- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദര്‍ശന പുണ്യമായി മകരവിളക്ക്! ഭക്തിസാന്ദ്രമായി സന്നിധാനം; ശരണമന്ത്ര മുഖരിതമായി ശബരിമല; തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പ സ്വാമിയെ കണ്‍നിറയെ കണ്ട് മകരജ്യോതിയില്‍ സായൂജ്യമണഞ്ഞ് ഭക്തലക്ഷങ്ങള്‍
മകരജ്യോതിയില്‍ സായൂജ്യമണഞ്ഞ് ഭക്തലക്ഷങ്ങള്‍
ശബരിമല: തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ കണ്‍കുളിര്‍ക്കെ കണ്ട് മകരജ്യോതി ദര്‍ശിച്ച് സായൂജ്യമണഞ്ഞ് ഭക്തലക്ഷങ്ങള്‍. ദീപാരാധന നടത്തിയശേഷം 6.42ന് നട തുറന്നതിന് തൊട്ടുപിന്നാലെയാണ് പൊമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്. വൈകിട്ട് 6.44 ഓടെയായിരുന്നു മകരവിളക്ക് ദര്‍ശനം. കറുപ്പുടുത്ത് പതിനെട്ടു മലകളും ഭക്തലക്ഷങ്ങളും ഒരുപോലെ ധ്യാനമൗനത്തിലാണ്ടുനിന്നു. കളഭത്തണുപ്പും കര്‍പ്പൂരഗന്ധവുമുള്ള കാറ്റ് സന്നിധാനത്ത് പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു.
മകര ജ്യോതി ദര്‍ശനത്തിനുള്ള പ്രധാന വ്യൂ പോയിന്റായ ഹില്‍ടോപ്പില്‍ തീര്‍ഥാടകരുടെ വന്‍ പ്രവാഹമായിരുന്നു. രണ്ടു ലക്ഷത്തോളം ഭക്തരാണ് ശബരിമലയിലേക്ക് ഒഴുകിയെത്തിയത്. കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയിരുന്നത്. ഒരേമനസോടെ ശരംവിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശന പുണ്യം നേടി ഇനി മലയിറങ്ങുക.
ഇന്ന് പുലര്‍ച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ തുടങ്ങിയത്. വൈകിട്ട് 6.25ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. തുടര്‍ന്ന് 6.30ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടര്‍ന്ന് സന്നിധാനത്തെ ശ്രീകോവിലില്‍ സര്‍വാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടന്നു. ദീപാരാധനയ്ക്കുശേഷം നട തുറന്നതിന് തൊട്ടുപിന്നാലെ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ഇതോടെ സന്നിധാനത്ത് ശരണ മന്ത്രങ്ങള്‍ ഉയര്‍ന്നു മുഴങ്ങി.
5.30 ന് ശരംകുത്തിയിലെത്തിയ തിരുവാഭരണ ഘോഷയാത്രയെ ശബരിമല എക്‌സിക്യുട്ടീവ് ഓഫിസര്‍ ബി. മുരാരി ബാബുവിന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ വരവേറ്റ് സന്നിധാനത്തേക്ക് ആനയിച്ചു. 6.30ന് പതിനെട്ടാംപടി കയറിയെത്തിയ തിരുവാഭരണ പേടകത്തെ കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍, തമിഴ്‌നാട് ഹിന്ദുമത ധര്‍മ സ്ഥാപന വകുപ്പ് മന്ത്രി പി.കെ. ശേഖര്‍ ബാബു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തിരുവാഭരണ പേടകം സോപാനത്ത് എത്തിയപ്പോള്‍ തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി എസ്.അരുണ്‍കുമാര്‍ നമ്പൂതിരിയും ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി. പിന്നെ ദീപാരാധനയ്ക്കായി നടയടച്ചു. അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുമ്പോള്‍ കിഴക്ക് മകര നക്ഷത്രമുദിച്ചു. 6.43ന് പിന്നെ മൂന്നുവട്ടം മകരജ്യോതി മിന്നിത്തെളിഞ്ഞപ്പോള്‍ സന്നിധാനവും ഹില്‍ടോപ്പും വലിയാനവട്ടവുമടക്കം ഭക്തര്‍ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിലെല്ലാം ശരണംവിളിയുയര്‍ന്നു.
അയ്യപ്പന്റെ പൂങ്കാവനമാകെ തീര്‍ഥാടകരുടെ ശരണകീര്‍ത്തനങ്ങളാല്‍ സംഗീതസാഗരമായി. മകരജ്യോതി ദര്‍ശനത്തിനായി പര്‍ണശാല കെട്ടിയാണു തീര്‍ഥാടകര്‍ കാത്തിരുന്നത്. സന്നിധാനത്തും പമ്പയിലും മാത്രമല്ല പൂങ്കാവനത്തിലെ 18 മലകളില്‍ അയ്യപ്പന്മാരുടെ പര്‍ണശാലയുണ്ടായിരുന്നു. കാത്തിരിപ്പിനു ശരണകീര്‍ത്തനങ്ങളായിരുന്നു അകമ്പടിയായി. ദേശത്തിന്റെയും ഭാഷയുടെയും വ്യത്യാസമില്ലാതെയാണു തീര്‍ഥാടകര്‍ പര്‍ണശാലകള്‍ കെട്ടിയത്. വലിയ തിരക്കു കാരണം പര്‍ണശാലയ്ക്കു സ്ഥലം കിട്ടാത്തവര്‍ നടന്നുപോകുന്ന വഴികളില്‍ വരെ വിരിവച്ചിരുന്നു.
മകരസംക്രമ സന്ധ്യയ്ക്കായുള്ള പൂങ്കാവനത്തിലെ 18 മലകളുടെയും കാത്തിരിപ്പിനൊടുവില്‍ സന്ധ്യാവേളയില്‍ തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നപ്പോള്‍ മകരജ്യോതി തെളിഞ്ഞു. പിന്നെ തിരുവാഭരണവിഭൂഷിതനായ ധര്‍മശാസ്താവിനെ തൊഴുത് ഭക്തര്‍ മലയിറങ്ങാന്‍ തുടങ്ങി.
ശബരിമലയിലെ വ്യൂപോയന്റുകളിലെല്ലാം തീര്‍ത്ഥാടകരാല്‍ നേരത്തെ തന്നെ നിറഞ്ഞിരുന്നു. പൊലീസ് വലിയ സുരക്ഷയാണ് വിവിധയിടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. ശരണംവിളികളാല്‍ മുഖരിതമായ ഭക്തിയുടെ നിറവിലാണ് സന്നിധാനം. പര്‍ണശാലകളിലിരുന്ന് ശരണം വിളികളോടെയാണ് അയ്യപ്പ ഭക്തര്‍ മകരവിളക്ക് ദര്‍ശിച്ചത്. പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പൊലീസുകാര്‍ ആണ് സുരക്ഷ ഒരുക്കുന്നത്.
ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീര്‍ത്ഥാടകരെ ശബരിമലയില്‍ പ്രവേശിപ്പിച്ചിരുന്നത്. തിരുവാഭരണ ഘോഷയാത്ര പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് വരുന്നതിനാലാണ് ഉച്ചയ്ക്കുശേഷം ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മകരവിളക്ക് ദിവസം രണ്ട് ലക്ഷത്തോളം ഭക്തരാണ് ശബരിമലയിലെത്തിയിട്ടുള്ളത്. ഭക്തര്‍ക്ക് സുഗമമായ മകരജ്യോതി ദര്‍ശനത്തിന് വിപുലമായ ഒരുക്കമാണ് നടത്തിയിട്ടുള്ളത്. ജനുവരി 15 മുതല്‍ 17 വരെ തിരുവാഭരണ ദര്‍ശനം ഉണ്ടായിരിക്കും.