- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നല്‍കണം; അതിന് ശേഷം ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ വന്ന് എന്ത് രേഖകളും പരിശോധിക്കാം; 15 ദിവസത്തിനുള്ളില്‍ മറുപടി വേണം; ഒടുവില്‍ പ്രശാന്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ചീഫ് സെക്രട്ടറിയുടെ മറുപടി; പ്രശാന്തിനെതിരെ കടുത്ത നടപടികള്‍ക്ക് അണിയറ നീക്കം
തിരുവനന്തപുരം: എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി 120 ദിവസം കൂടി നീട്ടുന്നതിനൊപ്പം പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ മറുപടിയും. റിവ്യൂ കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ നീട്ടിയിരിക്കുന്നത്. എന്‍ പ്രശാന്ത് മറുപടി നല്‍കാത്തത് ഗുരുതര ചട്ടലംഘനമെന്നാണ് റിവ്യൂ കമ്മറ്റിയുടെ വിലയിരുത്തല്‍. ചീഫ് സെക്രട്ടറി നല്‍കിയ മെമ്മോക്കെതിരെ പ്രശാന്ത് തിരിച്ചു ചോദ്യങ്ങള്‍ അയച്ചു പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി മറുപടി നല്‍കുന്നത്. കുറ്റാരോപണ മെമോക്ക് മറുപടി നല്‍കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിന് ശേഷം രേഖകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ വന്ന് എന്ത് രേഖകളും പരിശോധിക്കാം. 2 കത്തുകള്‍ ചീഫ് സെക്രട്ടറി പ്രശാന്തിന് നല്‍കിയിട്ടുണ്ട്. പ്രശാന്തിന് മറുപടി നല്‍കാനുള്ള സമയം 15 ദിവസം നീട്ടി നല്‍കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ഈ മാസം 6 നാണ് പ്രശാന്തിന് മറുപടി നല്‍കാനുള്ള സമയം അവസാനിച്ചത്. പ്രശാന്തിനെതിരെ കടുത്ത നടപടികള്‍ വേണമെന്നാണ് ഒരു വിഭാഗം ഐഎഎസുകാരുടെ ആവശ്യം.
താന്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മാപ്പുപറയണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു. കടുത്ത വിമര്‍ശനങ്ങളാണ് എ.ജയതിലകിനെതിരെ പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തിയത്. ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചു. സെക്രട്ടേറിയറ്റിലെ ഇടനാഴിയില്‍ പോലും ഇക്കാര്യം പാട്ടാണെന്നതില്‍ തുടങ്ങിയ വിമര്‍ശനം പിന്നീട് പരസ്യമായി നീണ്ടു. അതേസമയം, മതാടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിന് സസ്‌പെന്‍ഷനിലായിരുന്ന കെ.ഗോപാലകൃഷ്ണനെ സര്‍ക്കാര്‍ സര്‍വീസിലേക്ക് തിരിച്ചെടുത്തു. വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയതില്‍ പങ്കില്ലെന്നും തന്റെ ഫോണ്‍ ഹാക്ക് ചെയ്തവരാണ് അതിനു പിന്നിലെന്നും മെമ്മോയ്ക്കുള്ള മറുപടിയില്‍ ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയത്. ഈ വാദം അംഗീകരിച്ചാണ് അദ്ദേഹത്തിനു സര്‍വീസില്‍ തിരികെയെത്താന്‍ വഴിയൊരുക്കണമെന്നു റിവ്യു കമ്മിറ്റി സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്. മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന്‍ തന്നെയാണെന്ന് സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ പറഞ്ഞത്.
ഒക്ടോബര്‍ 31ന് ഗോപാലകൃഷ്ണന്‍ അഡ്മിന്‍ ആയി ആദ്യം 'മല്ലു ഹിന്ദു ഓഫീസേഴ്‌സ്' ഗ്രൂപ്പും പിന്നീട് മുസ്ലിം ഗ്രൂപ്പും രൂപീകരിച്ചതു പുറത്തുവന്നതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് സസ്പെന്‍ഷനില്‍ കലാശിച്ചത്. ഐ.എ.എസുകാര്‍ക്കിടയിലെ ഐക്യം തകര്‍ക്കാനും ഭിന്നിപ്പുണ്ടാക്കാനും ഗോപാലകൃഷ്ണന്‍ ശ്രമിച്ചെന്നു ചീഫ് സെക്രട്ടറി സസ്പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന ഗോപാലകൃഷ്ണന്റെ വാദത്തിനു തെളിവില്ലെന്നു പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഗോപാലകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഒഴിവാക്കിയാണു ചാര്‍ജ് മെമ്മോ നല്‍കിയിരുന്നത്. കേസെടുക്കാനാവില്ലെന്നു പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ ഇല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണു പ്രാഥമികന്വേഷണം നടത്തിയ നര്‍കോട്ടിക്‌സ് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അജിത്ചന്ദ്രന്‍ നായരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. സ്വന്തം ഫോണ്‍ റീസെറ്റ് ചെയ്തു വിവരങ്ങളെല്ലാം ഗോപാലകൃഷ്ണന്‍ നീക്കിയതിനാല്‍ ഗ്രൂപ്പുണ്ടാക്കിയത് അദ്ദേഹം തന്നെയാണെന്നു തെളിയിക്കാനാകാത്തതും വെല്ലുവിളിയായി.'ഉന്നതി' സി.ഇ.ഒ ആയിരിക്കെ താന്‍ ഫയല്‍ മുക്കിയെന്ന ആരോപണത്തിനു പിന്നില്‍ എ. ജയതിലകാണെന്നാരോപിച്ച് പ്രശാന്ത് സമൂഹമാദ്ധ്യമത്തില്‍ നടത്തിയ രൂക്ഷ വിമര്‍ശനമാണ് സസ്പെന്‍ഷന്‍ വിളിച്ചുവരുത്തിയത്.ഫയല്‍ മുക്കിയെന്ന ആരോപണം വ്യാജമെന്നായിരുന്നു പ്രശാന്തിന്റെ മറുപടി.
ഇത് ശരിയാണെന്ന മട്ടില്‍ കൂടുതല്‍ തെളിവുകളും പിന്നീട് പുറത്തുവന്നിരുന്നു. കൂടുതല്‍ പ്രകോപിതനായി പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് വക്കീല്‍നോട്ടീസും പിന്നാലെ ഏഴ് ചോദ്യങ്ങള്‍ ഉന്നയിച്ച് കത്തും നല്‍കിയത് വിവാദമായിരുന്നു.