തിയവര്‍ക്കു ജാഗ്രതക്കുറവുണ്ടായി എന്നാണു വിവരം. നിയമം അനുസരിച്ച് സ്‌കാനിങ് ചെയ്യുന്ന റേഡിയോളജിസ്റ്റുകള്‍ക്ക് പ്രത്യേക റജിസ്‌ട്രേഷന്‍ വേണം. രണ്ടിടത്തെയും റേഡിയോളജിസ്റ്റുകള്‍ ആ നടപടി പൂര്‍ത്തിയാക്കിയിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായി.

സര്‍ക്കാരിന് ഇന്നലെ ലഭിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് വീഴ്ച കണ്ടെത്തിയതായി പറയുന്നത്. സ്‌കാനിങ് സെന്ററുകളില്‍ രണ്ട് വര്‍ഷമായുള്ള രേഖകള്‍ ലഭ്യമല്ലെന്ന് അന്വേഷണ സംഘം ആദ്യദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് 2 സ്ഥാപനങ്ങളും ആരോഗ്യ വകുപ്പ് അടച്ച് സീല്‍ ചെയ്തു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് സ്‌കാനിങ് സെന്ററുകളുടെ വീഴ്ചകള്‍ കണ്ടെത്തിയത്.

അസാധാരണമായ നിരവധി വൈകല്യങ്ങളോടെയും ആരോഗ്യ പ്രശ്‌നങ്ങളോട് കൂടിയുമാണ് കുഞ്ഞ് ജനിച്ചത്. സംഭവത്തില്‍ വനിതാ ശിശു ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയും രണ്ട് സ്വകാര്യ ലാബുകളിലെ ഡോക്ടര്‍മാര്‍ക്കെതിരെയുമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കമ്മിഷന്‍ അംഗം ജലജ ചന്ദ്രന്റെ നേതൃത്വത്തില്‍ നാളെ രാവിലെ ഒന്‍പതിന് കുട്ടിയെയും അമ്മയെയും സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിക്കും.