- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായില്‍ ഭാര്യ നയിച്ചത് ആഡംബര ജീവിതം; സമൂഹമാധ്യമങ്ങളില്‍ തന്റെ ആഡംബര ജീവിതവുമായി നിറസാന്നിദ്ധ്യം; പണം നല്‍കുന്നത് ഭര്‍ത്താവെന്നും അവകാശവാദം; അവസാനം തട്ടിപ്പു നടത്തി പാപ്പരായി ഭര്‍ത്താവ്; ഇതൊരു യുകെ കഥ
ലണ്ടന്‍: തന്റെ ആഡംബര ജീവിത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് വലിയ നിലയില്‍ തന്നെ ഫോളോവേഴ്സിനെ സമ്പാദിച്ച ദുബായിലെ വീട്ടമ്മയുടെ യഥാര്‍ത്ഥ കഥ പുറത്തു വരുന്നു. ആഡംബര ജീവിതത്തിന് പണം നല്‍കുന്നു എന്ന് ഇവര്‍ അവകാശപ്പെടുന്ന, ഇവരുടെ ഭര്‍ത്താവ് യു കെയില്‍ തട്ടിപ്പിന് പിടിക്കപ്പെട്ട് പിഴ ശിക്ഷക്ക് വിധേയനായിരിക്കുകയാണ്. തുടര്‍ന്ന് ഇയാള്‍ ഹര്‍ജി നല്‍കി പാപ്പരായതായി പ്രഖ്യാപിക്കപ്പെട്ടു.
പതിനഞ്ച് ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള മാലയിക രാജ എന്ന വീട്ടമ്മ തുടര്‍ച്ചയായി തന്റെ പുതിയ മെഴ്സിഡസ് ജി വാഗണില്‍ യാത്രചെയ്യുന്നതും, ആഡംബര വസ്തുക്കള്‍ വാങ്ങുന്നതും, സൗന്ദര്യ ചികിത്സകള്‍ നടത്തുന്നതുമെല്ലാം വീഡിയോ ദൃശ്യങ്ങളാക്കി പോസ്റ്റ് ചെയ്യുമായിരുന്നു. എല്ലാ മാസവും തന്റെ ഷോപ്പിംഗിനും മറ്റ് ചിലവുകള്‍ക്കുമായി ഭര്‍ത്താവ് മുഹമ്മദ് മരിക്കാര്‍ 25,000 പൗണ്ട് നല്‍കുന്നുണ്ടെന്നാണ് ഇവര്‍ അവകാശപ്പെട്ടിരുന്നത്. അതുകൂടാതെ, അവര്‍ക്ക് സ്വന്തമായുള്ള ചില ആസ്തികളില്‍ നിന്നും പ്രതിമാസം 1,60,000 പൗണ്ട് വരുമാനമുണ്ടെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.
അടുത്തിടെ ദുബായിലെ ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയില്‍ ഇവര്‍ വാങ്ങിയ 2 മില്യന്‍ പൗണ്ട് വിലവരുന്ന ആഡംബര സൗധത്തിലാണ് ഇവരുടെ താമസം. എന്നാല്‍ ഇതിനെല്ലാം വേണ്ടി മരിക്കാര്‍ പണമുണ്ടാക്കിയ വഴികളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 2021 മാര്‍ച്ച് മാസത്തില്‍ ഇയാളെ നിയമവിരുദ്ധമായി നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുന്നതിന് ലണ്ടന്‍ ഹൈക്കോടതി ശിക്ഷിച്ചിരുന്നു. തന്റെ 24 എച്ച് ആര്‍ ട്രേഡിംഗ് അക്കാദമി എന്ന കമ്പനി വഴിയാണ് ഇയാള്‍ ഉപദേശങ്ങള്‍ നല്‍കിയിരുന്നത്. ഇയാളുടെ ഉപദേശം കേട്ട് നിക്ഷേപം നടത്തിയവര്‍ക്കെല്ലാം പണം നഷ്ടമായി എന്നത് മറ്റൊരു വസ്തുത.
എപ്പോള്‍ ഓഹരികള്‍, കമ്മോഡിറ്റികള്‍, വിദേശ കറന്‍സി എന്നിവ വാങ്ങണമെന്ന ഉപദേശം ഇയാള്‍ വാട്ട്‌സ്അപ് വഴിയായിരുന്നു നല്‍കിയിരുന്നത്. ഇതിനായി ഇയാള്‍ ഫീസും ഈടാക്കിയിരുന്നു. ഫിനാന്‍ഷ്യല്‍ കണ്ടക്റ്റ് അഥോറിറ്റിയുടെ അംഗീകാരമില്ലാതെയായിരുന്നു ഇയാളുടെ കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. 5,30,000 പൗണ്ട് പിഴ നല്‍കണമെന്നതായിരുന്നു ഹൈക്കോടതി ഇയാള്‍ക്ക് വിധിച്ച ശിക്ഷ. ഇത് ഇരകള്‍ക്കിടയില്‍ വിതരണം ചെയ്യണമെന്നും കോടതി പറഞ്ഞിരുന്നു.
എന്നാല്‍, ഈ തുക നല്‍കാനാകാതെ വന്നതോടെ എഫ് സി എ സ്വീകരിച്ച നടപടികള്‍ക്ക് ഒടുവില്‍ ഇയാളെ പാപ്പരായി പ്രഖ്യാപിക്കുകയായിരുന്നു.2022 ആഗസ്റ്റില്‍ ആയിരുന്നു ഇത്. 2022 സെപ്റ്റംബര്‍ ആയപ്പോഴേക്കും റിസീവര്‍ക്ക് ശേഖരിക്കാനായത് 1,06,000 പൗണ്ട് മാത്രമായിരുന്നു. ഇതിനോടകം ഇയാള്‍ യു കെ വിടുകയും ദുബായില്‍ താമസമാക്കുകയും ചെയ്തു. ഇപ്പോഴും 1,43,000 ഫോളോവേഴ്സുള്ള ഇയാളുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ പറയുന്നത് ഇയാള്‍ വ്യവസായ സ്മ്രംഭകനും, ട്രേഡര്‍/ മെന്റര്‍ ഉം ആണെന്നാണ്. ഓഹരി വ്യാപാരത്തില്‍ വിജയം കണ്ടെത്തണമെങ്കില്‍ തന്റെ 1 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ വെബിനാറില്‍ പങ്കെടുക്കാനും ഇയാള്‍ ഇന്‍സ്റ്റാ പ്രൊഫൈലിലൂടെ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം മാലയിക രാജയുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ പറയുന്നത് അവര്‍ട്രേഡിംഗ് മെന്ററും എഡ്യൂക്കേറ്ററും ആണെന്നാണ്. തന്റെ ആഡംബര ജീവിതത്തിന് ഉദാരമായി സഹായിക്കുന്ന ഭര്‍ത്താവിനെ കുറിച്ചും അവര്‍ പറയുന്നുണ്ട്. യു കെയില്‍ പാപ്പരായി പ്രഖ്യാപിച്ചെങ്കിലും, അടുത്തിടെ നടത്തിയ ഒരു ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ഇവര്‍ ആഡംബര വസ്തുക്കള്‍ വാങ്ങാന്‍ പോകുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ലഭ്യമാണ്. ഷോപ്പിംഗിനായി ചെലവാക്കാവുന്ന തുകയ്ക്ക് തനിക്ക് പരിമിതികള്‍ ഇല്ലെന്നും അവര്‍ പറയുന്നുണ്ട്. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്.