ഇസ്താംബുള്‍: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടിലെ ഹോട്ടലിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മരണം 66 ആയി. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബോലു പ്രവിശ്യയിലെ ഗ്രാന്റ് കര്‍ത്താല്‍ ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം. 12 നില കെട്ടിടത്തില്‍ റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്ന നിലയിലാണ് തീപ്പിടിത്തമുണ്ടായത്. വളരെ പെട്ടന്നുതന്നെ തീ മറ്റ് നിലകളിലേക്കും പടര്‍ന്നു. ഫയര്‍ ഡിറ്റക്ക്ഷന്‍ സംവിധാനം പരാജയപ്പെട്ടതാണ് തീ വ്യാപിക്കുന്നതിനിടയാക്കിയത്.

തീപിടിത്തമുണ്ടായതിന് പിന്നാലെ അതിഥികള്‍ കയറുപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ നിന്ന് രക്ഷപ്പെടാനായി ചിലര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനിടെ വീഴ്ച്ചയിലും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേര്‍ മരിച്ചത് ഇങ്ങനെയാണ്.

നിലവില്‍ തീ നിയന്ത്രണ വിധേയമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 12 നിലകളുള്ള ഗ്രാന്‍ഡ് കാര്‍ട്ടല്‍കയ എന്ന റിസോര്‍ട്ടിലായിരുന്നു തീപിടിത്തമുണ്ടായത്. 230 പേരെങ്കിലും ഹോട്ടലില്‍ താമസിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം തീ പിടിത്തത്തിനു കാരണം എന്താണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.

അര്‍ദ്ധരാത്രിയില്‍ ഹോട്ടലില്‍ നിന്ന് സഹായത്തിനായി നിലവിളി കൂട്ടുന്നത് കേട്ടുവെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. രക്ഷപ്പെടാനായി പുതപ്പുകളും കയറുകളുമാണ് അവര്‍ ആവശ്യപ്പെട്ടത്. കഴിയുന്ന സഹായം ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മരിച്ചവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ ഭയപ്പെടുന്നു. കെട്ടിടം തകരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.തീപിടിത്തമുണ്ടായപ്പോള്‍ റിസോര്‍ട്ടില്‍ല്‍ ഫയര്‍ അലാറം മുഴങ്ങിയില്ലെന്നും സ്‌മോക്ക് ഡിറ്റക്ടറുകള്‍ പ്രവര്‍ത്തിച്ചില്ലെന്നും രക്ഷപ്പെട്ടവര്‍ ഫറഞ്ഞു.

അഗ്‌നിബാധയില്‍ ജീവന്‍ നഷ്ടപ്പെട്ട ആളുകള്‍ക്ക് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ എക്സില്‍ പറഞ്ഞു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആറ് പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് നീതിന്യായ മന്ത്രി യില്‍മാസ് ടുങ്ക് പറഞ്ഞു. തീ പിടിത്തവുമായാ ബന്ധപ്പെട്ട് ഒഴിപ്പിച്ചവരെ സമീപത്തെ ഹോട്ടലുകളില്‍ പുനരധിവസിപ്പിച്ചു.

വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലാണ് വിനോദസഞ്ചാരികളുടെ പ്രധാനതാമസസ്ഥലമായ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. സംഭവസമയത്ത് 234 അതിഥികളാണ് ഹോട്ടലിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് ഹോട്ടലിലുണ്ടായിരുന്നവര്‍ ജനലിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതായി വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. തീ വ്യാപിച്ച റിസോര്‍ട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.