- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാറയെ കൊന്നശേഷം മൂവരും പാക്കിസ്ഥാനിലേക്ക് മുങ്ങി; ഇസ്ലാമബാദില്‍ ഇറങ്ങിയ ഉടന്‍ പോലീസിനെ അറിയിച്ചു; ഇന്റര്‍പോള്‍ വിവരം കൈമാറിയപ്പോള്‍ സകല ബന്ധുക്കളെയും പൊക്കി പാക്കിസ്ഥാന് പോലീസ്: സാറയുടെ കൊലപാതകികളെ പൊക്കിയത് ഇങ്ങനെ
ലണ്ടന്‍: ബ്രിട്ടനെ ആകെ ഞെട്ടിക്കുകയും കണ്ണീരിലാഴ്ത്തുകയും ചെയ്ത ഒരു വാര്‍ത്തയായിരുന്നു 2023 ആഗസ്റ്റ് 10 ന് പുറത്തു വന്നത്. പത്ത് വയസ്സുകാരിയായ സാറ ഷെറീഫ് എന്ന കുട്ടിയെ അവളുടെ വീട്ടില്‍ തന്നെ മരിച്ച നിലയില്‍ കണ്ടെത്തി എന്നതായിരുന്നു ആ വാര്‍ത്ത. പോലീസ് ആ മൃതദേഹം കണ്ടെത്തുന്ന സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല എന്നതായിരുന്നു ഏറെ ശ്രദ്ദേയമായ കാര്യം. ആ വീട്ടിലുണ്ടായിരുന്നവരൊക്കെയും അപ്പോഴേക്കും നാടു വിട്ടുകഴിഞ്ഞിരുന്നു.
യഥാര്‍ത്ഥത്തില്‍, മരണമടഞ്ഞ സാറയുടെ പിതാവ് ഉര്‍ഫാന്‍ ഷെറീഫ്, പാകിസ്ഥാനിലെത്തി, ബ്രിട്ടീഷ് പോലീസിന് ഫോണ്‍ ചെയ്ത് അറിയിക്കുമ്പോഴാണ് സറേയിലെ ദുരൂഹമരണത്തെ കുറിച്ച് പോലീസ് അറിയുന്നത്. അതേ വീട്ടില്‍ താമസിച്ചിരുന്ന ഷെറീഫിന്റെ കാമുകി 30 കാരിയായ ബെയ്നാഷ് ബാത്തോളും 29 കാരനായ സഹോദരന്‍ ഫൈസല്‍ മാലിക്കും അപ്പോഴേക്കും ഷെറീഫിനും മറ്റ് അഞ്ച് കുട്ടികള്‍ക്കുമൊപ്പം പാകിസ്ഥാനില്‍ എത്തിയിരുന്നു.
പിഞ്ചുകുഞ്ഞിനെ അതിദാരുണമായി കൊന്നതിന് ശേഷം ആഗസ്റ്റ് 9 ന് പാകിസ്ഥാനിലേക്ക് ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ വിമാനം കയറുമ്പോള്‍, പാകിസ്ഥാനുമായി കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ ബ്രിട്ടനില്ല എന്ന് അവര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. തങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും, കൂടെയുള്ള അഞ്ച് കുട്ടികള്‍ക്കുമായി 5,180 പൗണ്ട് മുടക്കിയാണ് അവര്‍ വിമാന ടിക്കറ്റ് എടുത്തത്. കാര്‍, ഓണ്‍ പൊസിഷനില്‍ തന്നെ ഹീത്രൂ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നിലെ കാര്‍പാര്‍ക്കില്‍ ഉപേക്ഷിച്ചാണ് അവര്‍ വിമാനത്തില്‍ കയറിയത്.
പാകിസ്ഥാന്റെ മണ്ണില്‍ കുറ്റകൃത്യമൊന്നും ചെയ്യാത്തതിനാല്‍, ബ്രിട്ടീഷ് നിയമത്തിന് അവരെ പിടികൂടാനാകില്ല എന്നായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. അതുകൊണ്ടു തന്നെയായിരിക്കും, പാകിസ്ഥാനില്‍ ഇറങ്ങിയ ഉടന്‍ തന്നെ, ഷെറീഫ്, സറേ പോലീസിനെ വിളിച്ച് കൊലപാതക വിവരം അറിയിക്കുകയും, വീടിന്റെ മേല്‍വിലാസം നല്‍കുകയും ചെയ്തത്. എന്നാല്‍, താന്‍ എവിടെയാണെന്ന വിവരം മാത്രം അയാള്‍ പോലീസിനോട് പറഞ്ഞില്ല.
അഞ്ചു ദിവസം നീണ്ടുനിന്ന അന്വേഷണത്തില്‍ സി സി ടി വി ദൃശ്യങ്ങളൂം ഫ്‌ലൈറ്റ് റെക്കോര്‍ഡുകളും പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ പാകിസ്ഥാനില്‍ ഉണ്ടെന്ന് ബ്രിട്ടീഷ് പോലീസിന് മനസ്സിലായത്. തുടര്‍ന്ന് അവര്‍ പാകിസ്ഥാന്‍ പോലീസുമായി ബന്ധപ്പെട്ടു.ആഗസ്റ്റ് 15 ന് പാകിസ്ഥാനിലെ ഝലം ജില്ല പോലീസ് ഓഫീസര്‍ നസിര്‍ മെഹമ്മൂദ് ബാജ്വയ്ക്ക് തന്റെ മേലധികാരികള്‍ വഴി ഇന്റര്‍പോളിന്റെ ഒരു അപേക്ഷ ലഭിച്ചു. കൊലപാതക കേസില്‍ സംശയിക്കപ്പെടുന്ന ഷെറീഫിനേയും കൂട്ടരെയും കുറിച്ച് അന്വേഷിക്കണം എന്നതായിരുന്നു അത്.
ഇരുപത്തിനാല് മണിക്കൂര്‍ കഴിയും മുന്‍പ് തന്നെ അവര്‍ക്കൊപ്പമുള്ള കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാണമെന്ന അപേക്ഷയും അദ്ദേഹത്തിന് ലഭിച്ചു. തുടര്‍ന്ന്, ഝലം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള, ഷെറിഫിന്റെ പിതാവ് മുഹമ്മദ് ഷെറിഫിന്റെ വീട്ടിലേക്ക് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ അയച്ചു. എന്നാല്‍, വീട്ടിലുണ്ടായിരുന്ന മുഹമ്മദ് ഷെറീഫും അദ്ദേഹത്തിന്റെ മറ്റൊരു മകനും പോലീസുകാരോട് പറഞ്ഞത് 2010 മുതല്‍ തങ്ങള്‍ ഷെറീഫിനെ കണ്ടിട്ടില്ല എന്നായിരുന്നു. 30 മൈല്‍ ദൂരെയുള്ള മിര്‍പൂരില്‍, ബാത്തൂളിന്റെ കുടുംബത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ അറിയിച്ചു.
ബന്ധുവീടുകള്‍ അരിച്ചുപെറുക്കിയുള്ള അന്വേഷണം പക്ഷെ എവിടെയും എത്തിയില്ല. പിന്നീട്, വേഷപ്രച്ഛന്നരായി രഹസ്യപ്പോലീസിനെ ഇറക്കി അന്വേഷണം തുടര്‍ന്നു. അതിലൊരാള്‍, ഷെറീഫിന്റെ വീടിന് മുന്നിലെ ബാര്‍ബര്‍ഷോപ്പില്‍ മുടിവെട്ടാന്‍ കയറി. മുടിവെട്ടുന്നതിനിടയിലുള്ള സംഭാഷണത്തിലൂടെ അയാള്‍ ഷെറീഫിന്റെ വിവരങ്ങള്‍ ബാര്‍ബറോട് തിരക്കി. രണ്ട് ദിവസം മുന്‍പ് ഷെറീഫ് അവിടെ വന്നിരുന്നെന്ന് ബാര്‍ബര്‍ പറഞ്ഞു. അതൊരു പിടിവള്ളിയായിരുന്നു. പിന്നീട് വ്യാപകമായ സി സി ടി വി പരിശോധനകളായിരുന്നു. വിമാനത്താവളത്തിലെ സി സി ടി വികള്‍ പരിശോധിച്ചപ്പോള്‍, ഇയാളുടെ അമ്മാവന്‍, വിമാനത്താവളത്തില്‍ ഇയാളെ സ്വീകരിക്കുന്ന ദൃശ്യം പുറത്തു വന്നു.
ഇതോടെ ഷെറിഫിന് ഒളിച്ചു താമസിക്കാന്‍ ബന്ധുക്കളുടെ സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പായി. തുടര്‍ന്ന് പോലീസ് ഷെറീഫിന്റെ പിതാവിന്റെ വീട് റെയ്ഡ് ചെയ്തു. എന്നാല്‍, ഫലമുണ്ടായില്ല. പിന്നെ രണ്ട് വഴി മാത്രമെ തങ്ങള്‍ക്ക് മുന്‍പിലുണ്ടായിരുന്നുള്ളു എന്ന് പാകിസ്ഥാന്‍ പോലീസിലെ ഡിസ്ട്രിക്റ്റ് പോലീസ് ഓഫീസര്‍ ഹുസൈന്‍ പറയുന്നു. ഒന്നുകില്‍ പ്രതി സ്വമേധയാല്‍ കീഴടങ്ങുക, അല്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുക. പോലീസ് രണ്ടാമത്തെ മാര്‍ഗ്ഗം സ്വീകരിച്ചു. ഷെറീഫിനെ സഹായിച്ചു എന്നതിന്റെ പേരില്‍ ബന്ധുക്കള്‍ക്കെതിരെ കേസുമായി പോകുമെന്ന് അവര്‍ അറിയിച്ചു. പതിനേഴോ പതിനെട്ടോ ബന്ധുക്കളെ പോലീസ് മുറയില്‍ ചോദ്യം ചെയ്യുകയും ചെയ്തു. ബന്ധുക്കളില്‍ ചിലരെ മാത്രമല്ല, എതാണ്ട് എല്ലാവരെയും അറസ്റ്റ് ചെയ്തു എന്നാണ് പാകിസ്ഥാനില്‍ നിന്നുള്ള ചില സ്രോതസ്സുകളെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അത് മാത്രമല്ല, ഈ കുടുംബവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള പുരുഷന്മാരെയും പോലീസ് ഉന്നം വെച്ചു. എന്നാല്‍, ഇവരെ അറസ്റ്റ് ചെയ്യാന്‍ മതിയായ കാരണങ്ങള്‍ പോലീസിനുണ്ടായിരുന്നില്ല. 48 മണിക്കൂറിനുള്ളില്‍ ഇവര്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്യുകയോ അതല്ലെങ്കില്‍ വെറുതെ വിടുകയോ വേണമായിരുന്നു. ഇവിടെയാണ് ഡി പി ഒ മെഹ്‌മൂദ് ബജ്വയുടെ സാമര്‍ത്ഥ്യം വെളിപ്പെട്ടതെന്ന് ഷറീഫിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറയുന്നു. ആയുധധാരികളായി എത്തി കൊള്ളയും തട്ടിക്കൊണ്ടു പോകലും നടത്തിയ കേസുകള്‍ ഇവര്‍ക്കെതിരെ ചമച്ചു. എന്നാല്‍, ഇക്കാര്യം പാകിസ്ഥാന്‍ പോലീസ് നിഷേധിക്കുകയാണ്. മറ്റാരോ നല്‍കിയ പരാതിയുടെ പേരില്‍ കേസെടുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത് എന്നാണ് അവരുടെ വാദം.
ആദ്യമാദ്യം ഈ തന്ത്രവും ഫലിച്ചില്ല. എന്നാല്‍, ബന്ധുക്കളുടെ മേല്‍ സമ്മര്‍ദ്ദം മുറുകിയപ്പോള്‍, ബന്ധുവീടുകളില്‍ മാറി മാറി താമസിച്ച് പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് പേര്‍ക്കും ജീവിതം ദുഷ്‌ക്കരമായി. ഒരു കാരണവശാലും രക്ഷപ്പെടാന്‍ ആവില്ലെന്ന് വന്നതോടേവര്‍ വിമാന താവളത്തിലെത്തി ബ്രിട്ടനിലേക്ക് മടങ്ങുകയായിരുന്നു. ബ്രിട്ടനില്‍ ഇവര്‍ വന്നിറങ്ങിയ വിമാനത്തിലേക്ക് നാടകീയമായി ഇരച്ചു കയറിയ പോലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സെപ്റ്റംബര്‍ 13 ന് ആയിരുന്നു ഇവര്‍ അറസ്റ്റിലായത്. വിമാനത്തില്‍ കയറിയ പോലീസിനോട്, നിങ്ങള്‍ ഞങ്ങളെയാകും അന്വേഷിച്ചു വന്നത് എന്ന് പറഞ്ഞ് കൈ ഉയര്‍ത്തുന്ന ബാത്തൂളിന്റെ വീഡിയോ ദൃശ്യം പുറത്തു വന്നിരുന്നു. തീര്‍ത്തും നിര്‍വികാരതയോടെയാണ് മൂന്ന് പേരും വിമാനത്തിന് പുറത്തിറങ്ങിയത്.