- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലിസ്റ്റിക് മിസൈല്‍ ആക്രമണമടക്കം മുന്നറിയിപ്പ് നല്‍കും; ഭൗമ, ബഹിരാകാശ വസ്തുക്കളും അവശിഷ്ടങ്ങളും നിരീക്ഷിക്കും; ചൈന അനങ്ങിയാല്‍ ഇനി ഇന്ത്യ അറിയും; റഷ്യയുമായി 'വൊറോനെഷ് റഡാര്‍' മെഗാ ഡീല്‍
റഷ്യയുമായി 'വൊറോനെഷ് റഡാര്‍' മെഗാ ഡീല്‍
ന്യൂഡല്‍ഹി: റഷ്യയുടെ അത്യാധുനിക റഡാര്‍ സംവിധാനമായ വൊറോനെഷ് സ്വന്തമാക്കാന്‍ ഇന്ത്യ. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ ചെറുക്കാനും നിരീക്ഷണം ശക്തമാക്കാനും പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ കരുത്തുപകരാന്‍ ലക്ഷ്യമിട്ടാണ് വൊറോനെഷ് റഡാറുകള്‍ വാങ്ങാനുള്ള സുപ്രധാന കരാറില്‍ ഇന്ത്യ ഒപ്പുവെക്കാനൊരുങ്ങുന്നത്. റഷ്യയുടെ റഡാര്‍ സംവിധാനം സ്വന്തമാക്കാന്‍ നാല് ബില്യണ്‍ ഡോളറാണ് ഇന്ത്യ ചെലവിടുകയെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ മൂന്ന് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. രാജ്‌നാഥ് സിംഗിന്റെ റഷ്യന്‍ സന്ദര്‍ശന വേളയില്‍ വൊറോനെഷുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥകളില്‍ അന്തിമ ചര്‍ച്ചകള്‍ നടന്നുവെന്നാണ് സൂചന. 8,000 കിലോ മീറ്റര്‍ വരെ ഡിറ്റക്ഷന്‍ റേഞ്ച് ഉള്ള വൊറോനെഷ് റഡാര്‍ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി നിര്‍മ്മിക്കുമെന്നാണ് സൂചന.
റഷ്യയിലെ അല്‍മാസ്-ആന്റേ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച വോറോനെഷ് റഡാര്‍ സംവിധാനത്തിന് ഒരേ സമയം 500-ലധികം വസ്തുക്കളെ കണ്ടെത്താന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള വിക്ഷേപണമോ ആക്രമണമോ ഉണ്ടായാല്‍ അത് വോറോനെഷ് റഡാര്‍ കണ്ടെത്തും. ബാലിസ്റ്റിക് മിസൈലുകളുടെ വന്‍തോതിലുള്ള വിക്ഷേപണം പോലെയുള്ള ഭീഷണികള്‍ പരിശോധിച്ച്
അതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നല്‍കുക എന്നതാണ് ഈ റഡാര്‍ സംവിധാനങ്ങളുടെ പ്രധാന ജോലി.
ഭൗമ, ബഹിരാകാശ വസ്തുക്കളും അവശിഷ്ടങ്ങളും നിരീക്ഷിച്ച് കണ്ടെത്താനുള്ള റഡാറിന്റെ കഴിവ് ഐഎസ്ആര്‍ഒയ്ക്കും സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ഐഎസ്ആര്‍ഒ തയ്യാറാക്കുന്ന സുപ്രധാന ബഹിരാകാശ പദ്ധതിയില്‍ ഉള്‍പ്പെടെ നിര്‍ണായക പങ്കുവഹിക്കാന്‍ ഇവയ്ക്ക് കഴിഞ്ഞേക്കും. റഷ്യന്‍ സൈന്യം 2012 മുതല്‍ ഈ റഡാര്‍ ഉപയോഗിക്കുന്നുണ്ട്. ഏതാണ്ട് പത്തോളം വൊറോനെഷ് റഡാര്‍ സംവിധാനങ്ങള്‍ റഷ്യയില്‍ ഉടനീളം വിന്യസിച്ചിട്ടുണ്ട്. ഇവയുടെ നവീകരിച്ച പതിപ്പാണ് ഇന്ത്യ സ്വന്തമാക്കാനൊരുങ്ങുന്നത്.
നാല് ബില്യണ്‍ ഡോളറിന്റെ ഇടപാട് ഇന്ത്യയുടെ വ്യോമ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കും. വിമാന വിരുദ്ധ മിസൈല്‍ സംവിധാനങ്ങളും റഡാറുകളും നിര്‍മ്മിക്കുന്നതിനുള്ള സ്പെഷ്യലിസ്റ്റ് സംഘടനയായ റഷ്യയിലെ അല്‍മാസ്-ആന്റേ കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന നൂതന വൊറോനെഷ് സീരീസ് റഡാര്‍ ഇന്ത്യയിലെത്തിക്കാനുള്ള ചര്‍ച്ച ഇതിന്റെ ഭാഗമാണ്.
8000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ദീര്‍ഘദൂര മുന്‍കൂര്‍ മുന്നറിയിപ്പ് റഡാര്‍ സംവിധാനമാണ് വൊറോനെഷ് റഡാര്‍. ബാലിസ്റ്റിക് മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ഐസിബിഎമ്മുകള്‍ തുടങ്ങിയ ഭീഷണികള്‍ തിരിച്ചറിയാനും ട്രാക്കുചെയ്യാനും ഇതിന് സാധിക്കും. ഇന്ത്യ ഈ നൂതന റഡാര്‍ സംവിധാനം സ്വന്തമാക്കിയാല്‍ ചൈനയിലും തെക്കന്‍, മധ്യേഷ്യയിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും നിന്നുമുള്ള ഭീഷണികള്‍ കണ്ടെത്താന്‍ കഴിയും.
വൊറോനെഷ് റഡാറിന് ഒരേസമയം 500-ലധികം വസ്തുക്കളെ കണ്ടെത്താന്‍ കഴിയും. മൊത്തത്തിലുള്ള ശ്രേണി 10,000 കിലോമീറ്റര്‍ വരെ പോകാമെങ്കിലും ലംബമായ പരിധി 8000 കിലോമീറ്റര്‍ വരെയാണ്. ചക്രവാള പരിധി 6000 കിലോമീറ്ററില്‍ കൂടുതലാണ്. സ്റ്റെല്‍ത്ത് എയര്‍ക്രാഫ്റ്റ് ട്രാക്ക് ചെയ്യാന്‍ പോലും വൊറോനെഷ് റഡാര്‍ സംവിധാനത്തിന് കഴിയുമെന്നാണ് റഷ്യ അവകാശപ്പെടുന്നത്.
ഇതിന് ഐസിബിഎമ്മുകളെക്കുറിച്ചുള്ള പൂര്‍ണ്ണമായ ഡാറ്റയും ബഹിരാകാശത്ത് ഭൂമിക്ക് സമീപമുള്ള വസ്തുക്കളെക്കുറിച്ചുള്ള ധാരണയും നല്‍കാന്‍ കഴിയും. ഇന്ത്യയും റഷ്യയും തമ്മില്‍ കുറച്ചുകാലമായി ഇതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് കീഴില്‍ റഡാര്‍ സംവിധാനത്തിന്റെ 60 ശതമാനമെങ്കിലും തദ്ദേശീയമായി നിര്‍മ്മിക്കാനും ആലോചനയുണ്ട്.
കരാര്‍ അന്തിമമായാല്‍, നൂതന റഡാര്‍ സംവിധാനം കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ ആയിരിക്കും സ്ഥാപിക്കുക. അതിന് വേണ്ട സ്ഥലം സര്‍വേ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും നൂതനവും അതീവരഹസ്യവുമായ പ്രതിരോധ, ബഹിരാകാശ സൗകര്യങ്ങള്‍ ഇതിനകം തന്നെ ചിത്രദുര്‍ഗയിലുണ്ട് എന്നതിനാലാണ് വൊറോനെഷിനേയും ഇവിടേക്ക് എത്തിക്കുന്നത്.
റഡാര്‍ സംവിധാനം ഏറ്റെടുത്താല്‍ ഏഷ്യയിലും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും ഇന്ത്യയുടെ നിരീക്ഷണ ശേഷി ഗണ്യമായി മെച്ചപ്പെടും. പ്രാദേശികവും ആഗോളവുമായ വെല്ലുവിളികള്‍ക്കിടയില്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വ്യോമ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളും ഇത് വര്‍ധിപ്പിക്കും.