മുംബൈ: പുതു വര്‍ഷം പിറന്നതോടെ പുത്തന്‍ അനുഭവങ്ങള്‍ തേടിയുള്ള യാത്രകളും സ്വപ്നം കാണുകയാണ് മനുഷൂര്‍. ഇപ്പോഴിതാ, 2025 ല്‍ സന്ദര്‍ശിക്കാന്‍ പറ്റിയ 52 സ്ഥലങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് ന്യൂയോര്‍ക്ക് ടൈംസ്. ഗ്രീന്‍ലാന്‍ഡ്, സിഡ്‌നി, സ്‌കോട്ട്‌ലാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളെല്ലാം ഇടംപിടിച്ച ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടാണ്.പ്രശസ്ത നോവലിസ്റ്റ് ആയ ജെയ്ന്‍ ഓസ്റ്റെന്റെ ഇരുന്നൂറ്റി അമ്പതാം ജന്മദിനം ആഘോഷിക്കുന്ന ഈ വര്‍ഷം അവരുടെ ആരാധകര്‍ക്ക് തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്നതിന് മറ്റൊരു കാരണവും വേണ്ട എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.

ഈ മേഖലയിലെ ഹാംപ്ഷയറിലായിരുന്നൂ അവരുടെ ജനനം. മാത്രമല്ല, അവരുടെ മിക്ക നോവലുകള്‍ക്കും പ്രചോദനമായതും ഹാംപ്ഷയറിലെ ജീവിതമായിരുന്നു.അവര്‍ ജനിച്ചു വീണ വീട് ഇന്നും അവിടെ ഒരു സ്മാരകമായി സൂക്ഷിച്ചിട്ടുണ്ട്. സ്റ്റെവെന്‍ടണില്‍, ജൂലായില്‍ ജെയ്ന്‍ ഓസ്റ്റെന്‍ കണ്‍ട്രി ഫെയര്‍ സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം സൗത്താംപ്ടണില്‍ ഓസ്റ്റെന്‍ എഴുതാന്‍ ഉപയോഗിച്ച ഡെസ്‌ക് ഉള്‍പ്പടെ അവരുടെ പല വസ്തുക്കളുടെ പ്രദര്‍ശനവും നടത്തുന്നുണ്ട്.

വിന്‍ചെസ്റ്ററില്‍ ഇവരുടെ ജന്മദിനം പ്രമാണിച്ച് ഒരു റീഡിംഗ് ഫെസ്റ്റിവല്‍ നടത്തുന്നു. അവര്‍ അന്ത്യവിശ്രമം കൊള്ളുന്ന വിന്‍ചെസ്റ്റര്‍ കത്തീഡ്രലില്‍ അവരുടെ ഒരു പ്രതിമ അനച്ഛാദനം ചെയ്യുകയും ചെയ്യുന്നുണ്ട്. ബാത്തില്‍, നൃത്ത വിരുന്നോടെയാണ് അവരുടെ ജന്മദിനം ആഘോഷിക്കുന്നത്. ഇവരുടെ കഥകള്‍ സിനിമകള്‍ ആക്കിയപ്പോള്‍ പലതിന്റെയും ലൊക്കേഷന്‍ ഈ പ്രദേശങ്ങള്‍ തന്നെയായിരുന്നു.

ജെയ്ന്‍ ഓസ്റ്റന്റെ പേരില്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍, ധ്രുവദീപ്തിയാണ് ഗ്രീന്‍ലാന്‍ഡിന് രണ്ടാം സ്ഥാനം നേടിക്കൊടുത്തത്. വിശാലമായ മഞ്ഞുപാളികള്‍, ചെറു കുന്നുകള്‍ക്കിടയില്‍ ബന്ധിപ്പിക്കപ്പെട്ട ചെറു തടാകങ്ങള്‍ എന്നിവയൊക്കെ ഇവിടം ആകര്‍ഷമാക്കുന്നവയാണ്. സമുദ്ര ഭക്ഷണ വിഭവങ്ങളുടെ തലസ്ഥാനം എന്ന പേരിലാണ് സിഡ്‌നി ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. സ്‌കോട്ട്‌ലാന്‍ഡും കിഴക്കന്‍ ലണ്ടനുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളത്.

ഇന്ത്യയില്‍ നിന്ന് ഈ പട്ടികയില്‍ ഇടംകണ്ടെത്താനായത് അസമിന് മാത്രമാണ്. നേപ്പാളിലെ ലുംബിനി, പാകിസ്ഥാനിലെ നങ്മ താഴ്വര, അബുദാബി തുടങ്ങിയ സ്ഥലങ്ങളും ഈ 52 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ഏറെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പല സ്ഥലങ്ങളും ഈ പട്ടികയില്‍ ഇടം കണ്ടെത്തിയില്ല എന്നതും ഏറെ ആശ്ചര്യകരമാണ്.