- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശതകോടി കൊട്ടാരത്തില്‍ താമസിച്ചിരുന്നത് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ഷെഫീറ ഹുവാംഗ്; അടുത്ത വീട്ടിലെ ഗോവണി വഴി കയറി 100 കോടി രൂപ വിലമതിക്കുന്ന വജ്രാഭരങ്ങള്‍ അടിച്ചു മാറ്റിയത് ഒരു യുവാവ് ഒറ്റക്ക്; അത്യാഡംബരങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വിളമ്പിയത് മോഷ്ടാവിന് പണി എളുപ്പമാക്കി; ബ്രിട്ടീഷ് മോഷണ കഥ
ലണ്ടന്‍: വടക്കന്‍ ലണ്ടനില്‍ കഴിഞ്ഞ ദിവസം 10 മില്യന്‍പൗണ്ട് മൂല്യം വരുന്ന ആഭരണങ്ങള്‍ മോഷണം പോയത് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും, ആര്‍ട്ട് കളക്റ്ററുമായ വനിതയുടെ വീട്ടില്‍ നിന്ന്. തന്റെ അമൂല്യ സമ്പത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്യുന്ന സ്വഭാവമുണ്ടായിരുന്നു ഷഫിറ ഹുവാംഗ് എന്ന ഈ വനിതക്ക്. ലോകം മുഴുവന്‍ പറന്നു നടന്ന് ഫാഷന്‍ ഷോകള്‍കാണുകയും, അമൂല്യമായ ആഭരണങ്ങളും മറ്റും വാങ്ങുകയും ചെയ്യുന്നത് ഇവര്‍ക്ക് ഏറെ താത്പര്യമുള്ള ഒന്നായിരുന്നു. ഏതായാലും, വീട്ടില്‍ മോഷണം നടന്നതിനു പിന്നാലെ ഇവര്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആക്കിയിട്ടുണ്ട്.
ഏതായാലും ഒറ്റയ്ക്ക് വന്ന ഇത്രയും വലിയ തുകയുടെ മോഷണം നടത്തിയ, പ്രായം 20 കളുടെ അവസാനത്തിലോ 30 കളുടെ ആരംഭത്തിലോ ഉള്ള യുവാവ് ഇപ്പോള്‍ ദേശീയ ചര്‍ച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഷഫീറ ഹുവാംഗും ഭര്‍ത്താവും താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്തുള്ള പഴകി ജീര്‍ണ്ണിച്ച വീട്ടില്‍ നിന്നും ഏണി ഉപയോഗിച്ചാണ് ഇയാള്‍ മോഷണം നടത്താന്‍ കയറിയത് എന്നാണ് വിശ്വസിക്കുന്നത്.
മോഷണം നടന്ന വീടിനടുത്തായി സമാനമായ വലുപ്പവും ലേ ഔട്ടും ഉള്ള ഒരു വീട് വില്‍പ്പനക്ക് വെച്ചിട്ടുണ്ട്. മോഷ്ടാവ് ഈ വീട് സന്ദര്‍ശിച്ച് വീടിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. 10 കിടപ്പു മുറികളുള്ള ഈ വീട് 60 മില്യന്‍ പൗണ്ടിനാണ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. മോഷണം നടക്കുന്നതിന് രണ്ടാഴ്ച മുന്‍പ് മാത്രമാണ് ഈ വീട് വില്‍ക്കാനുണ്ടെന്ന പരസ്യം വന്നത്. ഹുവാംഗിന്റെ വീടിന്റെ ഉള്‍ഭാഗത്തെ കുറിച്ച് കൂടുതല്‍ വിശദമായി അറിയാന്‍ മോഷ്ടാവ് വില്പനക്ക് വെച്ച വീട് സന്ദര്‍ശിച്ചിരിക്കാം എന്നാണ് പോലീസ് കണക്ക് കൂട്ടുന്നത്.
ഡിസംബര്‍ 7 ന് വൈകിട്ട് 5 മണിയോടെയാണ് മോഷ്ടാവ് വീടിനുള്ളില്‍ കയറാന്‍ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ആദ്യം , വീടിനു പുറകില്‍ ഉദ്യാനത്തിലേക്ക് തുറക്കുന്ന ഒരു ജാലകത്തിലൂടെയായിരുന്നു അയാള്‍ കടക്കാന്‍ ശ്രമിച്ചത്. പിന്നീട് ഇയാള്‍ മേല്‍ക്കൂരയില്‍ കയറി. അവിടെ അയാളുടെ കാല്‍പ്പാടുകള്‍ ദൃശ്യമാണ്. പിന്നീടാണ് താഴെക്ക് വന്ന് രണ്ടാം നിലയിലെ ജനലിലൂടെ അയാള്‍ വീടിനകത്ത് കടന്നത്. എട്ടോളം വീട്ടുജോലിക്കാര്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. അവരുടെയെല്ലാം കണ്ണുവെട്ടിച്ച് വെറും 20 മിനിറ്റ് കൊണ്ടാണ് കോടിക്കണക്കിന് പൗണ്ടിന്റെ ആഭരണങ്ങളുമായി അയാള്‍ കടന്നു കളഞ്ഞത്.
സേഫിനുള്ളില്‍ വെച്ച സാധനങ്ങള്‍ ഒന്നും എടുക്കാതെ, എളുപ്പത്തില്‍ എടുക്കാവുന്നവ മാത്രമാണ് മോഷ്ടാവ് എടുത്തത്. കാര്യമായ തെളിവുകള്‍ ഒന്നും തന്നെ അവശേഷിപ്പിച്ചിട്ടുമില്ല. വീടിനകത്തുള്ള ആരുടെയെങ്കിലും സഹായം ഇക്കാര്യത്തില്‍ മോഷ്ടാവിന് ലഭിച്ചിരുന്നോ എന്ന സംശയം ഉയരുന്നുണ്ടെങ്കിലും വീട്ടു ജോലിക്കാര്‍ അത് നിഷേധിക്കുകയാണ്. സ്വന്തം വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വിളമ്പുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ സംഭവം.
ഇന്‍സ്റ്റാഗ്രാമിലൂടെ ഹുവാംഗ് വെളിപ്പെടുത്തിയ അമൂല്യ സ്വത്തുക്കളുടെ വിവരം തന്നെയാണ് മോഷ്ടാവിനെ ആകര്‍ഷിച്ചതെന്ന് അവരുടെ സുഹൃത്തുക്കള്‍ പറയുന്നു.