കൊച്ചി: അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ കൂത്താട്ടുകുളത്തെ നഗരസഭ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. യുഡിഎഫ് പ്രവര്‍ത്തകരെയും എല്‍ഡിഎഫ് പ്രവര്‍ത്തകരെയും പ്രതി ചേര്‍ത്താണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച സംഭവത്തില്‍ അനൂപ് ജേക്കബ് എംഎല്‍എക്കെതിരെയും കേസെടുത്തു. യുഡിഎഫ് പ്രവര്‍ത്തകരെ മര്‍ദിച്ചതിനാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഇന്നലെ കേസെടുത്തിരുന്നു. ഇന്ന് രണ്ട് എഫ്‌ഐആര്‍ കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

യുഡിഎഫ് പ്രവര്‍ത്തകര്‍ ഇന്നലെ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. അതില്‍ നാലാം പ്രതിയായിട്ടാണ് അനൂപ് ജേക്കബ് എംഎല്‍എയെ പ്രതി ചേര്‍ത്തിരിക്കുന്നത്. അമ്പതോളം കണ്ടാലറിയാവുന്നവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരെ മര്‍ദിച്ചതിലാണ് എല്‍ഡിഎഫിനെതിരെ കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയും കേസുണ്ട്.

നിലവില്‍ കൗണ്‍സിലര്‍ കൊച്ചി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് തന്നെ 164 മൊഴിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. എപ്പോഴാണ് മൊഴി എടുക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേ സമയം കൗണ്‍സിലറുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും കേസിന്റെ മുന്നോട്ടുള്ള തുടര്‍ നടപടികളെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം സംഭവത്തിലെ പൊലീസ് വീഴ്ചയില്‍ എറണാകുളം റൂറല്‍ എസ്പി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എഎസ്പിക്കും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കുമാണ് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി എടുക്കുക. മൂവാറ്റുപുഴ ഡിവൈഎസ്പിക്കെതിരെയാണ് അന്വേഷണം.

സംഭവത്തില്‍ വിചിത്രവാദവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ രംഗത്ത് വന്നു. കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് കോണ്‍ഗ്രസ് എന്ന് ജില്ലാ സെക്രട്ടറി ആരോപിച്ചു., അവിശ്വാസ പ്രമേയത്തിന് നാലുദിവസം മുമ്പ് കലാരാജുവിനെ കാണാതായതാണ്, കലാരാജു എവിടെയായിരുന്നു എന്ന് വ്യക്തമാക്കട്ടെ എന്നും സി എന്‍ മോഹനന്‍ പറഞ്ഞു, കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സന്റെ വാഹനത്തില്‍ കലാ രാജു കയറിയതാണ്, തുടര്‍ന്ന് ഇരുവരും സിപിഎം ഓഫീസില്‍ എത്തി, കൗണ്‍സിലര്‍ സുരക്ഷിതയാണെന്ന് പോലീസ് എത്തി ഉറപ്പുവരുത്തിയിരുന്നു .

കലാ രാജുവിന് സാമ്പത്തിക ബുദ്ധിമുട്ട് അടക്കമുള്ള ഉണ്ടെങ്കില്‍ അക്കാര്യം പാര്‍ട്ടി പരിശോധിക്കും, അവരുമായി വീണ്ടും സംസാരിക്കാന്‍ തയ്യാറാണെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു, സംഘര്‍ഷം ഉണ്ടാക്കിയത് കോണ്‍ഗ്രസ് ആണ്, കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിന് ഡിസിസി പ്രസിഡന്റും രണ്ട് എംഎല്‍എമാരും എത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു

അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ച് വിജയിച്ച കല രാജുവിനെ തട്ടിക്കൊണ്ട് പോകേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നായിരുന്നു കൂത്താട്ടുകുളം സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി പി.ബി. രതീഷ് പറഞ്ഞത്. കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയതിന് ശേഷം ഏരിയ കമ്മിറ്റി ഓഫീസിലാണ് എത്തിച്ചിരുന്നത്. ഏരിയ കമ്മിറ്റി ഓഫീസില്‍ കൗണ്‍സിലര്‍ കലയെ ഡോക്ടര്‍ പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് പി.ബി.രതീഷിന്റെ ന്യായീകരണം.

'തട്ടിക്കൊണ്ടു പോയതും കൊണ്ടുവന്നതും കോണ്‍ഗ്രസ്സാണ്. കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാരുടെ അകമ്പടിയോടെ കല രാജു വരാന്‍ ഇടയായതാണ് പരിശോധിക്കേണ്ടത്. അവിശ്വാസപ്രമേയത്തില്‍ നിന്നും വിട്ടുനില്‍ക്കുക എന്ന എല്‍ഡിഎഫിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസില്‍ കേന്ദ്രീകരിച്ചത്. വളരെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലാണ് ഒരു പകല്‍ സഖാക്കള്‍ ഇവിടെ തങ്ങിയത്. മാത്രമല്ല വൈകിട്ട് 4.30 ഓടെ എല്ലാ കൗണ്‍സിലര്‍മാരും പിരിയുകയും കല രാജുവിനെ വീട്ടില്‍ എത്തിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ ഒരു ഘട്ടത്തിലും മോശമായ പദപ്രയോഗമോ പെരുമാറ്റമോ ആരില്‍ നിന്നും ഉണ്ടായിട്ടില്ല എന്നത് നിസ്തര്‍ക്കമാണ്. രാവിലെ ഉണ്ടായ കോണ്‍ഗ്രസ്സ് ആക്രമണത്തില്‍ പരിക്ക് പറ്റിയവര്‍ക്ക് ചികിത്സ നല്‍കാനും ശ്രദ്ധിച്ചിട്ടുണ്ട്. കല രാജുവിനും ആവശ്യമായ വൈദ്യശുശ്രൂഷ ഉറപ്പ് വരുത്താന്‍ കഴിഞ്ഞു. മറിച്ചുള്ള എല്ലാ കുപ്രചാരണങ്ങളും തള്ളി കളയുക.'- എന്ന കുറുപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

എന്നാല്‍ തന്നെ തട്ടിക്കൊണ്ടുപോയതാണെന്ന് കല രാജുതന്നെ വ്യക്തമാക്കിയിരുന്നു. ഒരു സ്ത്രീയാണെന്ന പരിഗണന പോലും തരാതെ വസ്ത്രം പിടിച്ച് വലിക്കുകയും ബലമായി പിടിച്ച് വണ്ടിയില്‍ കയറ്റുകയായിരുന്നു. ചതിച്ചുകൊണ്ട് പോകാമെന്ന് കരുതണ്ടെന്നും വലിച്ചെറിയെടാ വണ്ടിയിലേക്ക് എന്ന് ആക്രോശിച്ചുകൊണ്ടാണ് തന്നെ സിപിഎം പ്രവര്‍ത്തകര്‍ വാഹനത്തിലേക്ക് പിടിച്ചിട്ട് കൊണ്ടുപോയതെന്നും കല രാജു പറഞ്ഞിരുന്നു. കൂടാതെ കാല്‍ വാഹനത്തിന്റെ ഡോറില്‍ കുടുങ്ങിയെന്ന് പറഞ്ഞപ്പോള്‍ അവിടെ ചെല്ലുമ്പോള്‍ വെട്ടിത്തരാമെന്നാണ് കൂടെയുണ്ടായിരുന്ന ഒരു ചെറിയ പയ്യന്‍ പറഞ്ഞത് എന്നതടക്കമുള്ള കാര്യങ്ങള്‍ കല രാജു മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

'തന്നെ ഏരിയ കമ്മിറ്റി ഓഫീസിലേക്കാണ് കൊണ്ടുപോയത്. അവിടെ അവര്‍ ഉപദ്രവിക്കുകയൊന്നും ചെയ്തില്ല. അനുനയിപ്പിക്കാനാണ് ശ്രമിച്ചത്. പാര്‍ട്ടിയെ ചതിച്ചിട്ട് മുന്നോട്ട് പോകാനായിരുന്നില്ല ശ്രമിച്ചത്. എന്റെ പ്രശ്നങ്ങള്‍ നാല് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പാര്‍ട്ടിയെ അറിയിച്ചതാണ്. എന്നാല്‍ യാതൊരു പരിരക്ഷയും കിട്ടാതായതോടെയാണ് ഇങ്ങനെയൊരു ശ്രമം ഇപ്പോള്‍ ഉണ്ടായത്. ഡിവൈഎഫ്ഐ നേതാവ് അരുണ്‍ അശോകനാണ് കൊണ്ടുപോയത്. പാര്‍ട്ടിയില്‍ തുടരുന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീട് ആലോചിച്ച് തീരുമാനെമെടുക്കും.'- കല രാജു പറഞ്ഞു.

എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാനിരിക്കെ യുഡിഎഫിന്റെ 11 കൗണ്‍സിലര്‍മാരും ഒരു സ്വതന്ത്രനും സിപിഐഎമ്മിന്റെ കൗണ്‍സിലര്‍ കല രാജുവും കൂടി നഗരസഭയ്ക്ക് മുന്നില്‍ വന്നിറങ്ങുമ്പോഴാണ് സംഭവം ഉണ്ടായത്. പോലീസിന്റെ സാന്നിധ്യത്തില്‍ യുഡിഎഫിന്റെ വനിതാ കൗണ്‍സിലര്‍മാരെയടക്കം ആക്രമിക്കുകയും ചെയര്‍പേഴ്സന്റെ വാഹനത്തില്‍ സിപിഎം കൗണ്‍സിലര്‍ കലാരാജുവിനെ കടത്തിക്കൊണ്ടു പോവുകയും ആയിരുന്നു. തങ്ങളുടെ ജീവന് ഭീഷണി ഉണ്ടെന്നു കാണിച്ച് പോലീസില്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും തങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടായപ്പോള്‍ പോലീസ് നോക്കി നില്‍ക്കുകയായിരുന്നു എന്നും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.