ലണ്ടന്‍: നൈജീരിയയിലെ ഒരു ടെസ്റ്റ് സെന്ററില്‍ നടന്ന തട്ടിപ്പിന്റെ ഫലമായി വിദേശ നഴ്സുമാര്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യുന്നതിനുള്ള യോഗ്യത നല്‍കുന്ന പരീക്ഷയില്‍ 700 ല്‍ അധികം പേര്‍ അര്‍ഹതയില്ലാതെ ജയിച്ചതായി വെളിപ്പെടുത്തി. ഈ കേസുമായി ബന്ധപ്പെട്ട വിചാരണക്കിടെയാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്. ബ്രിട്ടനില്‍ ജോലിക്കായി ശ്രമിക്കുന്നവര്‍ ഒരു പ്രോക്സി ടെസ്റ്റര്‍ ഉപയോഗിക്കുവാന്‍ നിര്‍ബന്ധിതരായി എന്നും അത് ഓരോ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്തിരുന്നെന്നും പാനലിന് മുന്‍പാകെ ബോധിപ്പിക്കപ്പെട്ടു.

രണ്ടര മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കേണ്ട ടെസ്റ്റ് വെറും 10 മിനിറ്റില്‍ പൂര്‍ത്തിയാക്കിയതായി അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ വ്യാജ യോഗ്യത നേടിയ ഒരു വനിത നഴ്സിനെ അടുത്തകാലത്ത് നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ റെജിസ്റ്ററില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഈ നഴ്സിന് വേണ്ടി മറ്റൊരാളാണ് പരീക്ഷയെഴുതിയത് എന്ന് തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഈ സെന്ററില്‍ നിന്നുള്ള ഒരു പരീക്ഷയുടെ ഫലം ഒന്നും തന്നെ വിശ്വാസ്യയോഗ്യമല്ല എന്നും അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു.

ഈ സംഭവം വിവാദമായതോടെ നൈജീരിയയില്‍ വിദ്യാഭ്യാസം നേടിയ ഏകദേശം 2000 ഓളം നഴ്സുമാരുടെ ഭാവി സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. എല്ലാ കേസുകളും അന്വേഷിക്കണമെന്ന് വന്നതോടെ നിരവധി പേരാണ് വിചാരണയുടെ ഫലവും കാത്ത് അനിശ്ചിതത്വത്തില്‍ കഴിയുന്നത്. തങ്ങളുടെ ജീവിതം തന്നെ നിശ്ചലമായിരിക്കുകയാണെന്ന് അവര്‍ പറയുന്നു. മറ്റു ചിലരെ ഇതിനോടകം തന്നെ തൊഴിലുടമകള്‍ പിരിച്ചു വിടുകയും വിസ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവരില്‍ പലരും വന്‍ കടക്കെണിയില്‍ പെട്ടിരിക്കുകയാണ്. മാത്രമല്ല, വലിയതോതില്‍ തന്നെ മാനസികാഘാതം അനുഭവിക്കുന്നുമുണ്ട്.

എന്‍ എച്ച് എസ്സിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി, വിദേശ ജീവനക്കാരില്‍ കൂടുതലായി ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തില്‍, അതിനുള്ള യോഗ്യത നിശ്ചയിക്കുന്ന ഈ പരീക്ഷയ്ക്ക് അതീവ പ്രാധാന്യമുണ്ട്. ഇതില്‍ ആദ്യഭാഗം കമ്പ്യൂട്ടര്‍ അടിസ്ഥിതമായ ഒരു പരീക്ഷയാണ്. രണ്ടര മണിക്കൂര്‍ സമയമാണ് ഇതിനായി നല്‍കുന്നത്. എന്‍ എം സി ക്ക് കമ്പ്യൂട്ടര്‍ അടിസ്ഥിത പരീക്ഷയ്ക്കുള്ള സംവിധാനം ഒരുക്കുന്നത് പിയേഴ്സണ്‍ വി യു ഇ ആണ്.

2023 ല്‍ യുന്നിക്കില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ 10 മിനിറ്റില്‍ പരീക്ഷ പൂര്‍ത്തിയാക്കിയത് ശ്രദ്ധയില്‍ പെട്ട പിയേഴ്സണ്‍ തന്നെയാണ് അന്വേഷണം ആദ്യമായി ആരംഭിച്ചത്. തുടര്‍ന്നാണ് 2019 മുതല്‍ക്കുള്ള തട്ടിപ്പുകളെ കുറിച്ചുള്ള ചില വിവരങ്ങള്‍ ലഭിക്കുന്നത്.