- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യേശു ക്രിസ്തുവിന്റെ സഹോദരന്‍ ജയിംസിന്റെ അസ്ഥി സൂക്ഷിച്ച പേടകം കണ്ടെത്തി; ജോസഫിന്റെ മകന്‍ യേശുവിന്റെ സഹോദരന്‍ എന്നെഴുതിയ 2000 വര്‍ഷം പഴക്കമുള്ള കല് പേടകം അമേരിക്കന്‍ മ്യൂസിയത്തിലേക്ക്
ഇസ്രയേലില്‍ നിന്നും കണ്ടെത്തിയ, 'യേശുവിന്റെ സഹോദരന്‍' എന്ന് ആലേഖനം ചെയ്ത ഒരു പേടകം ഇപ്പോള്‍ അമേരിക്കയില്‍ ഒരു മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. അസ്ഥികളാണ് ആ പേടകത്തിലുള്ളത്. പുരാതന അരാമിക് ഭാഷയില്‍, 'ജെയിംസ്, ജോസഫിന്റെ മകന്‍, യേശുവിന്റെ സഹോദരന്‍' എന്നാണ് ചുണ്ണാമ്പുകല്ലില്‍ നിര്‍മ്മിച്ച ആ അസ്ഥിപേടകത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്.
നസ്രേയനായ യേശുവിന്റെ സഹോദരന്റെയും പിതാവിന്റെയും പേര് ആലേഖനം ചെയ്തതിനാല്‍, കുരിശാരോഹണത്തിന് ശേഷം യറുശലേമിലെ കൃസ്ത്യാനികളുടെ ആദ്യ നേതാവായിത്തീര്‍ന്ന ജെയിംസ് ദി ജസ്റ്റിന്റെ ഭൗതികാവശിഷ്ടങ്ങളാണ് ഈ പേടകത്തില്‍ ഉണ്ടായിരുന്നതെന്ന് ചിലര്‍ വിശ്വസിക്കുന്നു. യേശുക്രിസ്തുവിന്റെ കാലത്തെ ചരിത്രപ്രധാനമായ 350 വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്ന, അറ്റ്‌ലാന്റയിലെ പുള്‍മാന്‍ യാര്‍ഡ്‌സിലാണ് ഇപ്പോള്‍ ഇത് പ്രദര്‍ശനത്തിനുള്ളത്.
1976 ല്‍ കണ്ടെത്തിയ ഈ പേടകം, യേശുവിന്റെ കാലഘട്ടത്തിലെ, കണ്ടെത്തിയ വസ്തുക്കളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണെന്നാണ് പ്രദര്‍ശനം സംഘടിപ്പിച്ചവര്‍ പറയുന്നത്. എന്നിരുന്നാലും,. മറ്റ് പല ബൈബിള്‍ കാല പുരാവസ്തുക്കളെയും പോലെ ഈ അസ്ഥിപേടകവും അത് ആദ്യമായി പ്രദര്‍ശനത്തിന് വെച്ച് 2002 ല്‍ ഏറെ വിവാദങ്ങള്‍ക്ക് വിധേയമായിരുന്നു.
ഇതിന്റെ ഉടമ ഓഡെഡ് ഗൊലാന്‍, ഇതില്‍ 'യേശുവിന്റെ സഹോദരന്‍' എന്ന വാക്ക് എഴുതിച്ചേര്‍ത്തതാണെന്ന് 2003 ല്‍ ആരോപണം ഉയര്‍ന്നു. തന്റെ ഭാഗം സംശയരഹിതമാക്കാന്‍ ഗൊലാന്‍ നിയമനടപടികളുമായി മുന്നോട്ട് പ്പൊയി. പത്ത് വര്‍ഷത്തോളം നീണ്ട നിയമനടപടികള്‍ക്ക് ഒടുവില്‍ പുരാവസ്തു ശേഖരിക്കുന്നതില്‍ താത്പര്യമുള്ള ഈ ഇസ്രയേലി പൗരന്‍ കുറ്റവിമുക്തനായി. എന്നാല്‍, ഇപ്പോഴും ഈ പേടകത്തിന്റെ ദുരൂഹതകള്‍ തുടരുകയാണ്.
ഗൊലാനെ ആരോപണ വിമുക്തനാക്കിയെങ്കിലും, അത്, പേടകത്തിലെ ആലേഖനം ആധികാരികമാണെന്നോ അത് 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതപ്പെട്ടതാണെന്നോ അര്‍ത്ഥമാക്കുന്നില്ലെന്ന് ജഡ്ജി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ ആലേഖനത്തില്‍ ഉള്‍പ്പടെ നിരവധി രാസ പരിശോധനകള്‍ നടത്തിയതായി ഗൊലാന്‍ പറയുന്നു. ആലേഖനം പൂര്‍ണ്ണമായും ആധികാരികമായതാണെന്ന് ബോദ്ധ്യപ്പെട്ടെന്നും അദ്ദേഹം പറയുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അത് എഴുതിയതെന്നും വ്യക്തമായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഇത് ആധികാരികമാണെങ്കില്‍, യേശുവുമായി ബന്ധപ്പെട്ട ഏറ്റവും പുരാതനമായ ഭൗതിക തെളിവായിരിക്കും ഇത്. ആദ്യ നൂറ്റാണ്ടുകളില്‍, മരിച്ചവരെ ഗുഹകള്‍ക്കുള്ളില്‍ കിടത്തുന്ന പതിവ് യഹൂദര്‍ക്കിടയില്‍ ഉണ്ടായിരുന്നു. പിന്നീട് അവരുടെ അസ്ഥികള്‍ ശേഖരിച്ച് അസ്ഥി പേടകങ്ങളില്‍ സൂക്ഷിക്കും. മാതാവ് ജീവിതകാലം മുഴുവന്‍ കന്യകയായിരുന്നു എന്ന് വിശ്വസിക്കുന്ന ചില ദൈവശാസ്ത്രകാരന്മാരും ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്തിട്ടുണ്ട്. ഏതായാലും പേടകം കണ്ടെടുക്കുമ്പോള്‍ അതില്‍ അസ്ഥികള്‍ ഇല്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ അവ നഷ്ടപ്പെട്ടിരിക്കാം എന്നാണ് കരുതുന്നത്.