തിരുവനന്തപുരം: കേരളത്തെ നടുക്കിയ വനിതാ കുറ്റവാളികള്‍ നിരവധി പേര്‍. പലരും കൊലപാതകം നടപ്പിലാക്കിയ രീതി പോലും ഞെട്ടിക്കുന്നതാണ്. സമീപകാലത്തെ ചരിത്രം പരിശോധിച്ചാല്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. വൈകാരികമായ കാരണങ്ങളാണ് കൊടുംപാതകങ്ങളിലേയ്ക്ക് പലരേയും എത്തിക്കുന്നത്. ഇതിനു പിന്നിലെ മന:ശാസ്ത്രപരമായ സമീപനം കൂടി പരശോധിക്കേണ്ടതുണ്ട്.

ആണ്‍സുഹൃത്തിനെ വെട്ടിനുറുക്കി സ്യൂട്ട്് കേസിലാക്കിയ ഡോ: ഓമന, ഒന്നരവയസ്സുള്ള സ്വന്തം കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞു കൊന്ന സൗമ്യ, ഭര്‍തൃ പിതാവിനെ ക്വട്ടേഷന്‍ സംഘത്തിനെക്കൊണ്ട് കൊല്ലിച്ച ഷെറിന്‍. 18 വര്‍ഷങ്ങള്‍ക്കിടെ ആറ് പേരെ കൊല ചെയ്ത കൂടത്തായി ജോളി. കാമുകനെ വിഷം കൊടുത്തു കൊന്ന ശരണ്യ ഇങ്ങനെ നീളുന്നു കൊടും കുറ്റവാളികളായ സ്ത്രീകളുടെ പട്ടിക.

1996 ലാണ് കേരള മന:സാക്ഷിയെ ഞെട്ടിച്ച സ്യൂട്ട് കേസ് കൊല നടന്നത്. പ്രതി പയ്യന്നൂരിലെ പ്രശസ്ഥ നേത്രരോഗ വിദഗ്ധയായ ഓമന. അടുത്ത സുഹൃത്തും പയ്യന്നൂര്‍ സ്വദേശിയുമായ മുരളീധരനെ ഊട്ടിയില്‍ വച്ച് ഓമന കൊലപ്പെടുത്തുന്നു. ഉറ്റ സുഹൃത്തിനെ വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കി പുഴയില്‍ തള്ളുകയായിരുന്നു. അരും കൊല നടക്കുമ്പോള്‍ ഓമനയ്ക്ക് പ്രായം 43. വിവാഹ മോചനം നേടിയ ഇവര്‍ മലേഷ്യയിലായിരുന്നു. കൊലയ്ക്ക് ഒരാഴ്ച്ച മുമ്പ് കേരളത്തിലെത്തി. തുടര്‍ന്ന് മുരളീധരനെ ഫോണില്‍ വിളിച്ചു വരുത്തി ഒന്നച്ചു ഊട്ടിയിലേയ്ക്ക് യാത്ര തിരിച്ചു. ഊട്ടി റെയില്‍വേ സ്റ്റേഷന്റെ വിശ്രമ മുറിയില്‍ വച്ച് ഓമന മുരളീധരന്റെ ശരീരത്തില്‍ വിഷം കുത്തിവെച്ചു. ലോഡ്ജില്‍ മുറിയെടുത്ത് അബോധാവസ്ഥയിലായ മുരളീധരനെ വെട്ടിനുറുക്കി സ്യൂട്ട്കേസിലും ബാഗിലുമാക്കി. മുറി കഴുകി വൃത്തിയാക്കിയ ശേഷം ടാക്സി വിളിച്ചു കൊഡയ്ക്കനാലിലേയ്ക്കും, പിന്നീട് കന്യാകുമാരിയിലേയ്ക്കും യാത്ര പുറപ്പെട്ടു. കന്യാകുമാരിയിലെ ഡിണ്ടികലില്‍ വച്ചാണ് ഓമന പിടിയിലാകുന്നത്.

2009 നവംബര്‍ എട്ടിനാണ് ചെങ്ങന്നൂരിലെ ഭാസ്‌ക്കരന്‍ എന്ന വ്യക്തി വധിക്കപ്പെടുന്നത്. കേസിന്റ ചുരുളഴിഞ്ഞതോടെ കേരളക്കര ഞെട്ടി. സ്വത്തിനായി കാരണവരെ സുന്ദരിയായ മരുമകള്‍ ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട് കൊല്ലിച്ചു. അമേരിക്കയില്‍ നിന്നെത്തി വിശ്രമ ജീവിതത്തില്‍ കഴിയുന്ന വയോധികനെ കിടപ്പു മുറിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഷെറിനും ക്വട്ടേഷന്‍ സംഘാഗങ്ങളായ ഭാസിത്തലി, നിഥിന്‍, ഷാനൂര്‍ റഷീദ് തുടങ്ങിയവരും പിടിയിലായി.

18 വര്‍ഷത്തിനിടെ ആറ് അരും കൊലകള്‍. കൂടത്തായിലെ ജോളി കേരളത്തെ ഞെട്ടിച്ചത് ഇങ്ങനെയായിരുന്നു. ഭര്‍തൃമാതാവായ അന്നമ്മയെ കൊല ചെയ്തു തുടക്കം. പൊന്നാമ്മറ്റം തറവാട്ടിലെ താക്കോല്‍ സ്ഥാനം കൈക്കലാക്കാന്‍ ഭര്‍ത്താവിനെ ഉള്‍പ്പെടെ വക വരുത്തിയത് ആറു പേരെ.

കാമുകനെക്കൊണ്ട് സ്വന്തം കുഞ്ഞിനെയും ഭര്‍ത്തൃ മാതാവിനെയും കൊല ചെയ്യിപ്പിച്ച അനുശാന്തിയേയും മലയാളിക്ക് മറക്കാന്‍ കഴിയില്ല. 2014 ഏപ്രില്‍ മാസത്തിലായിരുന്നു സംഭവം. അനുശാന്തിക്കും കാമുകനും കോടതി ഇരട്ട ജീവപര്യന്തം വിധിച്ചു.

കണ്ണൂര്‍ പിണറായിയില്‍ മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസിലും വില്ലനായത് വിവാഹേതര ബന്ധമാണ്. ഒരു കുടുംബത്തിലെ നാലു പേരാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയത് സൗമ്യ എന്ന യുവതി. 2012 സെപ്തംബര്‍ മുതല്‍ നടന്ന കൊലകളില്‍ 2018 ഓടെ ജയില്‍ വളപ്പില്‍ ജീവനൊടുക്കി.

കാമുകനൊപ്പം ജീവിക്കാന്‍ ഒന്നര വയസ്സുള്ള സ്വന്തം മകനെ കടലില്‍ എറിഞ്ഞു കൊന്നത് 2020 ഫെബ്രുവരി 17 നായിരുന്നു. വീട്ടിലെ മുറിക്കുള്ളില്‍ അച്ഛന്‍ പ്രണവിനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ കാണാതെയാകുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കടല്‍ക്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മ ശരണ്യയുടെ വസ്ത്രത്തിന്റെ ഫൊറന്‍സിക് പരിശോധനയില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു.

എന്തായാലും കേരളത്തില്‍ വനിതാ കുറ്റവാളികള്‍ വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍. പെണ്‍ഗുണ്ടകളും പെണ്‍മാഫിയകളും പ്രൊഫഷണലായി തന്നെ കളം പിടിച്ചിരിക്കുന്നു. വിവാഹത്തട്ടിപ്പും ബ്ലാക് മെയിലിങ്ങും കോടികളുടെ സാമ്പത്തിക കുറ്റകൃത്യങ്ങളും ഉള്‍പ്പെടെ സ്ത്രീകള്‍ കണ്ണികളായ സംഭവങ്ങള്‍ നിരവധിയാണ്. ഇന്ന് ആര്‍ക്കും ആരെയും വിശ്വാസമില്ലാതെ ആയിരിക്കുന്നു. കേരളത്തില്‍ അടുത്തിടെയായി നടക്കുന്ന സംഭവ വികാസങ്ങള്‍ തന്നെയാണ് ഇതിന് കാരണം. ഒരു സ്ത്രീ ലിഫ്റ്റ് ചോദിച്ചാല്‍ പോലും കൊടുക്കാന്‍ ഭയമായി തുടങ്ങി ആളുകള്‍ക്ക്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പല നിയമങ്ങളും പല സ്ത്രീകളും ദുരുപയോഗം ചെയ്യുന്നു.

ഗ്രീഷ്മ നല്‍കിയ കഷായവും ജ്യൂസും കുടിച്ച് പാറശാല സ്വദേശി ഷാരോണ്‍ മരിക്കുന്നു. വാര്‍ത്ത വന്നപ്പോള്‍ മലയാളികള്‍ ആദ്യം വിശ്വസിച്ചില്ല. പാവം ഒരു പെണ്‍കുട്ടി ഇത് ചെയ്യുമെന്ന് കരുതിയില്ല. എന്നാല്‍ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്ത് 24 മണിക്കൂറിനകം എല്ലാം തെളിയിക്കുകയായിരുന്നു. കൊടും ക്രിമിനലുകളെ വെല്ലുന്ന ആസൂത്രിത നീക്കം നടത്തിയ ഗ്രീഷ്മ ഒടുക്കം പിടിച്ച് നില്‍ക്കാനാവാതെ കുറ്റം സമ്മതിക്കുകയിരുന്നു.

ഇന്ന് കേരളത്തിന്റെ പേടിപ്പെടുത്തുന്ന പേരായി മാറി കഴിഞ്ഞിരിക്കുകയാണ് ഇവള്‍. കീടനാശിനി ഒരു വ്യക്തിയുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് മൊബൈലില്‍ നിന്നും ഗൂഗിളില്‍ നിരന്തരം സെര്‍ച്ച് ചെയ്തതിന്റെ തെളിവുകള്‍ അടക്കം ചോദ്യം ചെയ്യലില്‍ പോലീസ് നിരത്തിയപ്പോള്‍ അതുവരെ ഞാനൊന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞ് പിടിച്ചു നിന്നവള്‍ കീഴടങ്ങി. ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതിന്റെ തെളിവുകള്‍ പോലീസിനു ലഭിക്കുന്നു.

എന്തായാലും ക്രൂരമായ കൊലപാതകങ്ങളും മറ്റു കുറ്റകൃത്യങ്ങളും ഉള്‍പ്പെടെ സ്ത്രീകള്‍ കണ്ണികളായ സംഭവങ്ങള്‍ കേരളത്തില്‍ കൂടിവരികയാണ്. അടുത്തകാലത്ത് നടന്ന പല കുറ്റകൃത്യങ്ങളും ആഡംബര ജീവിതം ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് കാണാം. എങ്ങനെയും പണമുണ്ടാക്കണം എന്ന ചിന്ത കുറ്റകൃത്യങ്ങളില്‍ സ്ത്രീയുടെ പങ്കാളിത്തം വര്‍ധിപ്പിച്ചു. കുറ്റകൃത്യങ്ങളില്‍ പ്രൊഫഷനല്‍ സ്വഭാവം ആര്‍ജിച്ചെടുത്തു. 1980 വരെയുള്ള പോലീസ് രേഖകളില്‍ പോക്കറ്റടി, മോഷണം, വ്യാജ വാറ്റ്, സ്വയരക്ഷക്കായി നടത്തിയ കൊലപാതകങ്ങള്‍ എന്നിവയായിരുന്നു സ്ത്രീകള്‍ പ്രതികളായ പ്രധാന കുറ്റങ്ങള്‍. അന്ന് സഹായിയുടെയും പ്രേരകയുടെയും റോള്‍ നിര്‍വഹിച്ചിരുന്ന സ്ത്രീകള്‍ ഇപ്പോള്‍ ആസൂത്രകരായി മാറി.

കുറ്റകൃത്യങ്ങളുടെ കാര്യത്തിലുണ്ടായ വര്‍ധനവ് പോലെ തന്നെ സ്ത്രീകളുടെ പങ്കാളിത്തത്തിലും ആനുപാതികമായ വര്‍ധനവുയുണ്ടായി. കുറ്റകൃത്യം ചെയ്യാനുള്ള മനോഭാവം സ്ത്രീകളില്‍ വര്‍ധിച്ചു. എന്നാല്‍ അവര്‍ക്കു ലഭിക്കുന്ന അമിത വാര്‍ത്താ പ്രാധാന്യം സ്ത്രീ കുറ്റവാളികള്‍ കൂടുന്നു എന്ന ചിന്തയിലേക്ക് സമൂഹത്തെ നയിക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കുമൊക്കെ ഈ അഭിപ്രായ രൂപവത്കരണത്തില്‍ ചെറുതല്ലാത്ത ഒരു പങ്കുമുണ്ട്.

സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥയാണ് മിക്ക സ്ത്രീകളെയും കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന പ്രധാന ഘടകം. എങ്ങനെയും പണമുണ്ടാക്കണം എന്ന ചിന്ത സമൂഹത്തില്‍ വ്യാപിച്ചതോടെയാണ് കുറ്റകൃത്യങ്ങളില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിച്ചത്. ആഡംബരത്തിന്റെയും പണത്തിന്റെയും പ്രലോഭനത്തില്‍ സത്രീകള്‍ എളുപ്പം വീണു പോകുകയും ചെയ്തു. സമൂഹത്തില്‍ പൊതുവിലുണ്ടായ ജീര്‍ണതകളുടെ തുടര്‍ച്ച തന്നെയാണ് സ്ത്രീകളുടെ ജീവിതത്തില്‍ വന്ന മാറ്റവും. ആര്‍ഭാട ജീവിതവും വലിയ വീടും കാറുമൊക്കെ സ്വപ്നം കണ്ട് കുറുക്കുവഴികള്‍ തേടിയതോടെ സ്ത്രീകളില്‍ കുറ്റവാസനയും കൂടി.

ചെറിയ കുറ്റകൃത്യങ്ങളിലൂടെ കുറച്ചുകാലത്തെ പ്രവര്‍ത്തനത്തിലൂടെ സ്ത്രീകളും ക്രമേണ പ്രൊഫഷണല്‍ സ്വഭാവം ആര്‍ജിച്ചെടുക്കുന്നു. ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ പ്രായത്തിലാണ് സ്ത്രീയും പുരുഷനും കുറ്റവാളിയായി മാറുന്നത്. കുറ്റവാളികളായ വനിതകളുടെ പ്രായപരിധി 18നും 50നും ഇടയിലാണ് എന്ന കാര്യം സ്ത്രീകളിലെ യുവസമൂഹത്തിലാണ് കുറ്റവാളികള്‍ കുടിവരുന്നത് എന്ന് വ്യക്തമാക്കുന്നു. ധാര്‍മിക മൂല്യച്യുതിയും ലക്ഷ്യപ്രാപ്തിയില്ലായ്മയും വഴിവിട്ട ജീവിതവും എല്ലാം കൂടി ഒത്തുചേരുമ്പോള്‍ ജയിലറകളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശന കവാടം ഒരുങ്ങുന്നു.