പാലക്കാട്: ഇന്നലത്തെ ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞ് വളരെ സന്തോഷത്തോടെയാണ് ആ വര്‍ സംഘം വീട്ടിലേക്ക് മടങ്ങിയത്. ഇംഗ്ലീഷ് പരീക്ഷ എളുപ്പമായിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ ഹിന്ദി പരീക്ഷയിലായിരുന്നു അഞ്ച് പേര്‍ക്കും ടെന്‍ഷന്‍. ആ ആശങ്ക പങ്കിട്ടാണ് അവര്‍ സ്‌കൂളില്‍നിന്നു തിരികെ നടന്നത്. വീട്ടിലെത്തിയിട്ട് ഹിന്ദി പരീക്ഷയ്ക്കുള്ളതെല്ലാം പഠിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തായിരുന്നു അവരുടെ യാത്ര. വീടിനോട ഏതാണ്ട് അടുക്കാറാവുമ്പോഴാണ് അപകടം.

ഇതിനിടെ നിദയുടെ നനഞ്ഞ കുട ബാഗില്‍ വയ്ക്കാന്‍ ഇടമില്ലെന്നു പറഞ്ഞ് അജ്‌നയെ ഏല്‍പിച്ചു. 'എങ്കില്‍ നീ ഈ റൈറ്റിങ് ബോര്‍ഡ് കൂടി പിടിക്കെടീ' എന്നായി റിദ. അതും അജ്‌ന സ്വന്തം കൈകളിലേക്ക് വാങ്ങി പിടിച്ചു. അജ്‌നയുടെ ഒരു പെന്‍സില്‍ ബോക്‌സ് റിദയുടെ ബാഗില്‍ ഉണ്ടായിരുന്നു. അതു വീട്ടിലെത്തിയിട്ടു തരാമെന്നു പറഞ്ഞു. പക്ഷേ, അപ്പോഴേക്കും നാലു പേരെയും മരണം കവര്‍ന്നു. അല്‍പംം പിന്നില് നടന്നിരുന്ന അജ്‌നയ്ക്ക് ഓടി മാറാന്‍ കഴിഞ്ഞതിനാല്‍ ജീവന്‍ തിരികെ കിട്ടി. നാലു കൂട്ടുകാര്‍ ചേര്‍ത്തുപിടിച്ചിരുന്ന അജ്‌നയുടെ കൈകളില്‍ ആ കുടയും റൈറ്റിങ് ബോര്‍ഡും കുറെ ഓര്‍മകളും ബാക്കി.

കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നു പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു അവര്‍ 5 പേരും. അപകടത്തില്‍ നിദ ഫാത്തിമ, റിദ ഫാത്തിമ, ഇര്‍ഫാന ഷെറിന്‍, എ.എസ്.ആയിഷ എന്നിവര്‍ മരിച്ചപ്പോള്‍ അജ്‌ന മാത്രമാണു രക്ഷപ്പെട്ടത്. ആയിഷ 8 ഇ ഡിവിഷനിലും മറ്റു 4 പേര്‍ ഡി ഡിവിഷനിലുമായിരുന്നു. ദിവസവും ഒരുമിച്ചാണു പോയിവന്നിരുന്നത്. ഇര്‍ഫാനയെ ഡെന്റല്‍ ഡോക്ടറെ കാണിക്കാന്‍ ഉമ്മ ഫാരിസ പനയമ്പാടത്തു കാത്തുനില്‍ക്കുമെന്നു പറഞ്ഞിരുന്നു. ഇര്‍ഫാന ഉമ്മയെ കണ്ട നിമിഷത്തിലാണു ലോറി വന്നിടിച്ചതെന്ന് അജ്‌ന പറഞ്ഞു.

അജ്‌ന ദൂരേക്കു വീണതിനാല്‍ രക്ഷപ്പെട്ടു. സിമന്റ് ലോറി പൊടിപറത്തി മറിഞ്ഞുകിടക്കുന്നതാണു കണ്ടത്. നാട്ടുകാര്‍ ഓടിക്കൂടുമ്പോള്‍ അജ്‌ന വിറച്ചുനില്‍ക്കുകയായിരുന്നു. വൈകിട്ട് വീട്ടില്‍ എത്തിയിട്ടും അപകടമോര്‍ത്തു കരയുകയായിരുന്നു അവള്‍.