- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്യാധുനിക ഫൈറ്റര്‍ ജെറ്റ് നിര്‍മാണത്തിന് ഇന്ത്യയുടെ പങ്കാളിത്തം തേടി ഇറ്റലിയും ബ്രിട്ടനും; ജപ്പാന് തുടങ്ങി വച്ച ഗ്ലോബല്‍ കോംബാറ്റ് എയര്‍ പ്രോഗ്രാമില്‍ ഇനി ഇന്ത്യന്‍ ബുദ്ധിയും നിര്‍ണായകം; ഇന്ത്യയ്ക്ക് മുന്നില്‍ തുറക്കുന്നത് അത്യാധുനിക സാധ്യതകള്‍
ലണ്ടന്‍: നൂതന സൈനിക സാങ്കേതികവിദ്യയുടെ വികസനത്തിന് ഇന്ത്യയുടെ പങ്കാളിത്തം തേടി ഇറ്റലിയും ബ്രിട്ടനും. അന്താരാഷ്ട്ര സഹകരണത്തിലേക്കുള്ള സുപ്രധാന നീക്കമെന്നാണ് ഇന്ത്യയെ ക്ഷണിച്ചതിലൂടെ വിലയിരുത്തപ്പെടുന്നത്. ഗ്ലോബല്‍ കോംബാറ്റ് എയര്‍ പ്രോഗ്രാമിന് (ജിസിഎപി) കീഴില്‍ ആറാം തലമുറ യുദ്ധവിമാനത്തിന്റെ വികസനത്തില്‍ ചേരാനാണ് ഇന്ത്യയെ ക്ഷണിച്ചിരിക്കുന്നത്. ജപ്പാനും ഉള്‍പ്പെടുന്ന ഈ പദ്ധതിയില്‍ 2035-ഓടെ സ്റ്റെല്‍ത്ത് ഫൈറ്റര്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
രണ്ട് വര്‍ഷം മുമ്പ്, നിലവിലെ ജിസിഎപിയുടെ മുന്‍ഗാമിയായ ടെമ്പസ്റ്റ് പ്രോജക്റ്റില്‍ പങ്കെടുക്കാന്‍ യുകെ ഇന്ത്യയെ ക്ഷണിച്ചിരുന്നു. ഇപ്പോള്‍, ഇറ്റലിയും ആവേശം കാട്ടിയതോടെ, ഇന്ത്യയ്ക്ക് മുന്നില്‍ പുതിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വികസനവുമായി ബന്ധപ്പെട്ട് ഭീമമായ ചെലവുകളാണ് ഉണ്ടാവുക. അതു പങ്കിടുന്നതിനാണ് പങ്കാളിത്തം വിപുലീകരിക്കുക എന്ന വിശാലമായ തന്ത്രത്തോട് യോജിച്ച് ഇന്ത്യയെ കൊണ്ടുവരാന്‍ ഇറ്റലിയും അനുകൂലിച്ചത്.
ജിസിഎപിയില്‍ കൂടുതല്‍ രാജ്യങ്ങള ഉള്‍പ്പെടുത്തുന്നതിലൂടെ സാമ്പത്തിക ബാധ്യത കുറയ്ക്കുക മാത്രമല്ല ലക്ഷ്യമിടുന്നത്. യൂണിറ്റ് ചെലവ് കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുന്നതിനും കൂട്ടായ സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനും ഇതു വഴി സാധിക്കും. ഓരോ രാജ്യത്തെയും വൈവിധ്യമാര്‍ന്ന കണ്ടുപിടിത്തങ്ങള്‍, നിര്‍മ്മാണ ശേഷികള്‍, വിപണി പ്രവേശനം എന്നിവയെല്ലാം എളുപ്പത്തില്‍ പ്രയോജനകരമാക്കാന്‍ സാധിക്കും. ഇത് അത്യാധുനിക ഫൈറ്റര്‍ ജെറ്റുകളുടെ പ്രകടനത്തിലും വിലയിലും കൂടുതല്‍ ഗുണങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. നിലവില്‍, ഈ മള്‍ട്ടി-ബില്യണ്‍ ഡോളര്‍ പ്രോജക്റ്റിന്റെ അന്തിമ ചെലവ് വെളിപ്പെടുത്തിയിട്ടില്ല, എങ്കിലും ഈ കൂട്ടായ പ്രവര്‍ത്തനം ഓരോ രാജ്യവും വ്യക്തിപരമായി നേരിടാനിടയുള്ള സാമ്പത്തിക ചെലവുകള്‍ കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ജിസിഎപിയില്‍ ചേരുക എന്നതിനര്‍ത്ഥം ആഗോളതലത്തില്‍ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങള്‍ വികസിപ്പിക്കുന്ന രാജ്യങ്ങളുടെ ഒരു മുന്നണിയിലേക്ക് ചുവടുവെക്കുക എന്നാണ്. ഇത് ഇന്ത്യയുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, അത്യാധുനിക സാങ്കേതികവിദ്യയും സഹകരിച്ചുള്ള ഗവേഷണങ്ങളും വികസനവും വര്‍ധിപ്പിക്കുന്നതിനും അതിന്റെ ബഹിരാകാശ വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. ഇന്ത്യയിലെ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് പ്രോഗ്രാമിന് ഈ സഹകരണത്തില്‍ നിന്നും പ്രയോജനം നേടാം.