കോഴിക്കോട്: കോഴിക്കോട് പയ്യോളി തിക്കോടി കല്ലകത്ത് കടപ്പുറത്ത് നാല് പേര്‍ തിരയില്‍പെട്ട് മരിച്ച സംഭവത്തില്‍, ദുരന്തത്തിന്റെ ഞെട്ടല്‍ വിട്ടുമാറാതെ ജിന്‍സി. ജിന്‍സിയുള്‍പ്പെടെ അഞ്ച് പേരാണ് കൈ കോര്‍ത്തുപിടിച്ച് കടലിലിറങ്ങിയത്. അപകടത്തില്‍പെട്ട് നാല് പേര്‍ മരിച്ചു. ഒന്നിച്ചാണ് കടലിലേക്ക് ഇറങ്ങിയതെന്നും അതിനിടയില്‍ തിരയടിച്ചാണ് അപകടമുണ്ടായതെന്നും ജിന്‍സി വിതുമ്പി കരഞ്ഞുകൊണ്ട് പറഞ്ഞു.

''പെട്ടെന്നു വലിയ തിര വന്നു, എല്ലാവരെയും തിരയെടുത്തു, എത്ര നീന്തിയിട്ടും കരയിലേക്കു വരാന്‍ പറ്റുന്നില്ല.'' അപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട വയനാട് സ്വദേശി ജിന്‍സി പറയുന്നു. വൈകിട്ട് നാലിനായിരുന്നു അപകടം.

''ഞങ്ങളുടെ സംഘത്തില്‍ 26 പേരുണ്ടായിരുന്നു. രണ്ടുമൂന്നു സ്ഥലങ്ങളില്‍ പോയി ഉച്ചയായപ്പോഴാണു കടപ്പുറത്ത് എത്തിയത്. വെയിലായതിനാല്‍ ഭൂരിഭാഗം ആളുകളും വാഹനത്തില്‍ തന്നെ ഇരുന്നു. ഞങ്ങള്‍ 5 പേരാണു കടലില്‍ ഇറങ്ങിയത്. സാധാരണ കടലില്‍ ഇറങ്ങാറുള്ളതു പോലെ ഇറങ്ങി. കുറച്ചു ദൂരം മാത്രമേ മുന്നോട്ടു പോയുള്ളൂ. കുഴപ്പമൊന്നും തോന്നിയില്ല.

ഒരുമിച്ചാണ് എല്ലാവരും നിന്നത്. പെട്ടെന്നു വലിയ തിര വന്നു. ഞങ്ങളെ കടലിലേക്കു വലിച്ചു കൊണ്ടുപോയി. എത്ര നീന്തിയിട്ടും കരയിലേക്കു തിരിച്ചുവരാന്‍ പറ്റുന്നില്ലായിരുന്നു. ആഴ്ന്നാഴ്ന്ന്, കടലില്‍ മൂടിപ്പോകുന്നതു പോലെയാണ് അനുഭവപ്പെട്ടത്. കൂടെയുണ്ടായിരുന്നവര്‍ വിളിക്കുന്നതു ഞാന്‍ കണ്ടിരുന്നു. എന്റെ ബോധം മറഞ്ഞു. ആരോ വന്നു തലയില്‍ പിടിച്ചതു കൊണ്ടാണ് എന്നെ കിട്ടിയത്. ബാക്കിയുള്ളവരെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും അവരെ കിട്ടിയില്ല...'' ആശുപത്രിയിലുള്ള ജിന്‍സി കരച്ചിലോടെ പറഞ്ഞു.

ഞങ്ങളെല്ലാവരും സാധാരണ കടലിലിറങ്ങുന്നത് പോലെ തന്നെയാണ് ഇറങ്ങിയത്. കുറച്ച് മുന്നോട്ടിറങ്ങിയപ്പോള്‍ കുഴപ്പമൊന്നും തോന്നിയില്ല. ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് നിന്ന് ഇറങ്ങി. അപ്പോഴാണ് വലിയൊരു തിര വന്നത്. എത്ര നീന്തിയിട്ടും മുന്നോട്ട് പോരാന്‍ പറ്റിയില്ല. ആഴ്ന്നാഴ്ന്ന് മൂടിപ്പോയി. അവര് വിളിക്കുന്നത് ഞാന്‍ കണ്ടിരുന്നു. വിതുമ്പിക്കരഞ്ഞ് ജിന്‍സി പറയുന്നു.

കല്‍പ്പറ്റ ബോഡി ഷേപ്പ് എന്ന ജിമ്മിലെ 25 അംഗ സംഘമാണു കടല്‍ കാണാനെത്തിയത്. ഇവരില്‍ 5 പേര്‍ കടലില്‍ ഇറങ്ങുകയായിരുന്നു. തിരയില്‍പ്പെട്ടവരില്‍ ജിന്‍സിയെ കരയ്ക്കു കയറ്റാനായി. മറ്റു നാലു പേര്‍ തിരയില്‍ ഒലിച്ചുപോയെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

നാട്ടുകാരും മത്സ്യത്തൊഴിലാളികളും നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 3 പേരെ കരയില്‍ എത്തിച്ചു. ഇവരെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞാണു നാലാമത്തെയാളെ കടലിലെ പാറയില്‍ തങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇവരോട് കടലില്‍ ഇറങ്ങരുതെന്നു നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൈകോര്‍ത്തു പിടിച്ച് സംഘം കടലില്‍ ഇറങ്ങിയപ്പോള്‍ ആണ് അപകടം.

ഹരിതഗിരി ഹോട്ടല്‍ മാനേജര്‍ അമ്പിലേരി സ്വദേശി സതീശന്റെ ഭാര്യയാണു മരിച്ച വാണി. തരുവണ സ്വദേശി അനീസ ജിം ട്രെയിനറാണ്. പ്രാദേശിക രാഷ്ട്രീയ നേതാവാണ് ബിനീഷ്. 3 പേരുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ഒരാളുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലുമാണ്.

കടല്‍ ഉള്‍വലിഞ്ഞിട്ടുണ്ടെന്നും ആഴവും അടിയൊഴുക്കും ഉള്ളതിനാല്‍ ആരും ഇവിടെ ഇറങ്ങാന്‍ തയാറാവില്ലെന്നും തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് പറഞ്ഞു. ഇവരോട് കടലില്‍ ഇറങ്ങരുതെന്നു നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൈകോര്‍ത്തു പിടിച്ച് സംഘം കടലില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നും ജമീല വ്യക്തമാക്കി.