- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഷാരോണിനെ മാത്രമല്ല, പ്രണയമെന്ന സങ്കല്‍പത്തെ തന്നെ ഗ്രീഷ്മ കൊല ചെയ്തു'; സമൂഹത്തിന് സന്ദേശമാകുന്ന വിധിപ്രസ്താവം കോടതിയില്‍നിന്നും പ്രതീക്ഷിക്കുന്നതായി പ്രോസിക്യൂഷന്; വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം
സമൂഹത്തിന് സന്ദേശമാകുന്ന വിധിപ്രസ്താവം പ്രതീക്ഷിക്കുന്നതായി പ്രോസിക്യൂഷന്
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ശിക്ഷാവിധി തിങ്കളാഴ്ച നടത്താനിരിക്കെ സമൂഹത്തിന് നല്ല സന്ദേശം ലഭിക്കത്തക്കവിധത്തിലുള്ള വിധിപ്രസ്താവം കോടതിയില്‍നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ വിനീത് കുമാര്‍. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റം തെളിഞ്ഞതാണെന്നും ഷാരോണിനെ മാത്രമല്ല, പ്രണയമെന്ന സങ്കല്‍പത്തെ തന്നെ പ്രതി ഗ്രീഷ്മ കൊലചെയ്‌തെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസ് ആണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണം. ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണ്. ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാന്‍ കഴിയുകയുള്ളൂ. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്.
അതിനായി പരിശോധനകള്‍ നടത്തി.11 ദിവസം ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയില്‍ ഉണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച കൊലപാതകമാണ് അവിചാരിതമല്ല. വിദ്യാസമ്പന്നയായ യുവതി വിവരങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. ഷാരോണിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. കുറെ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തത്. പ്രതിക്ക് മനസ്താപം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പ്രതിഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ജനുവരി ഇരുപതാം തീയതി തിങ്കളാഴ്ചയാണ് കോടതി ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായര്‍ക്കും ശിക്ഷ വിധിക്കുക. ഇതിന് മുന്നോടിയായി, ശിക്ഷയേക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് ഗ്രീഷ്മയോട് ശനിയാഴ്ച കോടതി ആരാഞ്ഞിരുന്നു. എം.എ. ലിറ്ററേച്ചര്‍ ഡിസ്റ്റിങ്ഷനോട് കൂടി പാസായ ആളാണ് താനെന്നും മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ പറഞ്ഞു. രക്ഷിതാക്കള്‍ക്ക് ഒറ്റമകളാണെന്നും കുറ്റകൃത്യത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടതായി കോടതിക്ക് പുറത്ത് മാധ്യമങ്ങളെ കണ്ടപ്പോള്‍ പ്രോസിക്യൂഷന് അഭിഭാഷകന്‍ വ്യക്തമാക്കി.
ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഗ്രീഷ്മ കോടതിയില്‍ കത്ത് നല്‍കിയിരുന്നു. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. തനിക്ക് 24 വയസ്സ് മാത്രമാണ് പ്രായം. ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു. കത്തിനൊപ്പം ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറി ഇന്നലെ കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചിരുന്നു.
ഒരു കൊലപാതകം നടന്നുവെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. അത് നീതീകരിക്കാനാകുന്ന കൊലപാതകം ആയി മാത്രമേ കരുതാവൂ അതുകൊണ്ടുതന്നെ ഒരു കാരണവശാലും ഗ്രീഷ്മയ്ക്ക് വധശിക്ഷ നല്‍കരുതെന്നാണ് പ്രതിഭാഗം വാദിച്ചത്. ഗ്രീഷ്മയ്ക്ക് നന്നാകാനുള്ള അവസരം കൊടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം, ഗ്രീഷ്മയ്ക്ക് വധശിക്ഷ നല്‍കണമെന്നാണാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഷാരോണിനെ പ്രണയം നടിച്ച്, വിശ്വാസവഞ്ചന കണിച്ച് വിളിച്ചുവരുത്തി കൊലപാതകം നടത്തി എന്നത് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ തെളിഞ്ഞതാണ്. ഷാരോണിനെ മാത്രമല്ല പരിപാവനമായ പ്രണയമെന്ന സങ്കല്‍പത്തെ തന്നെ ഗ്രീഷ്മ കൊലചെയ്തിരിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.