- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാന്‍ മദ്യത്തിനും ലഹരിമരുന്നിനും എതിരെ പ്രവര്‍ത്തിക്കുന്ന സ്ത്രീ; മകന്റെ പക്കല്‍നിന്നു കഞ്ചാവ് പിടികൂടിയിട്ടില്ല; പിടിച്ചാല്‍ കൂടെ നില്‍ക്കില്ല'; ഇല്ലാത്ത വാര്‍ത്ത ആഘോഷിച്ചതില്‍ അമര്‍ഷമുണ്ടെന്ന് യു.പ്രതിഭ എംഎല്‍എ; കേസില്‍ കനിവ് ഒമ്പതാം പ്രതി; കുപ്പിയില്‍ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനം കണ്ടെടുത്തെന്ന് എക്‌സൈസ്
മകന്റെ പക്കല്‍നിന്നു കഞ്ചാവ് പിടികൂടിയിട്ടില്ല; പിടിച്ചാല്‍ കൂടെ നില്‍ക്കില്ലെന്ന് യു പ്രതിഭ
ആലപ്പുഴ: മകന്റെ പക്കല്‍നിന്നു കഞ്ചാവ് പിടികൂടിയിട്ടില്ലെന്ന് യു.പ്രതിഭ എംഎല്‍എ. മകനെതിരായി വന്ന വാര്‍ത്ത നിഷ്‌കളങ്കമല്ലെന്നും അവര്‍ അവകാശപ്പെട്ടു. മകന്റെ കയ്യില്‍നിന്നു കഞ്ചാവ് പിടികൂടിയെന്ന് തന്നോട് പൊലീസ് പറഞ്ഞിട്ടില്ല. മകന്‍ ഈ നാട്ടിലെ എല്ലാവരുമായി കൂട്ടാണ്. മകന്റെ കയ്യില്‍നിന്നു കഞ്ചാവ് പിടിച്ചാല്‍ അവന്റെ കൂടെ നില്‍ക്കില്ല, താന്‍ മാധ്യമങ്ങളോട് തുറന്നു പറയുമായിരുന്നെന്നും പ്രതിഭ പ്രതികരിച്ചു.
വാര്‍ത്ത വ്യാജമാണെന്ന് യു പ്രതിഭ എംഎല്‍എ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. മകന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഇരുന്നപ്പോള്‍ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും യു പ്രതിഭ പറഞ്ഞു. ഇല്ലാത്ത വാര്‍ത്ത ആഘോഷിച്ചതില്‍ അമര്‍ഷമുണ്ട്. മകന്റെ ഒപ്പമുണ്ടായിരുന്നവരുടെ കാര്യം അറിയില്ല. ആ കാര്യങ്ങള്‍ ബാക്കി കുട്ടികളുടെ മാതാപിതാക്കളോട് ചോദിക്കണമെന്നും പ്രതിഭ പറഞ്ഞു.
വാര്‍ത്ത വന്നതു മുതല്‍ നിരവധി ഫോണ്‍ കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും ശത്രുക്കളുണ്ട്. മകനും സുഹൃത്തുക്കളും ചേര്‍ന്നിരിക്കുമ്പോള്‍ എക്‌സൈസുകാര്‍ വന്ന് ചോദ്യം ചോദിച്ചു. ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത് മകനെ കഞ്ചാവുമായി പിടിച്ചു എന്നാണ്. ഒരാള്‍ എംഎല്‍എ ആയതും പൊതുപ്രവര്‍ത്തകയായതു കൊണ്ടും ഇത്തരം വാര്‍ത്തകള്‍ക്ക് മൈലേജ് കിട്ടും. വാര്‍ത്ത ശരിയാണെങ്കില്‍ ഞാന്‍ നിങ്ങളോട് മാപ്പ് പറയാം.
നേരെ തിരിച്ചാണേങ്കില്‍ പരസ്യമായി മാധ്യമങ്ങള്‍ മാപ്പ് പറയണമെന്നും പ്രതിഭ എംഎല്‍എ പറയുന്നു. ആരും തെറ്റായ വഴിയില്‍ പോകരുതെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് ഞാനും. എന്റെ മകന്‍ പോവരുതെന്ന് പറയാന്‍ മാത്രമേ എനിക്ക് കഴിയൂ. ആ വഴി തേടുന്നതും പോവാതിരിക്കുന്നതും മറ്റുള്ളവരുടെ ഉത്തരവാദിത്തമാണെന്നും പ്രതിഭ പറഞ്ഞു.
മനുഷ്യന്റെ മാംസം തിന്നാണെങ്കിലും ജീവിക്കാമെന്ന് ചിന്തിക്കുന്ന കുറച്ച് മാധ്യമങ്ങള്‍ ഉണ്ട്. എന്നോട് പൊതുവേ മാധ്യമങ്ങള്‍ക്ക് കുറച്ച് വൈരാഗ്യമുണ്ടെന്നറിയാം. സത്യസന്ധമായി പൊതുപ്രവര്‍ത്തനത്തെ കാണുന്ന ഒരു സ്തീയെന്ന നിലയില്‍ സ്വാഭാവികമായിട്ടുള്ള ശത്രുക്കള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് പകരം മാധ്യമങ്ങളായിരുന്നു ഉണ്ടായിരുന്നത്. വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിഭയുടെ മകന്‍ കനിവും (21) സുഹൃത്തുക്കളുമാണ് നേരത്തെ കുട്ടനാട് എക്‌സൈസ് സ്‌ക്വാഡിന്റെ പിടിയിലായത്. തകഴി പാലത്തിനടിയില്‍ നിന്നാണ് പിടിയിലായത്. കനിവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. കേസില്‍ കനിവ് ഒമ്പതാം പ്രതിയാണെന്ന് മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആളൊഴിഞ്ഞ ഭാഗത്ത് നിന്ന് കഞ്ചാവ് വലിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് സംഘം മഫ്തിയില്‍ എത്തിയത്. പരിശോധനയില്‍ ഇവരില്‍ നിന്ന് മൂന്നു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഘത്തിലെ സച്ചിന്‍ എന്ന യുവാവില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
സച്ചിനെതിരെ കഞ്ചാവ് കൈവശം വച്ചതിനും കനിവ് ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ 27ാം വകുപ്പ് പ്രകാരം കഞ്ചാവ് ഉപയോഗിച്ചതിനുമാണ് എക്‌സൈസ് കേസെടുത്തത്. കുപ്പിയില്‍ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനവും (ബോങ്ങ് ) ഇവരില്‍ നിന്ന് കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു. കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. തിങ്കളാഴ്ച എക്‌സൈസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.