ജെറുസലേം: ക്രിസ്തുവിന്റെ പൂര്‍വികര്‍ മുദ്ര വച്ചതെന്ന് കരുതപ്പെടുന്ന 3000 വര്‍ഷം പഴക്കമുള്ള ദേവാലയം ജെറുസലേമിന്റെ ഹൃദയഭാഗത്ത് കണ്ടെത്തി. യഹൂദരുടെ വിശുദ്ധസ്ഥലമായ ടെമ്പിള്‍ മൗണ്ടിന് അടുത്തുള്ള പാറക്കെട്ടിലാണ് ദേവാലയം കണ്ടെത്തിയത്.

അള്‍ത്താരയടക്കം എട്ടുമുറികള്‍ അടങ്ങുന്ന ദേവാലയം പുരാവസ്തു ഖനനത്തിലാണ് വീണ്ടെടുത്തത്. ഈ ദേവാലയത്തിന്റെ തകര്‍ച്ച ബൈബിളില്‍ പരാമര്‍ശിച്ചിരിക്കാമെന്നും വിദഗ്ധര്‍ വിശ്വസിക്കുന്നു.




മുപ്പതു വര്‍ഷത്തോളം യൂദയാ രാജ്യം ഭരിച്ച രാജാവായിരുന്ന ഹെസക്കിയാ ഇതരദൈവങ്ങളുടെ ബലിപീഠങ്ങളും പൂജാഗിരികളും നശിപ്പിച്ചിരുന്നു. അക്കൂട്ടത്തില്‍ നശിപ്പിക്കപ്പെട്ട ദേവാലയമായിരുന്നു ഇതെന്നാണ് ഇസ്രയേല്‍ പുരാവവസ്തു അതോറിറ്റി ഖനന ഡയറക്ടര്‍ ഇലി ഷുഖ്‌റോണ്‍ അഭിപ്രായപ്പെടുന്നത്. അതായത് എബ്രായ ബൈബിളില്‍ യഹൂദരുടെ ഏറ്റവും ധാര്‍മ്മികരായ രാജാക്കന്മാരില്‍ ഒരാളായി ചിത്രീകരിക്കുന്ന ഹെസക്കിയയുടെ കാലത്തോളം പഴക്കമുള്ളതാണ് ഈ ദേവാലയം




ഹെസക്കിയയുടെ മത പരിഷ്‌കരണത്തിന്റെ ഭാഗമായി ബിസി എട്ടാം നൂറ്റാണ്ടിലാണ് ദേവാലയം പ്രവര്‍ത്തനരഹിതമായതെന്ന് ഇലി ഷുഖ്‌റോണ്‍ വിലയിരുത്തുന്നു. ബൈബിള്‍ പ്രകാരം ജെറുസലേമിലെ ദേവാലയത്തില്‍ ആരാധന കേന്ദ്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഹെസക്കിയ ഇതരദൈവ ആചാര സ്ഥലങ്ങള്‍ നിരോധിച്ചിരുന്നു.