- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലവിളി മുഴക്കിയിട്ടും കേസെടുക്കാതെ ശാസിച്ച് വിട്ടത് പൊലീസിന്റെ ഗുരുതര വീഴ്ച; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ഒളിവില്‍പോയ ചെന്താമരയെ തിരഞ്ഞ് രാത്രിയിലും പൊലീസും നാട്ടുകാരും; പ്രതി അരക്കമലയില്‍ തന്നെ തുടരുന്നുവെന്ന് നിഗമനം; ഗുഹയിലും തിരച്ചില്‍; തിരുപ്പൂരിലും വ്യാപക പരിശോധന
ചെന്താമരയെ തിരഞ്ഞ് രാത്രിയിലും പൊലീസും നാട്ടുകാരും
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമര (58)യ്ക്കായി രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്ന് പൊലീസും നാട്ടുകാരും. നൂറിലധികം നാട്ടുകാര്‍ സംഘം ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് തെരച്ചില്‍ നടത്തുന്നത്. പ്രതി ഈ പ്രദേശത്തുണ്ട് എന്ന സൂചനയെ തുടര്‍ന്നാണ് നാട്ടുകാരും അന്വേഷണ സംഘത്തോടൊപ്പം ചേര്‍ന്നത്. യുവാക്കളുള്‍പ്പെടെ തെരച്ചിലിനെത്തിയിട്ടുണ്ട്. ഈ പരിസരത്ത് പ്രതിയെ ഒരാള്‍ കണ്ടുവെന്നതിന്റെ അടിസ്ഥാനത്തില്‍ നാല് സംഘമായി തെരച്ചില്‍ നടത്തുകയായിരുന്നുവെന്ന് നാട്ടുകാരന്‍ പറയുന്നു. അതേസമയം, പ്രതിയ്ക്കായി ഒരു കിലോമീറ്റര്‍ അപ്പുറത്തേക്കായി തെരച്ചില്‍ വ്യാപിപ്പിച്ചു.
2019ല്‍ സജിതയെ കൊലപ്പെടുത്തിയ പ്രതിയെ അരക്കമലയിലെ ഗുഹയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഈ ഗുഹയില്‍ ഇന്നു തിരച്ചില്‍ നടത്തിയെങ്കിലും ചെന്താമരയെ കണ്ടെത്താന്‍ സാധിച്ചില്ല. കൊലപാതകത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതി അരക്കമലയില്‍ തന്നെ തുടരുകയാണെന്നാണ് പൊലീസിന്റെ നിഗമനം. കയ്യില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാത്തതിനാല്‍ ചെന്താമരയ്ക്ക് മലയില്‍ അധിക നേരം തുടരാന്‍ സാധിക്കില്ലെന്നും പ്രതി ഉടന്‍ കാടിറങ്ങുമെന്നുമാണ് കണക്കുകൂട്ടല്‍. വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസിന്റെ അന്വേഷണം തുടരുകയാണ്. നെന്മാറ സ്റ്റേഷനിലെയും പാലക്കാട്ടെയും മുന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അനുഭവസമ്പത്തും അന്വേഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. അതിനിടെ ചെന്താമര മുന്‍പ് ജോലി ചെയ്തിരുന്ന തിരുപ്പൂരിലേക്ക് പുറപ്പെട്ട മറ്റൊരു അന്വേഷണ സംഘം ഇയാള്‍ക്കായി ഇവിടെ പരിശോധന വ്യാപകമാക്കി.
പോത്തുണ്ടി മലയടിവാരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് പൊലീസ് നടത്തിയത്. തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയില്‍ പരിശോധന നടത്തിയത്. ഫോണ്‍ ഉപേക്ഷിച്ച ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടിരിക്കുന്നത്.
പ്രതി ബസ് മാര്‍ഗമോ ട്രെയിന്‍ മാര്‍ഗമോ രക്ഷപ്പെടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. എന്നാല്‍ വീട്ടില്‍നിന്നും ലഭിച്ച പാതി ഒഴിഞ്ഞ വിഷക്കുപ്പി ചില സംശയങ്ങളിലേക്ക് പൊലീസിനെ നയിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ചെന്താമര ആത്മഹത്യക്ക് ശ്രമിച്ചിരിക്കാം എന്ന നിഗമനത്തിലേക്കാണ് പൊലീസിന്റെ അന്വേഷണം ഇപ്പോള്‍ നീങ്ങുന്നത്. ചെന്താമരയ്ക്കെതിരെ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാതിരുന്നത് വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ നെന്മാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകാനും സാധ്യതയുണ്ട്. നേരത്തെ പൊലീസിനെതിരെ സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
നെന്‍മാറ ഇരട്ടക്കൊലപാതത്തില്‍ പൊലീസിന്റെ ഭാഗത്തുണ്ടായത് ഗുരുതരവീഴ്ചയെന്നാണ് സംസ്ഥാന ഇന്‍്‌ലിജന്‍സ് റിപ്പോര്‍ട്ട്. ജാമ്യവ്യവസ്ഥ ലംഘിച്ച് നെന്‍മാറ പഞ്ചായത്തില്‍ പ്രവേശിച്ച ചെന്താമരയെ കൊലവിളി മുഴക്കിയിട്ടും കേസെടുക്കാതെ ശാസിച്ച് വിട്ടത് പൊലീസിന്റെ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ച്ചയുണ്ടായ സാഹചര്യത്തില്‍ നെന്‍മാറ പൊലീസിനെതിരെ നടപടി വന്നേക്കും. 2022 മെയ് മാസത്തിലാണ് പ്രതി ചെന്താമരാക്ഷാന് ജാമ്യം ലഭിച്ചത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായിരിക്കേയായിരുന്നു ജാമ്യം തേടി പ്രതി കോടതിയിലെത്തിയത്. നെന്‍മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധികളോടെയായിരുന്നു ജാമ്യം. പിന്നീട് ജാമ്യത്തില്‍ ഇളവ് തേടി 2023 ല്‍ പ്രതി വീണ്ടും കോടതിയില്‍ എത്തി. ഇതെ തുടര്‍ന്നാണ് നെന്‍മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന് ജാമ്യ വ്യവസ്ഥ നവീകരിച്ചത്. എന്നാല്‍ ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പോത്തുണ്ടിയിലെ ബോയന്‍ കോളനിയിലെ വീട്ടിലെത്തിയത്.
കഴിഞ്ഞ ഡിസംബര്‍ 29 ന് പ്രതി വധഭീഷണി മുഴക്കുന്നുവെന്ന പരാതിയുമായി കൊല്ലപ്പെട്ട സുധാകരനും മകളും നെന്‍മാറ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. സുധാകരനും കുടുംബവും ചെന്താമരയ്ക്ക് എതിരെ പരാതി നല്‍കിയിട്ടും കേസെടുത്തില്ല. ജാമ്യ വ്യവസ്ഥയുടെ ലംഘനത്തില്‍ തുടര്‍ നടപടിയും എടുത്തില്ല. താക്കീത് ചെയ്യലില്‍ കൂടുതലൊന്നും ചെയ്തില്ലെന്ന കുറ്റസമ്മതവും പൊലീസ് നടത്തുണ്ട്. തങ്ങള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കൃത്യമായ നടപടി എടുത്തിരുന്നെങ്കില്‍ അതിക്രൂരമായ ഇരട്ടക്കൊലപാതകം സംഭവിക്കില്ലായിരുന്നുവെന് നാട്ടുകാര്‍ പറയുന്നു.
പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. കൊടുവാള്‍ കണ്ടെത്തിയതിന് തൊട്ടടുത്ത് നിന്നാണ് വിഷക്കുപ്പിയും കണ്ടെത്തിയത്. പകുതിയൊഴിഞ്ഞ നിലയിലാണ് കുപ്പി. പലവിധ നിഗമനങ്ങളിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്. അതിലൊന്ന് ഒന്നുകില്‍ കൃത്യത്തിന് ശേഷം പ്രതി കാട്ടിലേക്ക് ഒളിച്ചുപോയിരിക്കാം. അല്ലെങ്കില്‍ തിരുപ്പൂരിലെ ബന്ധുവീട്ടിലേക്ക് പോയിരിക്കാം. പൊലീസിന്റെ നിഗമനത്തില്‍ മറ്റൊന്ന് വിഷം കഴിച്ച് പ്രതി അടുത്ത പ്രദേശത്തെവിടെയെങ്കിലും കിടക്കുന്നുണ്ടാകാം എന്നാണ്. ഈ സംശയം മുന്‍നിര്‍ത്തിയാണ് പൊലീസ് സമീപപ്രദേശങ്ങളിലാകെ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിയെ ഉടന്‍ തന്നെ പിടികൂടാന്‍ സാധിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.