മെക്സിക്കോ: മന്ത്രവാദവും അന്ധവിശ്വാസവും കാരണം സമൂഹത്തിൽ നിരവധി ജീവനുകളാണ് പൊലിയുന്നത്. ഒരു യുക്തിയുമില്ലാത്ത കാര്യങ്ങളിൽ മനുഷ്യർ ആവശ്യമില്ലാതെ ഇടപെടും. ശേഷം ജീവിതത്തിൽ നല്ലത് സംഭവിക്കാൻ വേണ്ടി ഓടിപോയി ഇയതുപോലെയുള്ള മന്ത്രവാദികളെ പോയി കണ്ട് പണി വാങ്ങുന്നവരും കൂടുതലാണ്.

തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ നടക്കുന്ന 'കാംബോ ആചാര'ത്തില്‍ പങ്കെടുത്ത് തവള വിഷം ഉള്ളില്‍ ചെന്നതോടെ മെക്‌സിക്കന്‍ നടി മരണപ്പെട്ടു. മെക്‌സിക്കന്‍ ഷോര്‍ട്ട് ഫിലിം നടി മാര്‍സെല അല്‍കാസര്‍ റോഡ്രിഗസാണ് മരിച്ചത്. ആമസോണിയന്‍ ഭീമന്‍ കുരങ്ങന്‍ തവളയുടെ വിഷം ആചാരത്തിന്റെ ഭാഗമായി ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് റിപ്പോട്ടുകളിൽ പറയണത്.

പ്രധാനമായും തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ നടക്കുന്ന അപകടകരമായ ഒരു ആചാരമായ 'കാംബോ ആചാര'ത്തില്‍ പങ്കെടുത്തതിന് ശേഷമാണ് മാര്‍സെലയുടെ ആരോഗ്യനില വഷളാവുകയും മരിക്കുകയും ചെയ്തത്. ശരീരത്തിലെ വിഷവസതുക്കളെ നീക്കി ശുദ്ധീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് 'കാംബോ' എന്ന ആചാരണം നടത്തുന്നത്.

ചടങ്ങിന്റെ ഭാഗമായി ഒരു ലിറ്ററില്‍ കൂടുതല്‍ വെള്ളം കുടിപ്പിക്കുകയും അതിനുശേഷം ചര്‍മ്മത്തില്‍ ചെറിയ പൊള്ളലുകള്‍ ഉണ്ടാക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊള്ളലേറ്റ മുറിവുകള്‍ തവളയുടെ വിഷം അടങ്ങിയ സ്രവംകൊണ്ട് മൂടുന്നു. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ശാരിരിക അവശതകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശുദ്ധീകരിക്കാനാണെന്നും ഇതിന്റെ ഫലമായാണ് ഛര്‍ദ്ദിക്കുന്നതെന്നുമാണ് വിശ്വസിപ്പിക്കുന്നത്.

കഠിനമായ ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടെങ്കിലും ഇത് രോഗശാന്തിയിലൂടെ കടന്നുപോകുമ്പോള്‍ ശരീരത്തിന്റെ പ്രതികരണങ്ങളുടെ ഭാഗമാണെന്ന് വിശ്വസിച്ച് ആദ്യം ചികിത്സ സഹായം നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.റിട്രീറ്റില്‍ ആചാരം നടത്തിയ പാരമ്പര്യചികിത്സകന്‍ റോഡ്രിഗസിന്റെ നില വഷളായതോടെ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. നടിയെ നില വഷളായപ്പോഴും ആരും സഹായിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് പ്രക്രിയയുടെ ഭാഗമാണെന്നും പുറത്തുപോകരുതെന്ന് പാരമ്പര്യചികിത്സകര്‍ റോഡ്രിഗസിന് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ദൗര്‍ഭാഗ്യകരമായ സംഭവത്തെ തുടര്‍ന്ന് ഇത്തരം ആചാരങ്ങളുടെ അപകടങ്ങളെക്കുറിച്ചും ഇവയ്ക്ക് ലഭിക്കുന്ന ജനപ്രീതിയെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മെക്‌സിക്കന്‍ സിനിമാ മേഖല നടിയുടെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.