കൊച്ചി: കലൂരിലെ നൃത്ത പരിപാടിയില്‍ സുരക്ഷ വീഴ്ച സ്ഥിരീകരിച്ചതോടെ കടുത്ത നടപടിയിലേയ്ക്ക് പൊലീസ്. പ്രതികള്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്‌തെന്ന വകുപ്പാണ് കൂട്ടിച്ചേര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേജ് നിര്‍മ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷന്‍ സിഇഒ ഷെമീര്‍ അബ്ദുല്‍ റഹീം, ഓസ്‌കാര്‍ ഇവന്റ്‌സ് മാനേജര്‍ കൃഷ്ണകുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ഉമ തോമസ് എംഎല്‍എയ്ക്ക് അപകടം ഉണ്ടായ അപകടത്തെ കുറിച്ചുള്ള സംയുക്ത പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാ വീഴ്ച ഉണ്ടായി എന്നാണ് സംയുക്ത പരിശോധന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. പൊലീസും ഫയര്‍ ഫോഴ്‌സും പൊതുമരാമത്ത് വിഭാഗങ്ങളുമാണ് പരിശോധന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്റ്റേജ് നിര്‍മിച്ചത് അപകടകടമായി തന്നെയാണെന്നും അധികമായി നിര്‍മിച്ച ഭാഗത്തിന് ആവശ്യമായ ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഐപി സ്റ്റേജിന് അടുത്തായി ആംബുലന്‍സ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാന്‍ വൈകിയെന്നാണ് സംയുക്ത പരിശോധനയില്‍ വ്യക്തമായത്. പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലന്‍സിലേക്ക് മാറ്റിയതെന്നും താത്കാലികമായി യാതൊരു സുരക്ഷയും പാലിക്കാതെയാണ് സ്റ്റേജ് ഉണ്ടാക്കിയതെന്നും പരിശോധനയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം സംഘാടകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷയും വെള്ളിയാഴ്ച ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കും. മൃദംഗ വിഷന്‍ ഉടമ എം നിഗോഷ് കുമാര്‍, ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമ ജെനീഷ് പിഎസ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളിലാണ് നടപടി.

അതേ സമയം മൃദംഗമിഷന്റെ മെഗാ നൃത്ത പരിപാടിയില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ വിശദീകരണവുമായി കല്ല്യാണ്‍ സില്‍ക്‌സ് രംഗത്തെത്തി. സംഘാടകരുമായി ഉണ്ടാക്കിയത് വാണിജ്യ ഇടപാട് മാത്രമാണെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും കല്യാണ്‍ സില്‍ക്‌സ് ആവശ്യപ്പെട്ടു. കല്ല്യാണിന്റെ പേര് ചൂഷണത്തിന് ഉപയോഗിച്ചതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കല്യാണ്‍ സില്‍ക്‌സ്, സംഭവം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോഴാണ് വാര്‍ത്തക്കുറിപ്പ് ഇറക്കി പ്രതികരണം അറിയിച്ചത്.

മൃദംഗനാദം സംഘാടകര്‍ 12,500 സാരിക്കാണ് ഓര്‍ഡര്‍ നല്‍കിയതെന്നും പരിപാടിക്ക് വേണ്ടി മാത്രം കല്ല്യാണ്‍ സില്‍ക്‌സ് സാരി നിര്‍മിച്ച് നല്‍കുകയായിരുന്നുവെന്നും കല്യാണ്‍ സില്‍ക്‌സ് പറയുന്നു. ഇതിനായി ഈടാക്കിയത് 390 രൂപയാണ്. എന്നാല്‍ പിന്നീടാണ് ഈ സാരിക്ക് സംഘാടകര്‍ 1600 രൂപ ഈടാക്കിയെന്ന് അറിയുന്നതെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ഡിസംബര്‍ 29 വൈകീട്ടാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു. നിലവില്‍ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. തലയ്ക്ക് ഗുരുതര പരിക്കുണ്ടെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കിയിരുന്നത്.

ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മകനും ഡോക്ടറുമായ വിഷ്ണു പറഞ്ഞു. അമ്മേ എന്ന് വിളിച്ചപ്പോള്‍ വിളി കേട്ടുവെന്നും ചിരിച്ചുവെന്നും വിഷ്ണു പറഞ്ഞു. രാവിലെ പോയി കണ്ടപ്പോള്‍ കൈകാലുകള്‍ അനക്കി. ചോദ്യങ്ങളോട് പ്രതികരിച്ചു. കണ്ണുകള്‍ തുറക്കുകയും ചെയ്തുവെന്നും വിഷ്ണു പറഞ്ഞു. ആദ്യം കണ്ണു തുറക്കാന്‍ പറഞ്ഞപ്പോള്‍ കണ്ണു തുറന്നു. പിന്നെ കൈകള്‍ അനക്കാന്‍ പറഞ്ഞു. അപ്പോള്‍ കൈകള്‍ അനക്കി. കാലുകള്‍ അനക്കാന്‍ പറഞ്ഞപ്പോള്‍ അതും ചെയ്തു. പിന്നീട് ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ കൈ നീട്ടിയപ്പോള്‍ തിരിച്ച് മുറുകെ പിടിച്ചു. പറയുന്ന കാര്യങ്ങളോട് അമ്മ പ്രതികരിച്ചത് പ്രതീക്ഷ നല്‍കുന്നതാണെന്നും വിഷ്ണു പ്രതികരിച്ചു.

ഉമ തോമസ് എംഎല്‍എ ചോദ്യങ്ങളോട് പ്രതികരിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണ്. ആശാവഹമായ പുരോഗതിയുണ്ടെന്നും റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാരും പറഞ്ഞു. ഉമ തോമസിന്റെ ആരോഗ്യത്തില്‍ ആശാവഹമായ പുരോഗതിയുണ്ടെങ്കിലും വെന്റിലേറ്ററില്‍ തന്നെയാണ് ഇപ്പോഴും. മകന്‍ ചോദിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചു. കണ്ണുകള്‍ തുറന്നുവെന്നും കൈകാലുകള്‍ അനക്കി ചിരിച്ചെന്നും ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളം വ്യക്തമാക്കി. തലച്ചോറിലെ പരിക്കില്‍ ഉള്‍പ്പെടെ ആശാവഹമായ പുരോഗതിയുണ്ട്.

ശ്വാസകോശത്തിലെ പരിക്ക് വെല്ലുവിളിയാണ്. ഇന്നലത്തെ എക്‌സറേയില്‍ നേരിയ പുരോഗതിയുണ്ട്. വാരിയെല്ല് പൊട്ടിയതിന്റെ പരിക്ക് ഭേദമാകണം. ആന്റി ബയോട്ടിക്കുകളോട് അവര്‍ പ്രതികരിക്കുന്നുണ്ട്. ഗുരുതരാവസ്ഥ മാറണമെങ്കില്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റി 24 മണിക്കൂര്‍ നിരീക്ഷിക്കേണ്ടതുണ്ട്. ഇന്‍ഫെക്ഷന്‍ കുറഞ്ഞോയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. തുടര്‍ ചികിത്സ പ്രധാനമാണെന്നും ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്നുണ്ടെന്നും ട്യൂബിലൂടെയാണ് ഭക്ഷണം കൊടുക്കുന്നതെന്നും ന്യൂമോണിയ വരാതെ നോക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.