ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ടെലിഫോണിലൂടെ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപ് അധികാരമേറ്റ ശേഷം ഇതാദ്യമായാണ് മോദി സംസാരിക്കുന്നത്. ഫോണിലൂടെ ആശംസകളും അഭിനന്ദനങ്ങളും കൈമാറിയ പ്രധാനമന്ത്രി ഉഭയകക്ഷി വിഷയങ്ങളും ചര്‍ച്ച ചെയ്തതായാണ് വിവരം. അധികാരത്തിലെത്തിയതോടെ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ട്രംപ് ഉത്തരവിട്ടത് ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടയിലാണ് ട്രംപുമായി മോദി സംസാരിച്ചത്.

പ്രസിഡന്റായി അധികാരമേറ്റെടുത്ത് ഒരാഴ്ചയ്ക്കുശേഷം ട്രംപുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് പ്രിയസ്നേഹിതന് മോദി അഭിനന്ദനം അറിയിച്ചത്. ഇരുരാഷ്ട്രങ്ങള്‍ക്കും ഗുണകരമായതും വിശ്വസനീയവുമായ പങ്കാളിത്തത്തിന് ഇന്ത്യ എപ്പോഴും സന്നദ്ധമാണെന്നും മോദി സംഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു.

'എന്റെ പ്രിയസുഹൃത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായ സംസാരിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. അധികാരത്തിലെത്തിയ ചരിത്രപരമായ രണ്ടാമൂഴത്തിന് അദ്ദേഹത്തെ അഭിനന്ദനമറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായതും വിശ്വസനീയവുമായ പങ്കാളിത്തത്തിനായി ഇരുരാജ്യങ്ങളും സന്നദ്ധമാണ്. ഞങ്ങളുടെ ജനതയുടെ ക്ഷേമത്തിനായും ലോകസമാധാനം, ആഗോള അഭിവൃദ്ധി, ആഗോളസുരക്ഷ തുടങ്ങിയവയ്ക്കായും ഞങ്ങള്‍ സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിക്കും'. പ്രധാനമന്ത്രി എക്സ് പോസ്റ്റില്‍ കുറിച്ചു.

ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം ഇരുനേതാക്കളും തമ്മില്‍ നടത്തുന്ന ആദ്യ സംഭാഷണമാണിത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ട്രംപ് യു.എസിന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റത്. സ്ഥാനമേറ്റതിനു പിന്നാലെ തന്നെ അനധികൃതകുടിയേറ്റക്കാരെ രാജ്യത്തുനിന്ന് ഒഴിപ്പിക്കുന്നതുള്‍പ്പെടെ നിരവധി നിര്‍ണായക ബില്ലുകളിലും ട്രംപ് ഒപ്പുവെച്ചു. അനധികൃതമായി യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഒരുക്കമാണെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തി ഒരാഴ്ചയാകുമ്പോഴേക്കും നിരവധി വിവാദ തിരുമാനങ്ങളാണ് ഡോണള്‍ഡ് ട്രംപ് കൈക്കൊണ്ടത്. കുടിയേറ്റത്തിലും വിദേശ സഹായത്തിലുമെല്ലാം കടുത്ത തീരുമാനങ്ങള്‍ സ്വീകരിച്ച ട്രംപ് ഇപ്പോള്‍ അമേരിക്കന്‍ ഭരണ നിര്‍വഹണത്തിലും പൊളിച്ചെഴുത്ത് നടത്തുകയാണ്. ഇതിന്റെ ആദ്യ പടിയായി 12 ഫെഡറല്‍ നിരീക്ഷക സമിതികള്‍ പിരിച്ചുവിട്ടു. 12 ഫെഡറല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെ സമിതികളാണ് ഒറ്റയടിക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിരിച്ചുവിട്ടത്.

നാലു വര്‍ഷം കൊണ്ട് ബൈഡന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്തത് താന്‍ ഒരാഴ്ച കൊണ്ട് ചെയ്തെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് തീരുമാനം അറിയിച്ചത്. താന്‍ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയിട്ടേ ഉള്ളൂ എന്ന പ്രഖ്യാപനവും ട്രംപ് നടത്തി. എന്നാല്‍ ട്രംപിന്റെ ഈ നടപടി ഉദ്യോഗസ്ഥരുടെ രോഷത്തിനും നിയമപരമായ ആശങ്കകള്‍ക്കും കാരണമായിട്ടുണ്ട്. വിമര്‍ശകര്‍ ഇതിനെ 'ചില്ലിംഗ് ശുദ്ധീകരണം' എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരം പിരിച്ചുവിടലുകള്‍ക്ക് മുമ്പ് 30 ദിവസത്തെ നോട്ടീസ് നല്‍കണമെന്നാണ് നിയമമെന്നും വിമര്‍ശകര്‍ ചൂണ്ടികാട്ടി. എന്നാല്‍ ഒറ്റ ദിവസത്തിലാണ് ട്രംപ് നടപടി കൈക്കൊണ്ടത്. ഇത് നിയമപരമായി തെറ്റാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ട്രംപിന്റെ ആദ്യ ടേമിലാണ് ഇപ്പോള്‍ പിരിച്ചുവിട്ട ഇന്‍സ്‌പെക്ടര്‍ ജനറലുമാരില്‍ മിക്കവാറുമെല്ലാവരെയും നിയമിച്ചതെന്നാണ് വിവരം.