കോട്ടയം: മരണക്കെണി ഒരുക്കി കേരളത്തിലെ റോഡുകള്‍. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങള്‍ക്കിടെ ഇരുപതിലേറെ പേരാണ് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വാഹനാപകടങ്ങളില്‍ മരിച്ചത്. മൂന്നു പേരില്‍ കൂടുതല്‍ മരിച്ച മൂന്ന് അപകടങ്ങളാണു രണ്ടാഴ്ചക്കിടെ ഉണ്ടായത്. അതില്‍ ഏറ്റവും ഒടുവിലത്തേതാണു പത്തനംതിട്ട മുറിഞ്ഞകല്ലില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ നിരത്തില്‍ പൊലിഞ്ഞത്.

ഡിസംബര്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ആലപ്പുഴ കളര്‍കോട് ജങ്ഷനില്‍ ഉണ്ടായ വാഹനാപടത്തില്‍ ആറു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചെന്ന നടക്കുന്ന വാര്‍ത്തയാണ് കേരളത്തെ ഞെട്ടിച്ചത്. മരിച്ചവര്‍ എല്ലാവരും പഠനത്തില്‍ മിടുക്കരില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍. ഡിസംബര്‍ രണ്ട് തിങ്കളാഴ്ച രാത്രി സുഹൃത്തുക്കള്‍ ചേര്‍ന്നു സിനിമ കാണാന്‍ പോയ യാത്ര ദുരന്തയാത്രയാവുകയായിരുന്നു. 11 പേരുമായി സഞ്ചരിച്ച കാര്‍ കെ.എസ്.ആര്‍.ടി.സി ബസിലേക്ക് പാഞ്ഞുകയറി അഞ്ചുപേര്‍ ആണ് മരണപ്പെട്ടത്.

പിന്നാലെ ഗുരുതരമായി പരുക്കേറ്റ ഒരു വിദ്യാര്‍ഥികൂടി മരണത്തിനു കീഴടങ്ങുകയായിരുന്നു. ആലപ്പുഴ എടത്വ സ്വദേശി ആല്‍ബിന്‍ ജോര്‍ജ്, പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് ആലപ്പുഴ അപകടത്തില്‍ മരിച്ചത്. വാഹനം ഓടിച്ചയാളുടെ അശ്രദ്ധയ്ക്ക് പുറമെ, വാഹനത്തില്‍ കൂടുതല്‍ ആളുകള്‍ കയറി, വാഹനത്തിന്റെ കാലപ്പഴക്കം, മോശം കാലവാസ്ഥ തുടങ്ങിയവ മരണത്തിലേക്ക് നയിച്ച കാരണങ്ങളായി.

കളര്‍കോട് അപകടത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തമാകും മുമ്പെ പാലക്കാട് കല്ലടിക്കോടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ലോറി ഇടിച്ചു കയറി നാല് വിദ്യാര്‍ഥികള്‍ മരിച്ച വാര്‍ത്തയുമെത്തി. അപകടസ്ഥലത്തു വച്ചു തന്നെ വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഈ അപകടത്തില്‍പ്പെട്ടത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ നിയന്ത്രണംവിട്ട സിമന്റ് ലോറി മറിയുകയായിരുന്നു. ഇര്‍ഫാന, നിദ, റിദ, ആയിഷ എന്നിവരാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി അത്ഭുതകരമായി രക്ഷപെടുകയും ചെയ്തു.

മുറിഞ്ഞകല്ല് ജങ്ഷന് സമീപത്തുള്ള ഗുരുമന്ദിരത്തിന് മുന്നില്‍ വച്ചുണ്ടായ അപകടത്തില്‍ മലേഷ്യയില്‍ മധുവിധു ആഘോഷിച്ച് മടങ്ങിയ നവ ദമ്പതികള്‍ അടക്കമുള്ളവരാണ് ഇന്ന് മരിച്ചത്. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കാനഡയില്‍ ജോലി ചെയ്തിരുന്ന നിഖില്‍ അനുവിനെ ഒപ്പം കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അപകടം. അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വെച്ചാണ് അനുവിന്റെ മരണം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം ചേര്‍ത്തലയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ മരിച്ചിരുന്നു. പട്ടണക്കാട് സ്വദേശി ആര്‍.ആര്‍ ജയരാജ് (33), തിരുവനന്തപുരം സ്വദേശി ചിഞ്ചു എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിന് മുന്നിലാണ് അപകടം നടന്നത്. കാര്‍ ബൈക്കിലിടിച്ച ശേഷം നിയന്ത്രണം വിട്ട് ഇരുവാഹനങ്ങളും ട്രെയ്ലര്‍ ലോറിയിലിടിക്കുകയായിരുന്നു. ബൈക്ക് യാത്രികര്‍ തല്‍ക്ഷണം മരണപ്പെട്ടു.

ഡിസംബര്‍ 13ന് കൊച്ചിയില്‍ വാനും കാറും കൂട്ടിയിടിച്ചാണ് വാന്‍ ഡ്രൈവറായ വടുതല സ്വദേശി ജോണി മരിച്ചത്. എറണാകുളം ലോ കോളജിന് മുന്‍പിലാണ് അപകടം നടന്നത്. കാറിന്റെ അമിത വേഗതയായിരുന്നു അപകട കാരണം. ബുധനാഴ്ച കൊരട്ടൂരില്‍ ബൈക്ക് വാനുമായി കൂട്ടിയിടിച്ച് 33കാരനായ യുവാവ് മരിച്ചു. ഫിലിം പ്രൊഡക്ഷന്‍ സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്ന അമ്പത്തൂരിനടുത്ത് പുട്ടഗരം സ്വദേശി അരുണ്‍ കുമാര്‍ (33) ആണ് മരിച്ചത്.

പാലക്കാട് ചിറ്റൂരില്‍ ഇന്നലെ രാത്രിയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് മേട്ടുപ്പാളയം സ്വദേശി മരിച്ചിരുന്നു. കാര്‍സര്‍കോട് ബന്തിയോട് നടന്ന അപകടത്തില്‍ ബി.ജെ.പി. കുമ്പള മണ്ഡലം സെക്രട്ടറി ധന്‍രാജ് മരണപ്പെട്ടതും കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് കൊടുവള്ളിയില്‍ ഉണ്ടായ അപകടത്തില്‍ പ്രമുഖ ടിമ്പര്‍ വ്യാപാരി പി.കെ. ഇമ്പിച്ചി മുഹമ്മദ് ഹാജിയും മരിച്ചു.