ന്യൂഡല്‍ഹി: അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ചതോടെ നാടകീയ രംഗങ്ങള്‍ക്കാണ് പാര്‍ലമെന്റ് വളപ്പ് സാക്ഷ്യം വഹിച്ചത്. ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടിയപ്പോള്‍ രണ്ട് ബിജെപി എംപിമാര്‍ക്ക് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഒഡീഷയില്‍നിന്നുള്ള എംപി പ്രതാപ് സാരംഗി, യുപിയില്‍നിന്നുള്ള മുകേഷ് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇവരെ. പ്രതാപ് സംരഗിയുടെ തലയില്‍ ആഴത്തില്‍ മുറിവ് പറ്റിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തള്ളിയിട്ടതാണ് ഇവരെ എന്നാണ് ബിജെപി ആരോപിക്കുന്നത്.

പരിക്കേറ്റ് താഴെയിരുന്ന പ്രതാപ് സാരംഗിയുടെ അടുത്തേക്ക് രാഹുല്‍ എത്തിയപ്പോള്‍ ബിജെപി എംപിമാരുമായി ചൂടേറിയ വാഗ്വാദവും ഉണ്ടായി. സാരംഗിക്ക് സമീപത്തിരുന്ന ബിജെപി എംപി നിഷികാന്ത് ദുബെ രൂക്ഷമായി ഭാഷയിലാണ് രാഹുലിനെ നേരിട്ടത്. 'നിങ്ങള്‍ക്ക് നാണമില്ലേ രാഹുല്‍, നിങ്ങള്‍ എന്ത് തെമ്മാടിത്തരമാണ് കാണിച്ചത്. ഒരു വയോധികനേയല്ലേ നിങ്ങള്‍ പിടിച്ചുതള്ളിയത്' ദുബെ ചോദിച്ചു.

അദ്ദേഹം തന്നെ തള്ളിയെന്ന് രാഹുല്‍ മറുപടി പറഞ്ഞു. സാരംഗിയെ ഒന്ന് നോക്കിയ ശേഷം രാഹുല്‍ തിരിഞ്ഞ് നടക്കുകയും ചെയ്തു. 'രാഹുല്‍ ഗാന്ധി ഒരു എംപിയെ തള്ളിയിട്ടു, അയാള്‍ എന്റെ മേല്‍ വീണു, എനിക്ക് പരിക്കേറ്റു' എന്നായിരുന്നു സാരംഗി മാധ്യമങ്ങളോട് പ്രതികരിച്ചത്.

പാര്‍ലമെന്റ് വളപ്പില്‍ അരങ്ങേറിയ സംഭവങ്ങളില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസില്‍ ബി ജെ പി പരാതി നല്‍കുകയും ചെയ്തു. രാഹുല്‍ ഗാന്ധി, എം പിമാരെ കൈയേറ്റം ചെയ്തുവെന്നും വനിത എം പിയെ അപമാനിച്ചെന്നുമടക്കം ചൂണ്ടികാട്ടി വധശ്രമത്തിനാണ് കേസ് നല്‍കിയതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി കാരണം രണ്ട് എം പിമാര്‍ക്ക് പരിക്കേറ്റെന്നും അതില്‍ ഒരാളുടെ നില ഗുരുതരമാണെന്നും അനുരാഗ് താക്കൂര്‍ വിവരിച്ചു. സെക്ഷന്‍ 109, 115, 117, 121,125, 351 വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയതെന്നും താക്കൂര്‍ വ്യക്തമാക്കി. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ബി ജെ പി പരാതി നല്‍കിയിരിക്കുന്നത്. ഇന്ന് പാര്‍ലമെന്റിലുണ്ടായ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം രാഹുല്‍ ഗാന്ധിയാണെന്നും രാഹുല്‍ ഗാന്ധി എം പിമാരെ കൈയേറ്റം ചെയ്‌തെന്നും അനുരാഗ് താക്കൂര്‍ അഭിപ്രായപ്പെട്ടു.

അതേസമയം ലോക്‌സഭയില്‍ ഇന്ന് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അമിത് ഷാക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്, ലോക്‌സഭ അധ്യക്ഷ ഡയസില്‍ കയറിയടക്കം പ്രതിഷേധിച്ചിരുന്നു. രാജ്യസഭയും ഇന്ന് ബഹളമയമായി. രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് വനിത എം പി രാജ്യസഭയില്‍ പറഞ്ഞതോടെ വന്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.

രാഹുല്‍ അകാരണമായി തട്ടിക്കയറിയെന്നാണ് നാഗാലന്‍ഡില്‍ നിന്നുള്ള വനിതാ എംപി ഫാംഗ് നോന്‍ കൊന്യാക് പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്റേതെന്നും ഫാംഗ് നോന്‍ കൊന്യാക് പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഗുണ്ടയെ പോലെ പെരുമാറിയെന്നും എം പിമാരെ കൈയേറ്റം ചെയ്തുവെന്നും മന്ത്രി കിരണ്‍ റിജിജുവും ആരോപിച്ചു.

അതിനിടെ രാഹുല്‍ ഗാന്ധിയെ പ്രതിരോധിച്ച് പ്രിയങ്ക ഗാന്ധി എം പി രംഗത്ത് വന്നു. രാഹുല്‍ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബി ജെ പി എംപിമാരാണ് രാഹുലിനെ കൈയേറ്റം ചെയ്തതതെന്ന് പ്രിയങ്ക പറഞ്ഞു.