വാഷിങ്ടണ്‍: പുതുവത്സര ആഘോഷത്തിനിടയില്‍, ന്യൂ ഓര്‍ലിയന്‍സില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി 15 പേരെ ക്രൂരമായി കൊല ചെയ്തയാളെ തിരിച്ചറിഞ്ഞു. ടെക്സാസില്‍ ജനിച്ചു വളര്‍ന്ന ഷംസുദ്ദീന്‍ ജബ്ബാര്‍ എന്ന 42 കാരനാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഇടിച്ചു കൊല്ലാന്‍ ഉപയോഗിച്ച ഫോര്‍ഡിന്റെ ഇലക്ട്രിക് വാഹനം പക്ഷെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളതാണ്. കാര്‍ ഷെയറിംഗ് ആപ്പ് ആയ ട്യൂറോ വഴി ഇത് വാടകക്ക് കൊടുത്തിരിക്കുകയായിരുന്നു.

ഇയാള്‍ ഈ കൃത്യം ഒറ്റക്ക് ചെയ്തതാണെന്ന് വിശ്വസിക്കുന്നില്ല എന്നാണ് എഫ് ബി ഐ പറയുന്നത്. മാത്രമല്ല, മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും, ഈ പ്രദേശത്ത് സ്‌ഫോടകവസ്തുക്കള്‍ എന്ന് സംശയിക്കുന്ന വസ്തുക്കള്‍ സ്ഥാപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അസ്സോസിയേറ്റ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വഴിയരുകില്‍ പുതുവത്സരം ആഘോഷിച്ചിരുന്ന ജനക്കൂട്ടത്തിന് നേരെ ഇയാള്‍ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു.

പിന്നീട് അതില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ ആള്‍ക്കൂട്ടത്തിനു നേരെ നിറയൊഴിക്കാനും ആരംഭിച്ചു. ഈ സമയത്തായിരുന്നു പോലീസ് അയാളെ വെടിവെച്ച് കൊന്നത്. ട്രക്കില്‍ ഐസിസിന്റെ പതാക ഉണ്ടായിരുന്നതായും സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രശ്നങ്ങള്‍ക്ക് കാരണം അനധികൃത കുടിയേറ്റമെന്ന് ട്രംപ്

അപകടമുണ്ടാക്കി ആളുകളെ കൊല്ലാന്‍ ഉപയോഗിച്ച ട്രക്ക് കഴിഞ്ഞ നവംബറില്‍ ടെക്സാസിലെ ഈഗിള്‍ പാസ്സ് വഴി അതിര്‍ത്തി കടന്നു വന്നതാണെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, അന്ന് ട്രക്ക് ഓടിച്ചിരുന്ന വ്യക്തിയല്ല ഇപ്പോള്‍ ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. പ്രതി ഷംസുദ്ദീന്‍ ജബ്ബാര്‍ ഒരു അമേരിക്കന്‍ പൗരനാണെന്നതും വ്യക്തമായി എന്നിട്ടും നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് വിരല്‍ ചൂണ്ടുന്നത് അനധികൃത കുടിയേറ്റത്തിനെതിരെയാണ്.

ജോ ബൈഡന്‍ ഭരിച്ച കഴിഞ്ഞ നാല് വര്‍ഷക്കാലത്ത് നിരവധി അനധികൃത കുടിയേറ്റക്കാരാണ് അമേരിക്കയില്‍ എത്തിയതെന്ന് ട്രംപ് സമൂഹമാധ്യമ പോസ്റ്റിലൂടെ ആരോപിച്ചു. കൊടുങ്കുറ്റവാളികളാണ് അമേരിക്കയില്‍ എത്തുന്നതെന്ന് താന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും മാധ്യമങ്ങളും അതൊരു വ്യാജ ആരോപണമാണെന്ന് പറഞ്ഞതായും ട്രംപ് ഓര്‍മ്മിപ്പിച്ചു. അതേസമയം ജോ ബൈഡനും തീവ്രവാദ പ്രവര്‍ത്തനങ്ങളെ അപലപിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

അക്രമി ഒരു മുന്‍ സൈനികനാണെന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് ഒഴിച്ചല്‍ പ്രതിയുമായി ബന്ധപ്പെട്ട മറ്റ് വിശദ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് മറ്റു ചിലരുടെ നേര്‍ക്കും അന്വേഷണം നീളുന്നു എന്ന സൂചന നേരത്തെ എഫ് ബി ഐ നല്‍കിയിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് മറ്റ് ആരെയെങ്കിലും അറസ്റ്റ് ചെയ്തോ എന്ന കാര്യവും വ്യക്തമല്ല.