- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയിലെ പ്രശസ്ത മേനോന്‍ കമ്പനി കുടുംബാംഗം; ചാനല്‍ സിഇഓ...; മലയാളി കുടുംബത്തില്‍ നിന്നുള്ള ലീന നായരും ഇക്കുറി ബ്രിട്ടീഷ് ഹോണേഴ്സ് ലിസ്റ്റില്‍; ബ്രിട്ടീഷ് രാജാവിന്റെ പുരസ്‌കാരം കിട്ടിയവരില്‍ 30 പേര് ഇന്ത്യന്‍ വംശജര്‍
ലണ്ടന്‍: നവവത്സര ദിനത്തില്‍ ആദരിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ 30 ല്‍ അധികം ഇന്ത്യന്‍ വംശജരും. സാമൂഹ്യ നേതാക്കള്‍, പ്രചാരകര്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്‍, ആരോഗ്യ വിദഗ്ധര്‍ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള പ്രഗത്ഭരെയാണ് 2025 ല്‍ ചാള്‍സ് രാജാവ് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്. ശ്രീലങ്കന്‍ - ഇന്ത്യന്‍ വംശജനും, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം പിയുമായ റനില്‍ മാല്‍ക്കോം ജയവര്‍ദ്ദനെയ്ക്ക് നൈറ്റ്ഹുഡ് ലഭിക്കും. അടുത്തിടെ രാജിവെച്ചൊഴിഞ്ഞ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം മാനേജര്‍ ഗാര്‍ത്ത് സൗത്ത്‌ഗേറ്റിനും നൈറ്റ്ഹുഡ് ലഭിക്കും.
വിവിധ മേഖലകളില്‍ നിന്നായി 2025 ല്‍ ആദരിക്കുവാനുള്ളവരുടെ പട്ടികയില്‍ 1200 ല്‍ അധികം പേരുണ്ട്. കായികം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സന്നദ്ധ സേവനം തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുള്ളവരും ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.ഓരോ ദിവസവും സാധാരണക്കാരായ ജനങ്ങള്‍ അവരുടെ സമൂഹത്തിനായി അസാധാരണമായ പല കാര്യങ്ങളും ചെയ്യാറുണ്ടെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. രാജ്യത്തിന്റെ ഏറ്റവും വിലപ്പെട്ട സ്വത്താണ് ഇത്തരക്കാര്‍ എന്നും, അധികമാരും പാടിപ്പുകഴ്താത്ത ഈ വീര നായകരെ ആദരിക്കുകയാണ് ഇപ്പോള്‍ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ് മന്ത്രി സഭയാണ് രാജാവിന്റെ പേരില്‍ ആദരിക്കപ്പെടുന്നവരെ തിരഞ്ഞെടുക്കുക. തുടര്‍ വിദ്യാഭ്യാസ രംഗത്തെ സേവനങ്ങളെ മുന്‍നിര്‍ത്തി സത്വന്ത് കൗര്‍ ഡിയോളിനെ കമാന്‍ഡേഴ്സ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംബയര്‍ (സി ബി ഇ എസ്) ബഹുമതി ലഭിച്ചു. നിയമ രംഗത്തെ സേവനങ്ങള്‍ക്ക് ചാള്‍സ് പ്രീതം സിംഗ് ധനോവയ്ക്കും ആരോഗ്യ രംഗത്തു നിന്നും പ്രൊഫസര്‍ സ്‌നേഹ് ഖേംകക്കും ഈ പുരസ്‌കാരം ലഭിച്ചു.
ചില്ലറ വില്‍പന - ഉപഭോക്തൃ സംരക്ഷണ മേഖലയില്‍ നല്‍കിയ അമൂല്യ സേവനങ്ങള്‍ക്കാണ് ചാനല്‍ ഗ്ലോബല്‍ സി ഇ ഒ ആയ ലീന നായര്‍ക്ക് സി ബി ഇ എസ് പുരസ്‌കാരം ലഭിച്ചത്. സാങ്കേതിക രംഗത്തെ മികവിന് ബ്രിട്ടീഷ് കമ്പ്യൂട്ടിംഗ് സൊസൈറ്റി പ്രസിഡണ്ട് മായങ്ക് പ്രകാശിനും, ഏര്‍ലി എഡ്യൂക്കേഷന്‍ രംഗത്തെ സേവനത്തിന് നാഷണല്‍ ഡേ നഴ്സറീസ് അസ്സോസിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് പൂര്‍ണിമ മൂര്‍ത്തിക്കും ഈ പുരസ്‌കാരം ലഭിച്ചു.
മലയാളിയായ ലീന നായര്‍ ജനിച്ചതും വളര്‍ന്നതും മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ ആയിരുന്നു. 1992 ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ ഒരു മാനേജ്‌മെന്റ് ട്രെയിനി ആയാണ് ലീനാ നായരുടെ പൂര്‍ണ്ണ സമയ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് 15 വര്‍ഷക്കാലത്തോളം കമ്പനിയുടെ വിവിധ മേഖലകളില്‍ ഇവര്‍ സേവനമനുഷ്ഠിച്ചു. ഫാക്ടറിയിലും, സെയില്‍സ് ഓഫീസിലും, കോര്‍പ്പറേറ്റ് ആസ്ഥാനത്തുമൊക്കെ അവര്‍ ജോലി ചെയ്തിട്ടുണ്ട്. 2007 ല്‍ അവര്‍ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡില്‍ എച്ച് ആര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയി.
രണ്ട് പതിറ്റാണ്ടോളം കാലം യൂണിലിവറിനെ സേവിച്ചതിന് ശേഷം 2012 ല്‍ ആയിരുന്നു അവര്‍ കമ്പനിയുടെ ലണ്ടനിലുള്ള ഗ്ലോബല്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ എത്തുന്നത്. 2016 ല്‍ യൂണിലിവറിന്റെ ആദ്യ വനിത, ആദ്യ ഏഷ്യന്‍, അതുപോലെ ഏറ്റവും പ്രായം കുറഞ്ഞ ചീഫ് ഹ്യുമന്‍ റിസോഴ്സ് ഓഫീസര്‍ എന്നീ നിലകളില്‍ ലീന നായര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു. പിന്നീട് 2021 ഡിസംബറിലാണ് ഇവരെ ചാനലിന്റെ സി ഇ ഒ ആയി നിയമിക്കുന്നത്. 2022 ജനുവരിയിലായിരുന്നു ഇവര്‍ ഔദ്യോഗികമായി ഈ ചുമതല ഏറ്റെടുത്തത്.
രാഷ്ട്രീയ നേതാവ് കൂടിയായ കെ കാര്‍ത്തികേയനാണ് ലീന നായരുടെ പിതാവ്. മേനോന്‍ പിസ്റ്റണ്‍സ് ഉള്‍പ്പടെ നിരവധി വ്യവസായ സംരംഭങ്ങള്‍ ഉളള മേനോന്‍ ഗ്രൂപ്പ് ഉടമകള്‍ വിജയ് മേനോന്റെയും സച്ചിന്‍ മേനോന്റെയും ബന്ധുകൂടിയാണ് ലീന. ഭര്‍ത്താവ് കുമാര്‍ നായര്‍ സാമ്പത്തിക രംഗത്ത് സംരംഭം നടത്തുന്ന വ്യക്തിയാണ്. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.വിമന്‍സ് ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് അസ്സൊസിയെഷന്‍ യു കെ പ്രസിഡന്റ് മോണിക്ക കോഹ്ലി, ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിലെ സൗമ്യ മജൂംദാര്‍, സീമ മിശ്ര, തുടങ്ങിയവരും പുരസ്‌കാരം ലഭിച്ച ഇന്ത്യന്‍ വംശജരില്‍ ഉള്‍പ്പെടുന്നു.
ബ്രിട്ടീഷ് രാജാവ്, പുരസ്‌കാരം