- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വകുപ്പുമന്ത്രി പോലും അറിയാതെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സ്ഥലംമാറ്റം; മാനദണ്ഡം ലംഘിച്ചുകൊണ്ടെന്ന ബി. അശോകിന്റെ ആരോപണം ശരിവച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍; സ്ഥലംമാറ്റത്തിന് സ്റ്റേ; പിണറായി സര്‍ക്കാരിന് തിരിച്ചടി
ബി അശോകിന്റെ സ്ഥലം മാറ്റം; അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു
കൊച്ചി: തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷനായുള്ള ബി അശോക് ഐ.എ.എസിന്റെ സ്ഥലംമാറ്റത്തിന് സ്റ്റേ. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ നടപടിയാണ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡം ലംഘിച്ചുകൊണ്ടാണ് സ്ഥലംമാറ്റമെന്നായിരുന്നു അശോകിന്റെ ആരോപണം. ഈ ആരോപണം ശരിവച്ചാണ് സ്റ്റേ അനുവദിച്ചത്.
സംസ്ഥാന സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു അശോകിന്റെ സ്ഥാനചലനം. തന്നെ സെക്രട്ടേറിയറ്റിനു പുറത്തുള്ള തസ്തികയിലേക്കു മാറ്റിയ സര്‍ക്കാരിനെതിരെ നിയമപോരാട്ടത്തിനുറച്ചുള്ള നീക്കമായിരുന്നു അശോകിന്റേത്. പിണറായി വിജയന്‍ സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടപെടല്‍.
കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് തദ്ദേശ സ്വയംഭരണവകുപ്പ് പരിഷ്‌കാര കമ്മിഷന്റെ അധ്യക്ഷസ്ഥാനത്തേക്കാണ് അദ്ദേഹത്തെ മാറ്റിയിരുന്നത്. നടപടി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിഷന്റെ എറണാകുളം ബെഞ്ച് സ്റ്റേ ചെയ്തതോടെ അശോകിന് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരാം.
ബി.അശോകിനെ കൃഷിവകുപ്പില്‍ നിന്നു മാറ്റി തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷനായി നിയമിച്ചത് വകുപ്പുമന്ത്രി പോലും അറിയാതെയായിരുന്നു. മന്ത്രിസഭയില്‍ വിഷയം എത്തിയപ്പോഴാണ് മന്ത്രി അറിയുന്നത്. കൃഷിവകുപ്പില്‍ ഒട്ടേറെ വന്‍കിട പദ്ധതികള്‍ക്കു തുടക്കമിട്ടിരിക്കെ ഇതിനു ചുക്കാന്‍ പിടിക്കുന്ന സെക്രട്ടറിയെ മാറ്റിയതിനാല്‍ വകുപ്പിനു കടുത്ത അതൃപ്തിയുണ്ടായിരുന്നു സെക്രട്ടറിയെ മാറ്റുന്ന കാര്യം കൃഷിമന്ത്രിയുമായി മുന്‍കൂട്ടി ചര്‍ച്ച ചെയ്യാത്തതിനാല്‍ നീക്കത്തെ തടയാനും കഴിഞ്ഞില്ല.
ലോകബാങ്കിന്റെ 2,650 കോടിയുടെ പദ്ധതിക്കു വേണ്ടി മുന്‍കൈയെടുത്ത അശോക് ആ തുകയുടെ ആദ്യ ഗഡു ലഭിക്കുന്നതിനു തൊട്ടുമുന്‍പാണ് വകുപ്പില്‍ നിന്നു പോകുന്നത്. കൃഷിക്കാരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്ന ഫാര്‍മേഴ്‌സ് റജിസ്റ്റര്‍ പദ്ധതിയും അശോകിന്റെ നേതൃത്വത്തില്‍ നടപ്പാക്കിത്തുടങ്ങിയിരുന്നു. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാര്‍ഷികോല്‍പാദന കമ്മിഷണര്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നീ പദവികളില്‍ നിന്നു മാറ്റിയാണ് അശോകിനെ കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചത്.
തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷനായി തന്നെ നിയമിച്ച നടപടി സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും നിയമന ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബി.അശോക് ചീഫ് സെക്രട്ടറി ശാരദ മുരളീധരനു നേരത്തെ കത്തയച്ചിരുന്നു. ചട്ടങ്ങള്‍ പാലിക്കാത്ത ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പദവി തനിക്ക് ഏറ്റെടുക്കാനാവില്ലെന്ന് അശോക് കത്തില്‍ വ്യക്തമാക്കിയിരുന്നു. ഐഎഎസ് കേഡറിനു പുറത്തുള്ള പദവിയില്‍ നിയമിക്കുമ്പോള്‍ ഉദ്യോഗസ്ഥനില്‍നിന്നു മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് തന്റെ കാര്യത്തില്‍ പാലിച്ചില്ല. ഭരണസര്‍വീസില്‍ സുപ്രധാന ചുമതല വഹിക്കുന്ന, കേഡര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ കേഡറിനു പുറത്തേക്കു മാറ്റാനാവില്ലെന്ന ചട്ടവും ലംഘിക്കപ്പെട്ടു. സ്വതന്ത്ര സ്ഥാപനമായ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷപദം കേഡറിനു പുറത്തുള്ളതാണ്. അത് ഏറ്റെടുക്കാനാവില്ലെന്നായിരുന്നു ബി അശോകിന്റെ വാദം.
തദ്ദേശ വകുപ്പില്‍ 4 മാസം മാത്രമേ താന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളൂ. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒട്ടേറെ ഐഎഎസ് ഉദ്യോഗസ്ഥര്‍ സര്‍വീസിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പദവി ഏറ്റെടുക്കാനാവില്ലെന്ന് അശോക് വ്യക്തമാക്കിയതോടെ, ഐഎഎസ് തലപ്പത്ത് പോര് മുറുകിയിരുന്നു. ഏതാനും ആഴ്ചകള്‍ക്കിടെ സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ചീഫ് സെക്രട്ടറിക്കു കത്തയയ്ക്കുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് അശോക്. അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതിന്റെ പേരില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തത് അനീതിയാണെന്നു കാട്ടി ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്ത് നേരത്തേ രംഗത്തുവന്നിരുന്നു.