ലണ്ടന്‍: ഏറെ ജനപ്രിയമായ ബി ബി സി കുക്കിംഗ് ഷോ ആയ മാസ്റ്റര്‍ ഷെഫ് അവതാരകന്‍, ഗ്രെഗ്ഗ് വാലസിനെതിരെ പുതിയ ലൈംഗികാരോപണങ്ങള്‍ ഉയരുന്നു. നേരത്തേ ഈ 60 കാരനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടെയാണിത്. അതിനിടെ, കഴിഞ്ഞ 20 വര്‍ഷക്കാലമായി അവതരിപ്പിക്കുന്ന ഷോയില്‍ നിന്നും പിന്മാറുകയാണെന്ന് ഇയാള്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച 13 പേരായിരുന്നു ഇയാള്‍ക്കെതിരെ ആരോപണവുമായി എത്തിയത്.

2005 മുതല്‍ 2022 വരെ 17 വര്‍ഷക്കാലത്തിനിടയില്‍, അഞ്ച് വ്യത്യസ്ത ഷോകളില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഈ ആരോപണങ്ങള്‍ക്കിടയായ സംഭവങ്ങള്‍ നടന്നു എന്ന് പറയുന്നത്. മര്യാദയില്ലാത്ത പെരുമാറ്റം, ലൈംഗിക ചുവയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇയാള്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്. ന്യൂസ് വീക്ക് അവതാരക ക്രിസ്റ്റി വാര്‍ക്ക് വരെ ആരോപണമുന്നയിച്ചവരില്‍ ഉള്‍പ്പെടും. എന്നാല്‍, ഇയാള്‍ ലൈംഗിക ചുവയോടെ പെരുമാറുന്നു എന്ന ആരോപണം തികച്ചും വ്യാജമാണെന്നാണ് ഇയാളുടെ അഭിഭാഷകന്‍ പറയുന്നത്.

ഇപ്പോള്‍, വാലസുമായുള്ള അനുഭവത്തെ കുറിച്ച് ബി ബി സി ന്യൂസിനോട് തുറന്നു പറയാന്‍ മൂന്ന് സ്ത്രീകള്‍ കൂടി മുന്‍പോട്ട് വന്നിരിക്കുകയാണ്. അതില്‍ ഒരു സ്ത്രീ ആരോപിക്കുന്നത്, വാലസ് തന്റെ സ്വകാര്യ ഭാഗങ്ങളില്‍ തടവി എന്നാണ്. മറ്റൊരു സ്ത്രീ ആരോപിച്ചിരിക്കുന്നത്, ഈറ്റ് വെല്‍ ഫോര്‍ ലെസ്സ് എന്ന ഷോയുടെ ചിത്രീകരണ വേളയില്‍ വാലസ് തന്റെ ജനനേന്ദ്രിയം തന്റെ മേല്‍ അമര്‍ത്തുകയുണ്ടായി എന്നാണ്. മൂന്നാമത്തെ സ്ത്രീ ആരോപിക്കുന്നത്, ഡ്രസ്സിംഗ് റൂമില്‍ ഇയാള്‍ ഒളിഞ്ഞു നോക്കി എന്നാണ്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇവര്‍ ഈ ആരോപണം ആദ്യമായി ഉന്നയിച്ചതെന്നും, വാലസുമായി ബന്ധപ്പെട്ടെങ്കിലും അയാള്‍ പ്രതികരിച്ചില്ല എന്നും ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈപ്പോള്‍ ആരോപണവുമായി മുന്‍പോട്ട് വന്നിരിക്കുന്നതില്‍ ആദ്യത്തെ വനിത ബി ബി സിയുടെ ഈറ്റ് വെല്‍ ഫോര്‍ ലെസ്സ് എന്ന ഷോയുമായി 2015 ല്‍ സഹകരിച്ച് പ്രവൃത്തിച്ച വ്യക്തിയാണ്. ഷോയ്ക്കായി ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു. ഇയാള്‍ തന്നെ തലോടിയതെന്ന് അവര്‍ പറയുന്നു. ഈ പ്രശ്നം താന്‍ തന്റെ മേലധികാരികളോട് ഉന്നയിച്ചിരുന്നു എന്നും അവര്‍ പറയുന്നു. എന്നാല്‍, നടപടികള്‍ ഒന്നും തന്നെയുണ്ടായില്ല.

ഒരു ഈവന്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോഴാണ് താന്‍ വാലസുമായി പരിചയപ്പെട്ടത് എന്ന് രണ്ടാമത്തെ സ്ത്രീ പറയുന്നു. പരിപാടി കഴിഞ്ഞപ്പോള്‍ കാര്‍ പാര്‍ക്കിംഗിലെക്ക് ഒരുമിച്ച് വരുവാന്‍ ആവശ്യപ്പെട്ടു എന്നും പോകുന്ന വഴിയില്‍ തന്നെ അയാള്‍ കെട്ടിപ്പിടിച്ചു എന്നും അവര്‍ പറയുന്നു. മൂന്നമത്തെ സ്ത്രീ 2015 ല്‍ മാസ്റ്റര്‍ഷെഫില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. ഷോ കഴിഞ്ഞ ഉടന്‍ വാലസ് തന്നെ ഡ്രസ്സിംഗ് റൂമിലേക്ക് വിളിപ്പെച്ചെന്നും അവിടെ വെച്ച് നഗ്‌നത കാണിച്ചെന്നും ഇവര്‍ പരാതിപ്പെടുന്നു. അന്ന് താന്‍ തന്റെ കരിയറിന്റെ തുടക്കത്തിലായതിനാലായിരുന്നു പരാതിപ്പെടാഞ്ഞതെന്നും അവര്‍ പറഞ്ഞു.